'CBI, വെര്‍ച്വല്‍ അറസ്റ്റ്', സംഗീതസംവിധായകന്‍ ജെറി അമല്‍ദേവില്‍നിന്ന് പണം തട്ടാന്‍ശ്രമം

കൊച്ചി: സംഗീതസംവിധായകന്‍ ജെറി അമല്‍ദേവില്‍നിന്ന് പണം തട്ടാന്‍ സൈബര്‍ തട്ടിപ്പുകാരുടെ ശ്രമം. സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഫോണില്‍വിളിച്ച തട്ടിപ്പുസംഘം, വെര്‍ച്വല്‍ അറസ്റ്റ് ചെയ്‌തെന്ന് പറഞ്ഞാണ് പണംതട്ടാന്‍ ശ്രമിച്ചത്. ബാങ്ക് ജീവനക്കാരുടെ ഇടപെടലിലൂടെയാണ് സംഭവം തട്ടിപ്പാണെന്ന് ജെറി അമല്‍ദേവിന് ബോധ്യപ്പെട്ടത്. ഇതോടെ അക്കൗണ്ടിലെ പണം നഷ്ടമാകാതെ സംരക്ഷിക്കാനായി.
കഴിഞ്ഞദിവസമാണ് സി.ബി.ഐ. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി തട്ടിപ്പുസംഘം ജെറി അമല്‍ദേവിനെ ഫോണില്‍വിളിച്ചത്. കേസുണ്ടെന്നും അക്കൗണ്ടിലുള്ള മൂന്നുലക്ഷം രൂപ ഉടന്‍തന്നെ തങ്ങള്‍ നിര്‍ദേശിക്കുന്ന മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. താങ്കള്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്നും ഫോണ്‍വിളിച്ചവര്‍ ജെറി അമല്‍ദേവിനോട് പറഞ്ഞിരുന്നു. ഇതോടെ പരിഭ്രാന്തനായ ജെറി അമല്‍ദേവ് ബാങ്കിന്റെ ശാഖയിലെത്തി. ഉടന്‍തന്നെ അക്കൗണ്ടിലെ പണം മാറ്റണമെന്ന് ബാങ്ക് ജീവനക്കാരോട് ആവശ്യപ്പെട്ടു. തട്ടിപ്പുസംഘം നല്‍കിയ അക്കൗണ്ട് നമ്പറും കൈമാറി.
ബാങ്ക് മാനേജര്‍ ഈ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ ഡല്‍ഹിയിലെ അക്കൗണ്ടാണെന്ന് കണ്ടെത്തി. സംഭവം തട്ടിപ്പാണെന്ന് മനസിലായതോടെ ബാങ്ക് മാനേജര്‍ ഇക്കാര്യം ജെറി അമല്‍ദേവിനെ അറിയിച്ചെങ്കിലും അദ്ദേഹത്തിന് ബോധ്യപ്പെട്ടില്ല. താന്‍ വെര്‍ച്വല്‍ അറസ്റ്റിലാണെന്നും പണം ഉടന്‍ കൈമാറണമെന്നുമായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചത്. ഇതോടെ ബാങ്ക് മാനേജര്‍ പരിചയത്തിലുള്ള പോലീസ് ഉദ്യോഗസ്ഥനെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസുകാരന്‍ സംസാരിച്ചതോടെയാണ് ജെറി അമല്‍ദേവിന് കാര്യങ്ങള്‍ ബോധ്യപ്പെട്ടത്.
Content Highlights: cyber fraudsters attempt to loot money from music director jerry amaldev