17-കാരന് വീണ്ടും ജാമ്യം, ബോർഡ് മാറ്റി? 199 A വകുപ്പ് ജഡ്ജിക്ക് കുരുക്കാവുമോ; തീരാവേദനയായി ചേരാനല്ലൂർ അപകടം

ജയബാലകൃഷ്ണന്റെ മൃതദേഹം ചിറ്റൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന മകള്‍ ഭദ്രകീര്‍ത്തി, മകന്‍ ഭരത്ശങ്കര്‍, ഭാര്യ ബിന്ദു എന്നിവര്‍ | ഫോട്ടോ: റിദിന്‍ ദാമു, ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ ഞായറാഴ്ച രാത്രി നടത്തിയ ഉപരോധ സമരത്തിനിടെ കുഴഞ്ഞുവീണ ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തിയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു
ജയബാലകൃഷ്ണന്റെ മൃതദേഹം ചിറ്റൂരിലെ വീട്ടിലെത്തിച്ചപ്പോള്‍ പൊട്ടിക്കരയുന്ന മകള്‍ ഭദ്രകീര്‍ത്തി, മകന്‍ ഭരത്ശങ്കര്‍, ഭാര്യ ബിന്ദു എന്നിവര്‍ | ഫോട്ടോ: റിദിന്‍ ദാമു, ചേരാനല്ലൂര്‍ പോലീസ് സ്‌റ്റേഷനു മുന്നില്‍ ഞായറാഴ്ച രാത്രി നടത്തിയ ഉപരോധ സമരത്തിനിടെ കുഴഞ്ഞുവീണ ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തിയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു

ചേരാനല്ലൂർ: ആഡംബര കാറിടിച്ച് സ്‌കൂട്ടർ യാത്രികനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ കാറോടിച്ച 17 കാരനെ ഞായറാഴ്ച വൈകി വീണ്ടും പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ചു. മരിച്ച ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും ഞായറാഴ്ച രാത്രി ചേരാനല്ലൂർ പോലീസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണ് നേരത്തേ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട കൗമാരക്കാരനെ വീണ്ടും കസ്റ്റഡിയിലെടുത്തത്.

ഞായറാഴ്ച രാത്രി പതിനൊന്നരയോടെ കസ്റ്റഡിയിലെടുത്ത ഇയാളെ പന്ത്രണ്ടരയോടെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം അനുവദിച്ചത്. ഇതേ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയും പോലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം നടന്നു.

ലൈസൻസില്ലാതെ അമിതവേഗത്തിൽ കാർ പറപ്പിച്ച് അപകട മരണത്തിന് വഴിവെച്ച പ്രതിയെ സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്. പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിക്കുംവരെ പ്രതിഷേധം തുടരുമെന്ന് പറഞ്ഞാണ് ജയബാലകൃഷ്ണന്റെ മക്കളും ബന്ധുക്കളും സ്റ്റേഷനുമുന്നിൽ കുത്തിയിരുന്നത്. ഇവർക്ക് പിന്തുണയുമായി വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകരും പൊതുപ്രവർത്തകരും സ്റ്റേഷനുമുന്നിൽ തടിച്ചുകൂടി.

അച്ഛന്റെ ചിതയെരിഞ്ഞടങ്ങും മുൻപേ പ്രതിഷേധവുമായി സ്‌റ്റേഷനിലേക്ക് വരേണ്ടിവന്ന ഗതികേടിലാണ് തങ്ങളെന്ന് മക്കളായ ഭദ്രകീർത്തിയും ഭരത്ശങ്കറും പറഞ്ഞു. ‘വെളുപ്പിനു നാലു മണിമുതൽ മെഡിക്കൽ കോളേജിൽ പോയി നിൽക്കുകയാണ്. ഉച്ചയ്ക്കു മൂന്നു മണിക്കു ശേഷമാണ് അച്ഛന്റെ മൃതദേഹം വിട്ടുകിട്ടിയത്. ജഡ്ജിയുടെ മകനായതുകൊണ്ടു പ്രതിയെ പെട്ടെന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിയുടെ ഫോട്ടോയെടുത്തപ്പോൾ പോലീസ് ഫോൺ വാങ്ങി അതു ഡിലീറ്റ് ചെയ്യിച്ചു. പരാതിയുമായി സ്റ്റേഷനിൽ വന്നപ്പോഴും ദുരനുഭവമാണുണ്ടായത്’- മക്കൾ പറഞ്ഞു. പ്രതിഷേധത്തിനിടെ രാത്രി 10.50 ഓടെ ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി തലചുറ്റി വീണു. ഉടനെ ഇവരെ സമീപത്തെ ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകി.

