രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയ്ക്കെതിരേ സെെബർ അധിക്ഷേപം; മഹിളാ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിയ്ക്കൻ അറസ്‌റ്റിൽ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതിക്കാരിയെ അധിക്ഷേപിച്ച് ഇവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. പത്തനംതിട്ട സൈബർ പൊലീസാണ് രഞ്ജിതയെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാവകുപ്പ് ചുമത്തി രണ്ട് കേസുകളാണ് രഞ്ജിതയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ആദ്യ കേസ് വന്നപ്പോൾ രഞ്ജിത രാഹുലിനെ അനുകൂലിച്ചും പരാതിക്കാരിയെ അധിക്ഷേപിച്ചും രംഗത്തെത്തിയിരുന്നു. അന്ന് തിരുവനന്തപുരം സൈബർ പൊലീസ് ഇവർക്കെതിരെ കേസ് എടുക്കുകയും കോടതി ഉപാധികളോടെ രഞ്ജിതയ്ക്ക് ജാമ്യം നൽകുകയും ചെയ്തു. രാഹുലിനെതിരെ മൂന്നാമതും പരാതി വന്നപ്പോഴും രഞ്ജിത സൈബർ അധിക്ഷേപം നടത്തി. അതിന് പിന്നാലെയാണ് അറസ്റ്റ്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയുടെ വിധി ശനിയാഴ്ച വരും. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് ജാമ്യാപേക്ഷയിൽ വാദം കേട്ടു. ഇൻക്യാമറയായാണ് കോടതി നടപടികൾ നടന്നത്. സുപ്രധാന ഡിജിറ്റൽ തെളിവുകൾ കോടതിയിൽ ഹാജരാക്കുന്നതിന് വേണ്ടിയാണ് നടപടികൾ സ്വകാര്യമാക്കിയതെന്നാണ് സൂചന.
രാഹുലിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ശാസ്തമംഗലം അജിത്താണ് കോടതിയിൽ ഹാജരായത്. ഇതൊരു കെട്ടിച്ചമച്ച കേസാണ്. ബലാത്സംഗ കുറ്റം നിലനിൽക്കില്ല, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളാണ് പ്രതിഭാഗം വാദിച്ചെന്നാണ് സൂചന.
Content Highlights: Mahila Congress leader Ranjitha Pulikkan arrested for cyberbullying the survivor in the Rahul Mankoottathil rape case. Cyber police took her into custody.