പൊതുവാഹനങ്ങളിൽ ഡ്രൈവർമാരായി കുറ്റവാളികളും; പോക്സോ, കാപ്പ പ്രതികളുടെ ലൈസൻസ് റദ്ദാക്കുന്നില്ല

തിരുവനന്തപുരം: കൊടും ക്രിമിനലുകളായ കാപ്പ പ്രതികൾവരെ പൊതുവാഹനങ്ങളിലെ ഡ്രൈവർമാരായി നിരത്തിലെത്തുന്നു. മയക്കുമരുന്ന് കടത്തുകാർ, കുട്ടികളെയും സ്ത്രീകളെയും ആക്രമിച്ച കേസുകളിലെ പ്രതികൾ തുടങ്ങി സ്ഥിരം ക്രിമിനലുകളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ വ്യവസ്ഥയുണ്ടെങ്കിലും പോലീസ് അത്തരമൊരു നടപടിക്ക് മുതിരാറില്ല.
മദ്യപിച്ച് വാഹനം ഓടിക്കൽ, മൊബൈൽഫോൺ ഉപയോഗം, അലക്ഷ്യമായ ഡ്രൈവിങ് എന്നിവയിൽ മാത്രമായി സസ്പെൻഷൻ ഒതുങ്ങും. സ്ഥിരംകുറ്റവാളികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടാവുന്നതാണ്. കോടതിവഴിയും അപേക്ഷ നൽകാം. യാത്രക്കാരെ ഉപദ്രവിക്കുന്നത് ഉൾപ്പെടെ 24 കുറ്റങ്ങൾക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ വ്യവസ്ഥയുണ്ട്.
മിനിവാനുകൾവരെ ഓടിക്കാൻ അനുമതി നൽകുന്ന ലൈറ്റ് മോട്ടോർ വെഹിക്കിൾ വിഭാഗത്തിന് ബാഡ്ജ് ഒഴിവാക്കിയതോടെ ലൈസൻസുള്ള ഏത് വ്യക്തിക്കും പൊതുവാഹനങ്ങളിലെ ഡ്രൈവർമാരാകാനാകും. നേരത്തേ ബാഡ്ജ് ലഭിക്കാൻ സ്വഭാവസർട്ടിഫിക്കറ്റ് വേണ്ടിയിരുന്നു. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയതിനെത്തുടർന്നാണ് ഹെവി വാഹനങ്ങൾക്ക് മാത്രമായി ബാഡ്ജ് ചുരുക്കിയത്.
നിരത്തിലെ ചെറിയ വാക്‌തർക്കങ്ങൾപോലും അക്രമത്തിലേക്ക് നീങ്ങുന്ന (റോഡ് റേജ്) പ്രവണത സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഡ്രൈവർമാരാകുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണ്.
പെട്ടെന്ന് പ്രകോപിതരാകുന്ന, ആയുധം കൈവശം സൂക്ഷിക്കുന്നവർവരെ പൊതുവാഹനങ്ങളുമായി നിരത്തിലെത്തുന്നുണ്ട്. അടുത്തിടെ തിരുവനന്തപുരത്ത് കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയും കാപ്പ തടവുകാരനുമാണ്. ഇയാളുടെ ലൈസൻസ് റദ്ദാക്കിയിരുന്നില്ല.2021-നുശേഷം കാപ്പയിൽ 1028 പേരെ കരുതൽ തടങ്കലാക്കിയിട്ടുണ്ട്. 1100 പേരെക്കൂടി പട്ടികയിൽപ്പെടുത്താനുള്ള നടപടി പുരോഗമിക്കുകയാണ്. നാടുകടത്തിയ 97 പേർ തിരികെയെത്തി വീണ്ടും അക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
സ്ഥിരം മയക്കുമരുന്ന് കടത്തുകാരായ 2100 പേരുടെ പട്ടിക എക്സൈസിനുണ്ട്. ഇവരിൽ ഏത്രപേർ പൊതുവാഹനങ്ങളിലെ ഡ്രൈവർമാരായി രംഗത്തുണ്ടെന്ന് പരിശോധിച്ചിട്ടില്ല.
Content Highlights: criminals include Kaapa accused also Drivers in public transport