'കൗമാരവേഗ'ത്തിൽ ഞെട്ടി കേരളം

പ്രായപൂർത്തിയാകാത്ത മക്കൾക്ക് വാഹനത്തിന്റെ താക്കോൽ എടുത്തുനൽകുന്ന മാതാപിതാക്കൾ... വേഗം ആവേശമാകുന്ന പ്രായത്തിൽ ഡ്രൈവിങ് ഒരു ത്രില്ലായി കാണുന്ന മക്കൾ. ഈ കൂട്ടുകെട്ട് നിരത്തുകളിൽ മരണം വിതയ്ക്കുമ്പോൾ നിയമ സംവിധാനങ്ങൾ പലപ്പോഴും നിസ്സഹായരാകും. നെടുമ്പാശ്ശേരി വാഹനാപകടത്തിന്റെ ഞെട്ടൽ മാറാതെ നിൽക്കുന്ന കേരളം ഞായറാഴ്ച കൺതുറന്നത് ചേരാനല്ലൂർ വാഹനാപകടത്തിന്റെ സങ്കടവാർത്ത കേട്ടാണ്.

നെടുമ്പാശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ മൂന്ന് ജീവനുകളാണ് പൊലിഞ്ഞത്. മദ്യപിച്ച് അമിതവേഗത്തിൽ വാഹനമോടിച്ച യുവാവും കൂട്ടുകാരുമാണ് അപകടം വരുത്തിവെച്ചത്. അന്ന് കാറോടിച്ചത് 18 വയസ്സുള്ള കൗമാരക്കാരനായിരുന്നു.

അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണ് നെടുമ്പാശ്ശേരിയിൽ മൂന്നു ജീവനുകൾ പൊലിയാൻ ഇടയാക്കിയതെന്നാണ് കണ്ടെത്തൽ. കാറാകട്ടെ 160 കിലോമീറ്ററോളം വേഗത്തിലാണ് പറന്നത്. ചേരാനല്ലൂർ അപകടത്തിലെ കാറിന്റെ വേഗം എത്രയായിരുന്നുവെന്ന് പോലീസ് അന്വേഷിക്കുകയാണ്. അമിതവേഗമായിരുന്നെന്ന സൂചന അപകടസ്ഥലത്തുതന്നെയുണ്ട്. നാട്ടുകാരും കാർ അതിവേഗത്തിലായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു.

നെടുമ്പാശ്ശേരി അപകടത്തിൽ മദ്യപിച്ച സുഹൃത്തിനെ വാഹനമോടിക്കാൻ അനുവദിച്ചതിനും പ്രോത്സാഹിപ്പിച്ചതിനും കാറിലുണ്ടായിരുന്ന മറ്റ് സുഹൃത്തുക്കളും പ്രതികളായി. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്ന സുഹൃത്തുക്കളെ തടയാൻ കൂടെയുള്ളവർക്ക് ബാധ്യതയുണ്ടെന്ന സന്ദേശവും ഈ അപകടം മുന്നോട്ടുവെക്കുന്നു. അപകടത്തിന് ശേഷം 'എല്ലാം അച്ഛൻ നോക്കിക്കൊള്ളും' എന്ന രീതിയിലുള്ള പ്രതിയുടെ പ്രതികരണങ്ങൾ അന്ന് പൊതുസമൂഹത്തിൽ വലിയ പ്രതിഷേധമുണ്ടാക്കിയിരുന്നു.

പ്രായപൂർത്തിയാകാത്തതോ അല്ലെങ്കിൽ ഡ്രൈവിങ്ങിൽ പക്വത വരാത്തതോ ആയ മക്കൾക്ക് അമിത സ്വാതന്ത്ര്യവും ആഡംബര വാഹനങ്ങളും നൽകി അശ്രദ്ധമായി നിരത്തിലേക്ക് വിടുന്നത് വലിയ ദുരന്തങ്ങളിലേക്ക് നയിക്കുമെന്ന് മാതാപിതാക്കൾ തിരിച്ചറിയണമെന്നാണ് നെടുമ്പാശ്ശേരി അപകടവും ചേരാനല്ലൂർ അപകടവും കേരളത്തെ ഓർമ്മിപ്പിക്കുന്നത്.

