ആഭ്യന്തരമന്ത്രി ഇടപെട്ടു; 17-കാരനെതിരെ ജാമ്യമില്ലാ കുറ്റം, കസ്റ്റഡിയിലെടുത്ത് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റും

#മാതൃഭൂമി ന്യൂസ്
അപകടത്തിൽപ്പെട്ട കാർ, മരിച്ച ജയപാലകൃഷ്ണൻ | Photo: Screengrab/ Matrubhumi
അപകടത്തിൽപ്പെട്ട കാർ, മരിച്ച ജയപാലകൃഷ്ണൻ | Photo: Screengrab/ Matrubhumi

ചേരാനല്ലൂർ (കൊച്ചി): ചേരാനല്ലൂർ അപകടത്തിൽ ജഡ്ജിയുടെ മകനായ 17-കാരന് സ്റ്റേഷൻ ജാമ്യം കിട്ടിയതിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്തി. ഡി.ജി.പിയെ വിളിച്ച് വിശദീകരണം തേടി. മന്ത്രിയുടെ ഇടപെടലിന് പിന്നാലെ കേസിൽ നരഹത്യാ വകുപ്പ് കൂടി ചേർത്തു. ജഡ്ജിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

അപകടത്തിന് പിന്നാലെ 17-കാരനെ സ്റ്റേഷനിലെത്തിച്ച് ദുർബലമായ വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് സർക്കാരിനും പോലീസിനുമെതിരെ രൂക്ഷവിമർശനം ഉയരുകയും തുടർന്ന് ആഭ്യന്തരമന്ത്രി വിഷയത്തിൽ ഇടപെടുകയുമായിരുന്നു.

കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തല, ഡിജിപിയെ നേരിട്ട് ഫോണിൽ വിളിച്ചു. എന്തുകൊണ്ട് ഇത്തരത്തിൽ സംഭവിച്ചുവെന്ന് ഡിജിപിയോട് നേരിട്ട് വിളിച്ച് അന്വേഷിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയും കൊച്ചി കമ്മിഷണറും തമ്മിൽ സംസാരിക്കുകയും കൂടുതൽ വകുപ്പുകൾ ചുമത്തുകയും ചെയ്തത്. വാഹനത്തിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെയും കേസെടുത്തിട്ടുണ്ട്.

വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ട എന്ന നിർദേശമാണ് രമേശ് ചെന്നിത്തല പോലീസിന് നൽകിയിരിക്കുന്നത്. സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നിലപാടുകൾ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല എന്ന് കർശന നിർദേശം ഡിജിപിക്ക് നൽകിയിട്ടുണ്ട്. ജാമ്യം കിട്ടിയതിന് പിന്നിൽ ഏതെങ്കിലും തരത്തിൽ സമ്മർദം ഉണ്ടായിട്ടുണ്ടോ? സമ്മർദത്തിന് ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥൻ വഴങ്ങിയിട്ടുണ്ടെങ്കിൽ ആ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ഡിജിപിക്ക് രമേശ് ചെന്നിത്തല നിർദേശം നൽകിയിട്ടുണ്ട്.

പ്രതിയായ 17-കാരനെ വൈകാതെ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം. ജാമ്യമില്ലാ വകുപ്പാണ് 17-കാരനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്തശേഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ 17-കാരനെ ഹാജരാക്കും. തുടർന്ന് ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റും. മിനി കൂപ്പർ അപകടത്തിലെ പ്രതി സുഹൈലിനെതിരെ എടുത്തിരിക്കുന്ന സമാന വകുപ്പുകൾ തന്നെയാണ് ഇപ്പോൾ 17-കാരനെതിരെയും ചുമത്തിയിരിക്കുന്നത്.

അതേസമയം വലിയ തോതിലുള്ള പ്രതിഷേധമാണ് ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് നടന്നത്. ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകൾ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.

ചേരാനല്ലൂരിൽ ഞായറാഴ്ച പുലർച്ചെ രണ്ടേകാലിനും രണ്ടരയ്ക്കുമിടയിലാണ് അപകടമുണ്ടായത്. തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയപാലകൃഷ്ണൻ എന്ന സ്‌കൂട്ടർ യാത്രികനാണ് മരിച്ചത്. അമിതവേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ പൂർണമായും തകരുകയും ജയപാലകൃഷ്ണൻ റോഡിലേക്ക് തെറിച്ചു വീഴുകയും ചെയ്തു.

ജയപാലകൃഷ്ണന്റെ സ്‌കൂട്ടറിലുണ്ടായിരുന്ന അരി ഉൾപ്പെടെയുള്ള സാധനങ്ങൾ റോഡിൽ മീറ്ററുകളോളം ദൂരത്തേക്ക് ചിതറിത്തെറിക്കുകയും ചെയ്തിരുന്നു. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നതിനാൽ റോഡ് വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ലെന്നാണ് പിടിയിലായ പതിനേഴുകാരൻ പോലീസിന് മൊഴി നൽകിയിട്ടുള്ളതെന്നാണ് വിവരം.

Content Highlights: Home Minister Ramesh Chennithala expressed severe dissatisfaction over station bail granted to the 17-year-old son of a judge in the Cheranalloor accident., DGP was called for an explanation, leading to the addition of culpable homicide charges against the accused., A case has also been registered against the judge who owns the vehicle involved in the incident., Strict instructions given to probe any police pressure or involvement, with protests erupting outside the police station.