സഹപ്രവർത്തകയുടെ അശ്ലീലചിത്രം പ്രചരിപ്പിച്ചു; സി.പി.എം. ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് നീക്കി

#ന്യൂസ് ഡെസ്ക്
മധു മുതിയക്കാല്‍
മധു മുതിയക്കാല്‍

കാസർകോട്: പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സി.പി.എം. ഏരിയ സെക്രട്ടറിക്കെതിരേ നടപടി. ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാലിനെ സ്ഥാനത്തുനിന്ന് നീക്കി. ഇയാൾ സ്വയം സ്ഥാനമൊഴിഞ്ഞതാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. പി.വി. രാജേന്ദ്രനാണ് പുതിയ ഏരിയാ സെക്രട്ടറി.

മാസങ്ങൾക്ക് മുൻപാണ് ഇയാൾ സഹപ്രവർത്തകകൂടിയായ പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും പാർട്ടി പ്രവർത്തകർക്കിടയിൽനിന്നടക്കം വലിയ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തു.

പാർട്ടി വിപുലീകൃത കമ്മിറ്റി ചേരുമ്പോൾ മധുവിനെതിരേ അച്ചടക്ക നടപടിയുണ്ടാവുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാൽ മധു മുതിയക്കാലിനെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയാണെന്നാണ് സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റി നൽകുന്ന ഔദ്യോഗികമായ വിശദീകരണം.

മധു സി.പി.എം. കാസർകോട് ജില്ലാ കമ്മിറ്റിയംഗംകൂടിയാണ്. ഈ സ്ഥാനത്തുനിന്നും മാറ്റിയേക്കുമെന്ന് സൂചനയുണ്ട്.