വില്ലേജ് ഓഫീസില്‍നിന്നും സ്‌കൂളില്‍നിന്നും മോട്ടോര്‍പമ്പുകള്‍ മോഷ്ടിച്ചു; ദമ്പതിമാര്‍ അറസ്റ്റില്‍

രാജേഷും താരയും
രാജേഷും താരയും

മാന്നാര്‍(ആലപ്പുഴ): എണ്ണയ്ക്കാട് വില്ലേജ് ഓഫീസ്, എണ്ണയ്ക്കാട് ഗവ. എല്‍.പി. സ്‌കൂള്‍ ഉള്‍പ്പെടെ ബുധനൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നു മോട്ടോര്‍ പമ്പ് മോഷ്ടിച്ച കേസില്‍ ദമ്പതിമാരെ മാന്നാര്‍ പോലീസ് അറസ്റ്റുചെയ്തു. ഹരിപ്പാട് കാര്‍ത്തികപ്പള്ളി മഹാദേവികാട് കൈമൂട്ടില്‍ രാജേഷ് (41), ഭാര്യ താര (29) എന്നിവരാണു പിടിയിലായത്. ഇവര്‍ ബുധനൂരില്‍ പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു.

ഇപ്പോള്‍ താമസിക്കുന്ന എണ്ണക്കാട് ഗ്രാമത്തിലെ വാടകവീട്ടില്‍നിന്നാണ് കഴിഞ്ഞദിവസം രാത്രി പോലീസ് പിടികൂടിയത്. ഒരാഴ്ചയ്ക്കു മുന്‍പാണ് എണ്ണക്കാട് വില്ലേജ് ഓഫീസിലെയും തൊട്ടടുത്തുള്ള ഗവ. എല്‍.പി സ്‌കൂളിലെയും പമ്പ് മോഷണം പോയത്.

മോഷണം നടന്ന സ്ഥലത്തും മറ്റിടങ്ങളിലും സി.സി.ടി.വി. ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്കെത്തിയത്. ആകെ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

ചെറുകോല്‍, പെരിങ്ങലിപ്പുറം, ബുധനൂരിലെ നിര്‍മാണം നടക്കുന്ന വീടുകളിലെയും പമ്പ് ഇവര്‍ മോഷ്ടിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു. മോഷ്ടിച്ചുവിറ്റ പമ്പുകള്‍ പരുമലയിലെ ആക്രിക്കടയില്‍നിന്നു പോലീസ് കണ്ടെടുത്തു. പ്രതികളെ റിമാന്‍ഡുചെയ്തു.

Content Highlights: couple arrested for motor pump theft mannar alappuzha