സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ച പണം തുമ്പായി; ഈരാറ്റുപേട്ടയിൽ രണ്ടേകാൽ ലക്ഷത്തിന്റെ കള്ളനോട്ട് പിടികൂടി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: ഈരാറ്റുപേട്ടയില്‍ രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് പിടികൂടി. കേസില്‍ മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കറന്‍സികളുടെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഈരാറ്റുപേട്ട പോലീസ് അറിയിച്ചു.

ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശികളായ അന്‍വര്‍ ഷാ (24), മുഹമ്മദ് അല്‍ഷാം(24), ഫിറോസ് (23), എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതി അന്‍വര്‍ ഷായുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 2,24,000 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തി. ഇയാള്‍ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ച നോട്ടുകളില്‍ ഒമ്പതു കള്ളനോട്ടുകള്‍ കിട്ടി. ഇതേ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് അന്‍വര്‍ ഷായുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. 500 രൂപയുടെ 448 നോട്ടുകള്‍ വീട്ടില്‍നിന്ന് കണ്ടെടുത്തു. പാലാ ഡിവൈ.എസ്.പി. കെ. സദന്റെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യംചെയ്ത ശേഷം അറസ്റ്റുരേഖപ്പെടുത്തി. പ്രതികള്‍ക്ക് എവിടെ നിന്നും കള്ളനോട്ട് കിട്ടി എന്നത് അടക്കമുള്ള കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് അറിയിച്ചു.

Content Highlights: Erattupetta police seized counterfait notes of 240,000 rupee