അപ്പേ... ഞങ്ങൾക്കിനി ആരുണ്ട്

കരുമാല്ലൂർ: പതിനേഴുകാരന്റെ വേഗപ്പാച്ചിലിൽ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി. ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ ഉറക്കമില്ലാതെ പണിയെടുത്തു മടങ്ങുന്നതിനിടെയാണ് ആഡംബര കാർ ജയബാലകൃഷ്ണനെ മരണത്തിലേക്ക് ഇടിച്ചുതെറിപ്പിച്ചത്. ചിറ്റൂരിൽനിന്നും എട്ടുവർഷം മുൻപാണ് മാഞ്ഞാലി താമരമുക്കിലേക്ക് ജയബാലകൃഷ്ണനും കുടുംബവും താമസം മാറിയത്.

മൂത്തമകൻ മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് കോളേജിലും മകൾ യു.സി. കോളേജിലുമാണ് പഠിച്ചിരുന്നത്. അവരുടെ പഠനസൗകര്യത്തിനാണ് മാഞ്ഞാലിയിലേക്കെത്തിയത്. ആദ്യം വാടകയ്ക്കായിരുന്നു. പിന്നീട് ആ വീടുതന്നെ വിലയ്ക്കുവാങ്ങി. അതിന്റെ ബാധ്യത വീടിയിട്ടില്ല. മൂന്ന് കുട്ടികളുടെ പഠനവും കുടുംബച്ചെലവും കഴിഞ്ഞുപോകാൻ ചിറ്റൂരിലെ തട്ടുകടയുടെ വരുമാനം മാത്രമേയുണ്ടായിരുന്നുള്ളു. ഭാര്യ ബിന്ദുവും തട്ടുകടയിൽ സഹായത്തിനായി പോകാറുണ്ട്.

മാഞ്ഞാലിയിലെ അയൽവാസികളുമായി ഈ കുടുംബം നല്ല അടുപ്പത്തിലായിരുന്നു. അതുകൊണ്ടുതന്നെ അപകടമരണവിവരമറിഞ്ഞ് നാട്ടുകാരെല്ലാം വീട്ടിലേക്ക് ഓടിയെത്തി. വൈകീട്ട് മൂന്നുമണിയോടെയാണ് കളമശ്ശേരി മെഡിക്കൽകോളേജിൽനിന്നും പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മാഞ്ഞാലിയിലേക്ക് കൊണ്ടുവന്നത്. ഹൈദരാബാദിലായിരുന്ന മകൾ ഭദ്രകീർത്തി അപ്പോഴാണ് എത്തിയത്. അച്ഛന്റെ ചേതനയറ്റ ശരീരംകണ്ട് പൊട്ടിക്കരഞ്ഞ ഭദ്രകീർത്തിയെ ആശ്വസിപ്പിക്കാൻ സഹോദരങ്ങളായ ഭരത്ശങ്കറും ഭാഗ്യദർശനും ഏറെ പാടുപെട്ടു. 'അപ്പേ ഞങ്ങൾക്കിനി ആരുണ്ട്'... കെട്ടിപ്പിടിച്ചുകൊണ്ടുള്ള മൂവരുടെയും കരച്ചിൽ നാട്ടുകാരുടെയും കണ്ണുനിറച്ചു. കുറച്ചുസമയംമാത്രമേ മൃതദേഹം മാഞ്ഞാലിയിൽ പൊതുദർശനത്തിനായി െവച്ചുള്ളൂ. മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബ്, വൈസ് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് തുടങ്ങിയവരെത്തി അന്ത്യോപചാരമർപ്പിച്ചു. പിന്നീട് ചിറ്റൂരിലെ തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോയി.

സ്റ്റിയറിങ് വീൽ കളിപ്പാട്ടമല്ല

# വി.എസ്. സിജു

ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന 17 കാരന്റെ പിതാവായ ജുഡീഷ്യൽ ഓഫീസർ ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടിവരും. മോട്ടോർ വാഹന നിയമം വകുപ്പ് 199 എ പ്രകാരം 18 വയസ്സിൽ താഴെയുള്ളവർ വാഹനമോടിച്ചുണ്ടാക്കുന്ന അപകടത്തിന്റെ ഉത്തരവാദിത്വം വാഹന ഉടമയ്ക്കാണെന്നതിനാലാണിത്.

