രക്ഷതേടി പുഴകടന്നെത്തി; നൂറോളംപേർ വീടുവളഞ്ഞു, ഒടുവിൽ വെട്ടേറ്റ് വയലിൽ മരിച്ചുവീണു

#ന്യൂസ് ഡെസ്ക്
അരിയിൽ ഷുക്കൂർ, ഷുക്കൂറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്താഞ്ജലി അർപ്പിക്കുന്ന സഹോദരൻ | Photo: മാതൃഭൂമി ആർക്കൈവ്സ്
അരിയിൽ ഷുക്കൂർ, ഷുക്കൂറിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്താഞ്ജലി അർപ്പിക്കുന്ന സഹോദരൻ | Photo: മാതൃഭൂമി ആർക്കൈവ്സ്

ചെറുകുന്ന്: സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ അരിയിൽ ഷുക്കൂർ വധക്കേസിൽ നിർണായക വിധി വന്നിരിക്കുകയാണ്. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു പി. ജയരാജനും എംഎൽഎ ആയിരുന്ന ടി.വി. രാജേഷും പ്രതികളായ കേസ് വൻ തോതിൽ ചർച്ചയായിരുന്നു. എന്നാൽ, സിബിഐ കോടതി തെളിവുകളുടെ അഭാവത്തിൽ ഇരുവരേയും വെറുതെവിട്ടു. ഷുക്കൂർ വധക്കേസിൽ 33 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 18 പേരെയാണ് സിബിഐ കോടതി വെറുതെ വിട്ടത്. 13 പേർ കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തു.  

2012-ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തളിപ്പറമ്പ് പട്ടുവം അരിയിലുണ്ടായ അക്രമത്തിന് തുടർച്ചയായാണ് കീഴറയിൽ ആക്രമം ഉണ്ടായത്. ചെറുകുന്ന് മിഷൻ ആസ്പത്രിയിലേക്ക് പട്ടുവം പുഴകടന്നെത്തിയ ലീഗ് പ്രവർത്തകർക്കെതിരെയാണ് അക്രമം നടന്നത്. പട്ടുവം പുഴകടന്ന് ലീഗ് പ്രവർത്തകരായ അഞ്ചുപേർ കീഴറയിലെത്തിയിരുന്നു.

തങ്ങളെ സി.പി.എം. പ്രവർത്തകർ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ സംഘം കീഴറയിൽ സുഹൃത്തായ ആലയിൽ മുഹമ്മദ്കുഞ്ഞിയുടെ വീട്ടിൽ അഭയംപ്രാപിച്ചു. ഇതറിഞ്ഞ് നൂറോളം സി.പി.എം. പ്രവർത്തകർ മുഹമ്മദ്കുഞ്ഞിയുടെ വീട് വളഞ്ഞു. ഈ അഞ്ചുപേരെയും പുറത്തിറക്കാൻ വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട് നശിപ്പിക്കും എന്നറിഞ്ഞ മുഹമ്മദ്കുഞ്ഞിയുടെ വീട്ടുകാർ ഇവരോട് പുറത്തേക്ക് പോകാൻ അഭ്യർഥിച്ചു. രക്ഷയില്ലാതെ അഞ്ചുപേരും വാതിൽ തുറന്ന് പുറത്തേക്കോടുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഷുക്കൂറിനേയും സക്കറിയയേയും സി.പി.എം. പ്രവർത്തകരാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്. ഒരുസംഘം സക്കറിയയെ മർദിക്കുമ്പോൾ മറ്റൊരു സംഘം ഷുക്കൂറിനേയും മർദിക്കുകയായിരുന്നു എന്നാണ് സക്കറിയയുടെ മൊഴി.

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഷുക്കൂർ വള്ളുവൻകടവ് എടോത്ത് വയൽ കൈപ്പാട് ഭാഗത്തേക്കാണ് ഓടിയത്. അവിടെവെച്ചായിരുന്നു വെട്ടേറ്റത്. ബാക്കി മൂന്നുപേർ വേറൊരു വഴി ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ സക്കറിയയെ പോലീസെത്തിയാണ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം, ഷുക്കൂറിനെപ്പറ്റി ഒരു വിവരവും ഇല്ലായിരുന്നു. നാട്ടുകാരിലൊരാളാണ് ഷുക്കൂർ കൈപ്പാട് ഭാഗത്ത് വയലിൽ കിടക്കുന്നുണ്ടെന്നറിയിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു. കൈപ്പാടിൽ പിടിവലി നടന്നതിന്റെ ലക്ഷണമുണ്ട്. രക്തം വയലിലെ വരമ്പത്താണുള്ളത്. പോലീസെത്തിയാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്

അതേസമയം, അക്രമികൾ വീട് വളഞ്ഞ സംഭവം ലീഗ് പ്രവർത്തകരും നാട്ടുകാരും കണ്ണപുരം പോലീസിനെ അറിയിച്ചിരുന്നുവെങ്കിലും പോലീസെത്താൻ വൈകിയതാണ് ഷുക്കൂറിന്റെ കൊലപാതകത്തിൽ എത്തിച്ചതെന്നും അന്ന് ആക്ഷേപമുയർന്നിരുന്നു.

Content Highlights: IUML worker ariyil shukoor murder murder case. sought refuge in a house in Keezhara after being chased., A mob of CPI(M) workers surrounded the house and forced them out., Shukoor and Zakaria were assaulted while trying to escape., Shukoor was found dead with stab injuries in the nearby paddy field., Allegations raised against Kannapuram police for delayed response.