1.30-ന് ബെൻസുമായി 17-കാരൻ പുറത്തേക്ക്, പഠിച്ചത് യൂട്യൂബിലൂടെയെന്ന് മൊഴി; മെസ്സേജ് അയച്ച് ഉറങ്ങിയെന്ന് ജഡ്ജി

കൊച്ചി: ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് നിർണായക ദൃശ്യം പുറത്ത്. 17-കാരൻ ആലുവ കമ്പനിപ്പടിയിലെ ഫ്ലാറ്റിൽനിന്ന് വാഹനം എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഞായറാഴ്ച പുലർച്ചെ 1.36-നാണ് 17-കാരൻ വാഹനം എടുത്തുകൊണ്ടുപോയത്. പെരുമഴയുള്ള സമയത്താണ് ബെൻസ് കാറുമായി 17-കാരൻ പുറത്തേക്ക് പോകുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഞായറാഴ്ച വൈകിട്ടേ താൻ എഴുന്നേൽക്കുകയുള്ളൂ എന്ന് മകന് മെസ്സേജ് അയച്ചശേഷം ഉറങ്ങാൻ പോയതാണെന്നും മകൻ കാറുമായി പുറത്തേക്ക് പോയ കാര്യം അറിയില്ലെന്നുമാണ് കുട്ടിയുടെ പിതാവായ ജഡ്ജി നൽകിയ വിശദീകരണം. എന്നാൽ, പ്രതിയായ 17-കാരൻ നൽകിയ മൊഴികളിൽ നിരവധി പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് ബെൻസ് എടുത്തിറങ്ങിയതെന്നും യൂട്യൂബ് നോക്കിയാണ് വാഹനം ഓടിക്കാൻ പഠിച്ചതെന്നും 17-കാരൻ അന്വേഷണ സംഘത്തോട് പറഞ്ഞെങ്കിലും പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനുമുമ്പും ഇയാൾ വാഹനം ഓടിച്ചിട്ടുണ്ടെന്നതിന്റെ തെളിവുകൾ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ഉണ്ടായിരുന്നു. എന്നാൽ, അപകടത്തിന് തൊട്ടുപിന്നാലെ ഈ തെളിവുകളെല്ലാം ഇൻസ്റ്റഗ്രാമിൽനിന്ന് ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി. കാർ ഓടിച്ചു പോകുന്ന സമയത്ത് റൈഡിന്റെ ദൃശ്യങ്ങൾ 17-കാരൻ സ്വന്തം ഫോണിൽ പകർത്തിയിരുന്നു. ഈ വീഡിയോകളിൽ 104 കിലോമീറ്ററോളം വേഗത്തിലാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
2012 മോഡൽ കറുത്ത ബെൻസ് കാർ 2022-ലാണ് ജഡ്ജി വാങ്ങിയത്. കോടതിയിൽ പോകുന്നതിനും മറ്റും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന വാഹനമാണിത്. പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ആർ.സി. ഉടമയായ ജഡ്ജിയെയും കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് അപകടമുണ്ടായത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന സ്കൂട്ടർ യാത്രികനാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.
ജയപാലകൃഷ്ണന്റെ സ്കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്തിരുന്നു.
Content Highlights: CCTV footage shows the 17-year-old taking the Benz from an Aluva flat at 1.36 AM during heavy rain., Videos recovered show the car was driven at speeds around 104 km/h before the container road crash., The judge, who is the RC owner of the vehicle, has been added to the accused list., Police found discrepancies in the minor's statement and deleted Instagram evidence of prior driving.