ചേരാനല്ലൂരിൽ അപകടത്തിനിരയായ കാർ ജുഡീഷ്യൽ ഓഫീസറുടെ പേരിലാണെന്നാണ് പോലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് രക്ഷിതാക്കളുടെ അറിവോടെയാണെന്നാണ് നിയമം അനുമാനിക്കുന്നത്. കുറ്റം തെളിഞ്ഞാൽ മൂന്നുവർഷം വരെ വാഹനയുടമയെ തടവിനും 25,000 രൂപ പിഴയടയ്ക്കാനും ശിക്ഷിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷനും ഒരു വർഷം റദ്ദാക്കാം. ശിക്ഷയിൽ നിന്ന് ഒഴിവാകണമെങ്കിൽ തന്റെ അറിവോടെയല്ല മകൻ വാഹനം എടുത്തുകൊണ്ടുപോയതെന്ന് തെളിയിക്കേണ്ടിവരും. നിയമം ഇത്ര കർശനമായതിനാലാണ് ചേരാനല്ലൂരിലെ അപകടത്തിൽ ജുഡീഷ്യൽ ഓഫീസർ മറുപടി നൽകേണ്ടിവരുന്നത്.

ജുഡീഷ്യൽ ഓഫീസറുടെ പ്രായപൂർത്തിയാകാത്ത മകൻ വാഹനമോടിച്ചുണ്ടായ അപകടം നീതിന്യായ സംവിധാനത്തിന് നേരേയും വിമർശനത്തിനിടയാക്കുന്നതും അവഗണിക്കാനാകില്ല. 14 വയസ്സുകാരനോടിച്ച കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ തന്റെ പേരിൽ ചുമത്തിയ മനഃപൂർവമല്ലാത്ത നരഹത്യാക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി അടുത്തിടെ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. സ്റ്റിയറിങ് വീൽ കളിപ്പാട്ടമോ, പൊതുനിരത്ത് കളിസ്ഥലമോ അല്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടായിരുന്നു പിതാവിന്റെ പേരിലുള്ള കേസ് നിലനിൽക്കുമെന്ന് വ്യക്തമാക്കിയത്. ചേരാനല്ലൂരിലെ അപകടത്തിൽ ജുഡീഷ്യൽ ഓഫീസർക്കെതിരായ തുടർ നടപടികൾ അദ്ദേഹം നൽകുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഉണ്ടാകുക. എന്നാൽ കേസ് എടുത്തു എന്നതിന്റെ പേരിൽ മാത്രം ജുഡീഷ്യൽ ഓഫീസർ അയോഗ്യനാക്കപ്പെടില്ല.

കാറിൽ ജഡ്ജിയുടെ ബോർഡെന്ന് ആരോപണം

''നിങ്ങളൊക്കെ എല്ലാം അറിയാവുന്നവരല്ലേ, എന്നിട്ടും ലൈസൻസില്ലാതെ എന്തിനാണുസാർ വണ്ടി കൊടുത്തുവിട്ടത്. കുടുംബത്തിന്റെ അത്താണിയായ ആളാണ് ഇല്ലാതായത്'' -കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ ബന്ധു ജയലക്ഷ്മി, ചേരാനല്ലൂർ പോലീസ് സ്റ്റേഷനിൽ കൂടിനിന്നവരോടായി തൊണ്ടയിടറി ചോദിച്ചു.

വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്ന അരിയുൾപ്പെടെയുള്ള സാധനങ്ങൾ അപകടസ്ഥലത്ത് റോഡിൽ ചിതറിക്കിടക്കുകയായിരുന്നു. തൊട്ടടുത്തെ കാർ ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരനാണ് അപകടമറിഞ്ഞ് ആദ്യമെത്തിയത്.

