‘37 വെട്ടുകൾ, കൊല്ലാൻ ഒരുവെട്ട് പോരേ, അതിക്രൂര കൊലപാതകം’; ഇറച്ചിവെട്ടുന്ന കടയിൽപോലും നടക്കാത്തതെന്ന് ജഡ്ജി

#ന്യൂസ് ഡെസ്ക്
സി.വി. ധനരാജ് | Photo: Facebook
സി.വി. ധനരാജ് | Photo: Facebook

തളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.എം. രാമന്തളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിഭാഗത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ. പ്രശാന്ത്. ഇത് സമരംചെയ്ത കേസല്ലെന്നും ധനരാജ് സ്വയം വെട്ടിമരിച്ചതല്ലെന്നും പറഞ്ഞ ജഡ്ജി, പ്രതിഭാഗം വക്കീലുമായി വലിയ വാദപ്രതിവാദത്തിലുമേർപ്പെട്ടു. കേസിൽ വിചാരണ നേരിട്ട 19 പ്രതികളിൽ ഒന്നും രണ്ടും മൂന്നും പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തി. കേസിൽ ബുധനാഴ്ചയാണ് വിധി പ്രഖ്യാപിക്കുക.

ഗൂഢാലോചനാക്കുറ്റം പൂർണമായി തെളിയിക്കാൻ സാധിക്കാത്തതിനെ തുടർന്ന് ബാക്കി 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് കോടതി വെറുതേവിട്ടത്. ഒന്നാംപ്രതി ടി.പി. ബിജു, രണ്ടാംപ്രതി വിപിൻ, മൂന്നാംപ്രതി വൈശാഖ് എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 20 ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ് കേസിൽ പ്രതികൾ. ഇതിൽ ഒരാൾ കൊല്ലപ്പെട്ടു. ബാക്കി 19 പേരാണ് വിചാരണ നേരിട്ടത്. കൊടുവാളും കത്തിയും ഉപയോഗിച്ചാണ് പ്രതികൾ ധനരാജിനെ ക്രൂരമായി കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്.

ധനരാജിന്റെ ശരീരത്തിൽ 37 വെട്ടുകൾ ഏൽപ്പിച്ചുള്ള ക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് കോടതി നിരീക്ഷിച്ചു. തെളിവുകളായ വസ്ത്രങ്ങളും വാഹനങ്ങളും ആയുധങ്ങളും കോടതിയിൽ ഹാജരാക്കുന്നതിൽ കാലതാമസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവയെല്ലാം കൃത്യമായ തെളിവുകളായി കോടതി സ്വീകരിച്ചു. ധനരാജിന്റെ വീട്ടുപറമ്പിൽവെച്ച് സംഭവദിവസം രാത്രി 9.45-ഓടെ നടന്ന കൊലപാതകത്തിന് ദൃക്‌സാക്ഷികളായ ഭാര്യ സജിനി, മാതാവ് മാധവി എന്നിവരുടെ മൊഴികളാണ് കോടതി പ്രധാനമായും മുഖവിലയ്‌ക്കെടുത്തത്.

പ്രതികൾ തമ്മിൽ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കോടതി അംഗീകരിക്കാത്തതാണ് പ്രോസിക്യൂഷന് പ്രധാനമായും തിരിച്ചടിയായത്. വിധി പകർപ്പ് ലഭിച്ചശേഷം അത് വിശദമായി പഠിച്ച് ഗൂഢാലോചനയിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കുകൂടി ശിക്ഷ വാങ്ങിനൽകുന്നതിനായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സി.കെ. ശ്രീധരൻ വ്യക്തമാക്കി. വിധി കേൾക്കുന്നതിനായി ധനരാജിന്റെ ഭാര്യ സജിനിയും കോടതിയിൽ എത്തിയിരുന്നു, എന്നാൽ, അവർ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ തയ്യാറായില്ല.

