കുഴല്‍പ്പണം പൂഴ്ത്തിയ കേസ്: പോലീസുകാരെ കവര്‍ച്ചയ്ക്ക് സഹായിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കല്പറ്റ: വൈത്തിരി സ്റ്റേഷനിലെ എസ്എച്ച്ഒ ഉള്‍പ്പെടെ കുഴല്‍പ്പണം പിടികൂടി പൂഴ്ത്തിയ സംഭവത്തില്‍ പോലീസുകാരെ സഹായിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. വൈത്തിരി വട്ടവയല്‍ ആനോത്തുവീട്ടില്‍ എ.എം. റിയാസ് (41) ആണ് അറസ്റ്റിലായത്.
കുഴല്‍പ്പണം ഇടപാട് നടക്കുന്നതായുള്ള വിവരം പോലീസിനെ അറിയിക്കുകയും പിടികൂടിയ പണം പൂഴ്ത്തിവെക്കാന്‍ സഹായിക്കുകയും കേസിലെ ഒന്നാംപ്രതിയായ എസ്എച്ച്ഒ അനില്‍കുമാറില്‍നിന്ന് പണം കൈപ്പറ്റുകയും ചെയ്തതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് എ.എം. റിയാസിന്റെ അറസ്റ്റ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
സെപ്റ്റംബര്‍ 15-ന് ചുണ്ടേലില്‍വെച്ചാണ് പോലീസ് കുഴല്‍പ്പണമായ 3,37,500 രൂപ പിടികൂടിയത്. മലപ്പുറം സ്വദേശികള്‍ക്ക് കൈമാറാനായി ചുണ്ടേല്‍ സ്വദേശിയായ യുവാവ് കൊണ്ടുവന്ന പണമായിരുന്നു ഇത്. ഈ പണമിടപാടിനെക്കുറിച്ച് വിവരം നല്‍കിയതും കവര്‍ച്ചയ്ക്ക് പോലീസിനെ സഹായിച്ചതും റിയാസാണെന്നാണ് കണ്ടെത്തല്‍. എസ്എച്ച്ഒ അനില്‍കുമാറിനെ കൂടാതെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുല്‍ ഷുക്കൂര്‍, ബിനീഷ്, അബ്ദുല്‍ മജീദ് എന്നിവരും കേസില്‍ ഉള്‍പ്പെട്ടവരാണ്. നാല് പോലീസ് ഉദ്യോഗസ്ഥരെയും നേരത്തേതന്നെ ജില്ലാ പോലീസ് മേധവി തപോഷ് ബസുമതാരിയുടെ റിപ്പോര്‍ട്ട് പ്രകാരം ഉത്തരമേഖലാ ഐജി രാജ്പാല്‍ മീണ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടരന്വേഷണത്തില്‍ പോലീസുകാരുടെ പേരില്‍ കവര്‍ച്ചക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. എസ്എച്ച്ഒ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അബ്ദുല്‍ഷുക്കൂര്‍ എന്നിവരുള്‍പ്പെടെ മൂന്നുപേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.
ചുണ്ടേല്‍ സ്വദേശിയായ യുവാവ് എത്തിച്ച പണം കൈപ്പറ്റാനെത്തിയ സംഘത്തിലെ ഒരാളായ കൊണ്ടോട്ടി സ്വദേശിയെ പോലീസ് മര്‍ദിച്ചതായി പരാതിയുണ്ടായിരുന്നു. ഇയാളുടെ മൊഴിപ്രകാരമായിരുന്നു കേസെടുത്തത്.
Content Highlights: A Congress worker has been arrested for allegedly helping police officers hoard seized unaccounted cash. He is accused of facilitating the crime and receiving money from the SHO involved.