പോലീസെത്തി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. താൻ അപകടസ്ഥലത്തെത്തുമ്പോൾ ഒരു കിലോമീറ്ററോളം മാറിയാണ് കാറ് കിടന്നിരുന്നതെന്ന് ജയലക്ഷ്മി പറഞ്ഞു. ഈ സമയം കാറിൽ അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് എന്ന ബോർഡ് ഉണ്ടായിരുന്നെന്നും പിന്നീടാണ് അത് അഴിച്ചുമാറ്റിയതെന്നും അവർ പറഞ്ഞു.

പോലീസ് സ്റ്റേഷനിലെത്തി, കാറോടിച്ചിരുന്നയാളെ കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടപ്പോൾ കസ്റ്റഡിയിലുള്ളത് ഒരു ചെറിയ പയ്യനാണെന്നാണ് പോലീസ് പറഞ്ഞത്. പിന്നീടാണ് അപകടംവരുത്തിയത് അഡീഷണൽ ജില്ലാജഡ്ജിയുടെ മകനാണെന്ന് അറിഞ്ഞത്.

പതിനേഴുവയസ്സുകാരന് വണ്ടികൊടുത്തുവിടാൻ പാടില്ലെന്നറിഞ്ഞുകൂടേയെന്ന് ചോദിച്ചപ്പോൾ, 'നിങ്ങൾ എന്നെ ചോദ്യം ചെയ്യണ്ടാ' എന്നുപറഞ്ഞ് ജഡ്ജി കയർത്തെന്നും ജയലക്ഷ്മി ആരോപിച്ചു. വാഹനമോടിച്ചയാളുടെ ഫോട്ടോയെടുത്തപ്പോൾ പോലീസ് മൊബൈൽ വാങ്ങി ചിത്രങ്ങൾ ഡിലീറ്റ് ചെയ്‌തെന്ന് ജയബാലകൃഷ്ണന്റെ സഹോദരപുത്രൻ അനന്തകൃഷ്ണൻ പറഞ്ഞു.

ചിതറിത്തെറിച്ച് വീട്ടുസാധനങ്ങളും അരിയും, കണ്ടെയ്നർ റോഡിൽ

അപകടം നടന്ന കണ്ടെയ്നർ റോഡിലെ ചേരാനല്ലൂർ മാരാപ്പറമ്പ് സ്റ്റോപ്പിനു സമീപത്തെ കാഴ്ച ഏറെ സങ്കടകരം. അപകടമുണ്ടായ ഭാഗത്തുനിന്നും ഏതാണ്ട് 200 മീറ്റർ ദൂരത്തിൽ അരി ചിതറിക്കിടപ്പുണ്ട്. കടയിൽ ബാക്കിവന്ന ഭക്ഷണവും വീട്ടിലേക്കുള്ള സാധനങ്ങളും വെച്ചിരുന്ന നാല് സഞ്ചികളും റോഡിൽ അവിടവിടെയായി കിടന്നിരുന്നു. സ്‌കൂട്ടർ തകർന്നു തരിപ്പണമായ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടറിന്റെ പല ഭാഗങ്ങളും അടർന്ന് തെറിച്ചുപോയി.

ജയബാലകൃഷ്ണൻ ധരിച്ചിരുന്ന ഹെൽമെറ്റും ചെരിപ്പുമൊക്കെ തെറിച്ചുപോയി. കാൽ നൂറ്റാണ്ടിലേറെയായി ചിറ്റൂർ ക്ഷേത്രനടയ്ക്ക് സമീപം തട്ടുകട നടത്തുന്ന ജയബാലകൃഷ്ണൻ നാട്ടുകാർക്ക് പ്രിയപ്പെട്ടവനും സുപരിചിതനുമാണ്. മിക്കദിവസവും ജയബാലകൃഷ്ണനു സഹായിയായി ഭാര്യ ബിന്ദുവുമൊപ്പമുണ്ടാകും. ഇരുവരും ഒരുമിച്ചാണ് കടയടച്ച് വീട്ടിലേക്ക് മടങ്ങുക. രണ്ടുദിവസമായി ബന്ദുവിന് സുഖമില്ലാത്തതിനാൽ ജയബാലകൃഷ്ണൻ തനിച്ചാണ് കാര്യങ്ങൾ നോക്കിയിരുന്നത്.

