റോഡിൽ നാടൻ ബോംബ്; കണ്ടത് വൃത്തിയാക്കുമ്പോൾ, ബക്കറ്റിലെ വെള്ളത്തിലിട്ടു

#ന്യൂസ് ഡെസ്ക്
വീട്ടുമുറ്റത്ത് കണ്ടെത്തിയ ബോംബ്
വീട്ടുമുറ്റത്ത് കണ്ടെത്തിയ ബോംബ്

കഴക്കൂട്ടം(തിരുവനന്തപുരം): കുളത്തൂർ മുക്കോലയ്ക്കൽ ജങ്ഷനു സമീപം പഴയ വി.എസ്.എസ്.സി. റോഡിൽ ജനവാസമേഖലയിൽ നാടൻ ബോംബ് കണ്ടെത്തി. ശനിയാഴ്ച വൈകീട്ട് 4 മണിയോടെ വി.എസ്.എസ്.സി. റോഡിലെ വീടിന്റെ മുൻഭാഗം വൃത്തിയാക്കുന്നതിനിടെയാണ് നാടൻ ബോംബ് കണ്ടത്.

ഉടനെ വീട്ടുകാർ ബോംബ് ബക്കറ്റിലെ വെള്ളത്തിലിട്ടശേഷം തുമ്പ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുമ്പ പോലീസ് സ്ഥലത്തെത്തി ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തി. തുടർന്ന് ബോംബ് കുളത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലെത്തിച്ച് നിർവീര്യമാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സുരക്ഷാസംവിധാനത്തോടെ ബോംബ് സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയിരിക്കുകയാണ്. ഞായറാഴ്ച ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിർവീര്യമാക്കുമെന്നാണ് പോലീസ് പറയുന്നത്. ഇതിനുശേഷം സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചാലേ സ്‌ഫോടകവസ്തുവിന്റെ വീര്യം സംബന്ധിച്ച് വ്യക്തമാകുവെന്ന് പോലീസ് അറിയിച്ചു.

ഐ.ടി. മേഖലയിലെ ജീവനക്കാരും സാധാരണക്കാരും ഏറെയുള്ള ജനവാസമേഖലയിൽ ബോംബ് കണ്ടെത്തിയത്‌നാട്ടുകാരെ കടുത്ത ആശങ്കയിലാക്കി.

Content Highlights: Unexploded country-made bomb found in residential area near VSSC road., Bomb discovered during cleaning work by residents., Thumba police and bomb squad secured the site., Scientific analysis pending to determine explosive intensity., Incident has caused significant concern among local IT professionals and residents.