ചിന്നു പാപ്പുവിന്റെ മരണം: അവസാനം വിളിച്ചപ്പോഴും സന്തോഷവതി, ദുരൂഹതയുണ്ടെന്ന് കുടുംബം

കാസർകോട്: സാമൂഹികമാധ്യമങ്ങളിലെ കണ്ടന്റ് ക്രിയേറ്ററായ ചിന്നു പാപ്പു(രേഷ്മ-25)വിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. കുടുംബപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മകളുടെ ആത്മഹത്യയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നുമാണ് പിതാവ് ഗംഗാധരന്റെ ആരോപണം. കഴിഞ്ഞദിവസവും വീട്ടിലേക്ക് വിളിച്ച് സന്തോഷത്തോടെയാണ് സംസാരിച്ചതെന്നും കുടുംബം പറഞ്ഞു.
''വീട്ടിൽ എപ്പോഴും സമാധാനമാണ്. വീട്ടിൽ അങ്ങനെയൊരു പ്രശ്‌നമേയില്ല. ആൺസുഹൃത്തുമായി പ്രശ്‌നമുണ്ടോ എന്നറിയില്ല. ഒരുകൊല്ലമായിട്ട് മകൾ വിവാഹമോചിതയാണ്. നാലുവയസ്സുള്ള കുഞ്ഞുണ്ട്. അവൾ സന്തോഷത്തിലായിരുന്നു കഴിഞ്ഞിരുന്നത്. മരണത്തിന് പിന്നിലെ കാരണമെന്താണെന്ന് അറിയില്ല'', പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
എന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ചിന്നു പാപ്പു പറഞ്ഞിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ജനുവരി 25-നാണ് അവസാനമായി ആദൂരിലെ വീട്ടിലെത്തിയതെന്നും അന്നും സന്തോഷത്തോടെയാണ് മടങ്ങിയതെന്നും കുടുംബം പറഞ്ഞു.
സംഭവത്തിൽ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ആൺസുഹൃത്തിൽനിന്ന് പോലീസ് വിശദമായ മൊഴിയെടുക്കും. ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തിനെക്കുറിച്ച് കുടുംബവും പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കാസർകോടൻ ഭാഷ ഉപയോഗിച്ച് ജനശ്രദ്ധ നേടിയ കണ്ടന്റ് ക്രിയേറ്ററാണ് മുള്ളേരിയ ആദൂർ 17-ാം മൈൽ സ്വദേശിനിയായ ചിന്നു പാപ്പു. കഴിഞ്ഞദിവസമാണ് കാസർകോട് ഉളിയത്തടുക്ക ആസാദ് നഗറിലെ വാടകവീട്ടിൽ ചിന്നു പാപ്പുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഞ്ചുവർഷത്തോളമായി കന്നട, മലയാളം, തുളു എന്നീ ഭാഷകൾ ചേർന്ന ശൈലിയിൽ സംസാരിച്ച് യുട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകളിൽ വീഡിയോകൾ ഇറക്കിവരികയായിരുന്നു. പ്രധാനമായും നാടൻ ഭക്ഷണമുണ്ടാക്കലായിരുന്നു വീഡിയോകളുടെ ഉള്ളടക്കം. പല സ്ഥാപനങ്ങളുടെയും പരസ്യ വീഡിയോകളും ചെയ്തിരുന്നു. ടി.വി. ചാനലുകളിലും പരിപാടികൾ അവതരിപ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: Family of social media content creator Chinnu Papu alleges mystery behind her death, disputing suicide claims. Police investigate a male friend.