കണ്ണൂർ ജില്ല രാഷ്ട്രീയ കൊലപാതകങ്ങളുടെ ഒരു കേന്ദ്രമാണെന്നും ഇത് രാഷ്ട്രീയ പ്രേരിതമായ കേസ് മാത്രമാണെന്നും ആയിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച പ്രധാന വാദം. ഇപ്പോൾ കുറ്റക്കാരാണെന്ന് വിധിച്ചിരിക്കുന്നവരല്ല കേസിലെ യഥാർത്ഥ പ്രതികളെന്നും പോലീസ് കള്ളത്തരത്തിലൂടെ പ്രതിചേർത്ത ആളുകളാണ് ഇവരെന്നും പ്രതിഭാഗം അഭിഭാഷകൻ ആരോപിച്ചു. ഇതിനുപിന്നാലെയാണ് ജഡ്ജി പ്രതിഭാഗത്തിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചത്.

'കണ്ടനാർ കേളൻ തെയ്യവും മറ്റുമായി ബന്ധപ്പെട്ട ഒരു സാംസ്‌കാരിക കേന്ദ്രമാണ് രാമന്തളി. അങ്ങനെയുള്ള ഒരു സ്ഥലത്താണ് ഇതുപോലൊരു നിഷ്ടൂര കൊലപാതകം നടന്നത്' എന്ന വാചകത്തോടെയാണ് ജഡ്ജി വിധിപ്രസ്താവം തുടങ്ങിയത്. അങ്ങനെയുള്ള ഒരു സ്ഥലത്തുനടന്ന ഇത്തരമൊരു കൊലപാതകത്തെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. ഒരു മനുഷ്യൻ ഏറ്റവും സുരക്ഷിതമായി ഇരിക്കേണ്ട ഇടമാണ് വീടെന്നും അതേ വീട്ടിൽവെച്ചാണ് ഈ ക്രൂരമായ കൊലപാതകം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുഞ്ഞുറങ്ങുന്ന മുറിക്കകത്തുവരെ ചോര തെറിക്കുന്ന സാഹചര്യമുണ്ടായെന്നും കൊല്ലാനാണെങ്കിൽ തന്നെ ഒരു വെട്ട് പോരേ, ഇറച്ചിവെട്ടുന്ന കടയിൽ പോലും നടക്കാത്ത തരത്തിൽ 37 വെട്ടുവെട്ടിയാണ് ധനരാജിനെ കൊലപ്പെടുത്തിയത് എന്നും ജഡ്ജി പറഞ്ഞു. 'ഇത് സമരംചെയ്ത കേസല്ല, ധനരാജ് സ്വയം വാളെടുത്ത് കുത്തി മരിച്ചതുമല്ല, മറിച്ച് ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസാണ്. 37 വെട്ടുകളാണ് ധനരാജിനെ വെട്ടിയത്. ഒരു മനുഷ്യനെ കൊല്ലണമെന്ന് തീരുമാനിക്കുകയാണെങ്കിൽത്തന്നെ ഒരു വെട്ടു പോരെ?', കോടതി ചോദിച്ചു.

ഒരു ഘട്ടത്തിൽ പ്രോസിക്യൂഷനെയും കോടതി വിമർശിച്ചു. കേസിലെ ഓരോ രേഖകളും- തെളിവുകളും ആയുധങ്ങളും വസ്ത്രങ്ങളുമാണെങ്കിലും ആയുധങ്ങൾ സംബന്ധിച്ച വിവരങ്ങളാണെങ്കിലും- കോടതിയിൽ ഹാജരാക്കുന്നതിന് കാലതാമസം ഉണ്ടായി എന്ന് കോടതി വിമർശിച്ചു. അതേസമയം, അതൊക്കെ കൃത്യമായ തെളിവുകളായി സ്വീകരിക്കുകയാണെന്നും കോടതി വ്യക്തമാക്കി. കേസിൽ അപ്പീൽ പോകുമെന്ന് പ്രതിഭാഗവും പ്രോസിക്യൂഷനും വ്യക്തമാക്കിയിട്ടുണ്ട്. 

Content Highlights: The Thaliparamba Additional Sessions Court criticized the defense in the murder case of C.V. Dhanaraj, finding three out of 19 accused guilty, while 16 were acquitted due to insufficient evidence of conspiracy. The court highlighted the brutal nature of the murder, noting 37 stab wounds on Dhanaraj, and emphasized the importance of witness testimonies from Dhanaraj's wife and mother. Both the prosecution and defense plan to appeal, with the prosecution aiming to convict more individuals involved in the alleged conspiracy.