സാമൂഹികമാധ്യമങ്ങളിൽ ജയബാലകൃഷ്ണന്റെ ദോശക്കട പ്രശസ്തമാണ്. ശനിയാഴ്ച പതിവിലും വൈകിയാണ് കടയടച്ചത്. കണ്ടെയ്നർ റോഡിലേക്ക് കടന്നപ്പോൾ രാത്രി 2 മണി കഴിഞ്ഞു. എത്ര വൈകിയാലും മുപ്പത് കിലോമീറ്റർ സ്പീഡിനു മുകളിൽ ജയബാലകൃഷ്ണൻ സ്‌കൂട്ടർ ഓടിക്കാറില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇതിനിടെയാണ് അമിതവേഗത്തിൽ പതിനേഴുകാരനോടിച്ച ആഡംബര കാർ ജയബാലകൃഷ്ണന്റെ ജീവനെടുത്തത്.

കണ്ടെയ്നർ റോഡിൽ രാത്രികാല അപകടങ്ങൾ പതിവ്

ചേരാനല്ലൂർ: കണ്ടെയ്നർ റോഡിൽ രാത്രികാലത്ത് അപകടങ്ങൾ ഏറുന്നു. ഒരു മാസത്തിനിടെ ഒരു കിലോമീറ്റർ ചുറ്റളവിലുണ്ടായത് രണ്ട് അപകടങ്ങൾ. ഇതിൽ ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരമായ പരിക്കുപറ്റി.

മൂന്നാഴ്ച മുൻപ് കണ്ടെയ്നർ റോഡിൽ കോതാട് പാലത്തിനു സമീപത്തുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് സാരമായ പരിക്കുപറ്റിയിരുന്നു. അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന സ്‌കൂട്ടർ യാത്രികനെ അതുവഴി വന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൈലറ്റ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. കണ്ടെയ്നർ റോഡിൽ അടുത്തിടെ മാത്രമാണ് വഴിവിളക്കുകൾ തെളിയാൻ തുടങ്ങിയത്. എന്നാലും ഇടയ്ക്ക് പലഭാഗങ്ങളിലും വിളക്ക് തെളിയാത്ത സ്ഥിതിയുണ്ട്.

ഞായറാഴ്ച പുലർച്ചെ അപകടം നടന്ന ഭാഗത്ത് രണ്ടു ദിവസമായി വിളക്കുകൾ കത്തിയിരുന്നില്ല. വഴിവിളക്കില്ലാത്ത സമയങ്ങളിൽ കണ്ടെയ്നർ റോഡിലൂടെയുള്ള യാത്ര അപകടംനിറഞ്ഞതാണ്. മഴയുണ്ടെങ്കിൽ അപകടസാധ്യത ഏറും.

അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് മുൻപിലുള്ള സ്‌കൂട്ടർ പോലുള്ള ചെറുവാഹനങ്ങളെ കാണുന്നത്. ശ്രദ്ധാപൂർവം വാഹനമോടിക്കാത്തവർ ബ്രേക്ക് ചവിട്ടുംമുൻപേ പലപ്പോഴും അപകടം സംഭവിക്കും.

രാത്രി അപകടത്തിൽപ്പെടുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കുന്നതിനും സംവിധാനമൊന്നുമില്ല. കണ്ടെയ്നർ റോഡിൽ ടോൾ പിരിക്കുന്നതിനായി കരാർ എടുത്തിട്ടുള്ളവർ ആംബുലൻസ് സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും ഇക്കാര്യം ബഹുഭൂരിപക്ഷം യാത്രക്കാർക്കും അറിയില്ല. ഇവിടെയുണ്ടാകുന്ന അപകടങ്ങളിൽ മരണം സംഭവിക്കുന്നവരിൽ ഏറെപ്പേരും യഥാസമയം ചികിത്സ കിട്ടാത്തതുമൂലമാണെന്ന് ആക്ഷേപമുണ്ട്. പോലീസിന്റെ രാത്രി പട്രോളിങ്ങിന്റെ കുറവും വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങളില്ലാത്തതും കണ്ടെയ്നർ റോഡിൽ അപകടങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട്.

