ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി, സംഭവം കാസർകോട്

പ്രതീകാത്മക ചിത്രം | Meta AI Image
പ്രതീകാത്മക ചിത്രം | Meta AI Image

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.

Content Highlights: Childhood Quarrel Leads to Assault 62 Years Later