'ഹൈവേ പോലീസ് സംവിധാനം പരിഷ്‌കരിക്കണം'

വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ ഹൈവേ പോലീസ് സംവിധാനം പരിഷ്‌കരിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി എക്‌സ്പേർട്ട് അംഗം ഉപേന്ദ്ര നാരായൺ അഭിപ്രായപ്പെട്ടു. ഹൈവേ പോലീസിന് പ്രൊഫഷണൽ പരിശീലനവും ആധുനിക ഉപകരണങ്ങളും നൽകണം. ഹൈവേകളിൽ 25 കിലോമീറ്റർ തോറും ഹൈവേ പോലീസിന്റെ സാന്നിധ്യമുണ്ടാകണം. പോലീസ് വാഹനം റോഡരികിൽ നിർത്തിയിടാതെ പട്രോളിങ് നടത്തിയാൽ പോലീസ് സാന്നിധ്യമുണ്ടെന്നു കണ്ട് വാഹനങ്ങൾ വേഗം ക്രമീകരിക്കും. വാഹനങ്ങൾ റാൻഡമായി പരിശോധിക്കുകയും വേണം. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നതും മറ്റും ഇതുവഴി തടയാനാകും. പ്രായപൂർത്തിയാകാത്തവർ വാഹനവുമായി നിരത്തിലിറങ്ങിയാൽ രജിസ്റ്റേഡ് ഉടമയ്‌ക്കെതിരേ കർശന നിയമനടപടി സ്വീകരിക്കണം.

പോലീസിന്റെ ഭാഗത്ത് ഗുരുതരവീഴ്ച- ടി.ജെ. വിനോദ് എം.എൽ.എ.

ചേരാനല്ലൂർ: കണ്ടെയ്നർ റോഡിൽ പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ടെന്നു ടി.ജെ. വിനോദ് എം.എൽ.എ. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്ത വ്യക്തി വാഹനമോടിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യം അനുവദിച്ച നടപടി നിയമപരമാണോയെന്നു പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് എം.എൽ.എ. ആവശ്യപ്പെട്ടു. പ്രായപൂർത്തിയാകാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ നൽകിയ വാഹന ഉടമയുടെ ഉത്തരവാദിത്വവും അന്വേഷണവിധേയമാക്കണം. പ്രതിയുടെ കുടുംബ പശ്ചാത്തലമോ പദവിയോ സ്വാധീനമോ പരിഗണിച്ച് നിയമനടപടികളിൽ ഇളവു നൽകരുത്- എം.എൽ.എ. ആവശ്യപ്പെട്ടു.

ജയബാലകൃഷ്ണന്റെ മൃതദേഹം സംസ്‌കരിക്കും മുൻപേ പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് പോലീസിന്റെ അനാസ്ഥയാണെന്ന് ചേരാനല്ലൂർ പഞ്ചായത്ത് അംഗം ബെന്നി ഫ്രാൻസിസ് പറഞ്ഞു.

ചേരാനല്ലൂർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി സംഘടനകൾ

ചേരാനല്ലൂർ: കണ്ടെയ്നർ റോഡിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് 55-കാരൻ മരിച്ച സംഭവത്തിൽ പോലീസ് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് വിവിധ സംഘടനകൾ ചേരാനല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.

സി.പി.ഐ.യുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ലാ കമ്മിറ്റി അംഗം ടി.സി. സൻജിത്ത് ഉദ്ഘാടനം ചെയ്തു. പ്രായപൂർത്തിയാകാത്ത പ്രതിയുടെ പിതാവ് ജുഡീഷ്യൽ ഓഫീസർ ആയതിനാൽ അദ്ദേഹത്തെ തത്സ്ഥാനത്തു നിന്നും മാറ്റിനിർത്തി അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണമെന്നും വാഹന ഉടമയായ ജഡ്ജിക്കെതിരേ നരഹത്യയ്ക്ക് കേസെടുക്കണമെന്നും സി.പി.ഐ. ആവശ്യപ്പെട്ടു. ടി.യു. രതീഷ്, പി.ജെ. ജോർജ്, റോക്കി ജിബിൻ, ടാഷ് മോൻ, കെ.പി. ഷിജു എന്നിവർ പ്രസംഗിച്ചു.

കണ്ടെയ്നർ റോഡ് അപകടത്തിൽ പ്രതിയായ പതിനേഴുകാരനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. നടത്തിയ ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ മാർച്ച് സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി നിഖിൽ ബാബു, ജില്ലാ പ്രസിഡന്റ് ബിബിൻ വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം അമൽ സോഹൻ, ടി.എസ്. ഷിഫാസ്, കെ. എസ്. ജെൻസി എന്നിവർ പ്രസംഗിച്ചു.