മുൻകാമുകി സിംഗിളാണോ, ഒരു ഫോട്ടോ കിട്ടുമോ? 1887 ചോദ്യങ്ങളുമായി വിവരാവകാശ അപേക്ഷനൽകി യുവാവ്, പിടിച്ച് ഭ്രാന്താശുപത്രിയിൽ ആക്കുമെന്ന് കമ്മിഷണർ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ചെന്നൈ: പൗരന്മാർക്ക് രാജ്യത്തെ സർക്കാർ വകുപ്പുകളിൽനിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഔദ്യോഗിക വിവരങ്ങൾ അറിയുന്നതിനുള്ള സംവിധാനമാണ് വിവരാവകാശ നിയമപ്രകാരം സമർപ്പിക്കുന്ന അപേക്ഷകൾ (RTI). ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുകയും അഴിമതി തടയുകയുമൊക്കെയാണ് ലക്ഷ്യം. എന്നാൽ ഈ സംവിധാനം തന്റെ മുൻകാമുകിയെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ വേണ്ടി ഉപയോഗിച്ചാലോ?

ഇങ്ങനെയൊരു ചിന്ത വന്ന തമിഴ്‌നാട് വിഴുപ്പുറം സ്വദേശിയായ എ. സന്തോഷ് പിന്നെ ഒട്ടും അമാന്തിച്ചില്ല.. ഒന്നല്ല രണ്ടല്ല, പത്തല്ല അമ്പതല്ല, 97 വിവരാവകാശ അപേക്ഷകളാണ് സന്തോഷ് അയച്ചത്. തന്റെ മുൻകാമുകി ജീവിച്ചിരിപ്പുണ്ടോ, വിവാഹിതയാണോ, എവിടെയാണ് താമസിക്കുന്നത്, ജോലി ചെയ്യുന്നത് എന്നുതുടങ്ങി എത്ര പുരുഷന്മാരുമായി അവൾക്ക് പ്രണയബന്ധമുണ്ടായിരുന്നു എന്നുവരെ നീളുന്ന 1887 ചോദ്യങ്ങളാണ് യുവാവ് ആർടിഐ വഴി അറിയാൻ ശ്രമിച്ചത്.

അവിടംകൊണ്ടും തീർന്നില്ലാ, യുവതിയുടെ ഏറ്റവും പുതിയ ഫോട്ടോ വേണമെന്നും, നിർദ്ദിഷ്ട തീയതികളിലെ സിസിടിവി ദൃശ്യങ്ങൾ എടുത്തുതരണമെന്നും സന്തോഷ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. എന്തായാലും, യുവതിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും മുൻബന്ധങ്ങളെക്കുറിച്ചുമുള്ള ആയിരത്തിലധികം ചോദ്യങ്ങൾ അടങ്ങിയ ഈ അപേക്ഷകൾ തമിഴ്‌നാട് വിവരാവകാശ കമ്മിഷൻ ഒന്നൊഴിയാതെ തള്ളിക്കളഞ്ഞിട്ടുണ്ട്.

കോളേജ് കഴിഞ്ഞപ്പോൾ അവസാനിച്ച പ്രണയം

വിഷയത്തെക്കുറിച്ച് കൂടുതലായി അറിയാൻ തീരുമാനിച്ചതോടെ പുറത്തുവന്നത് കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണെന്ന് പബ്ലിക് ഇൻഫർമേഷൻ ഓഫീസറായ (PIO) കൂടല്ലൂർ ജില്ലാ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് പറയുന്നു. 2024-ലാണ് സന്തോഷ് സഹപാഠിയായ യുവതിയുമായി പ്രണയത്തിലായിരുന്നത്. കോളേജ് പഠനം പൂർത്തിയായതോടെ ഈ ബന്ധം അവസാനിച്ചു. എന്നാൽ പ്രണയബന്ധം തകർന്ന ശേഷവും ഫോൺ കോളുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സന്തോഷ് യുവതിയെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

സന്തോഷിന്റെ ഈ പെരുമാറ്റം പീഡനത്തിന് തുല്യമായിരുന്നു എന്നാണ് മുൻകാമുകിയായ യുവതി വിശേഷിപ്പിച്ചത്. മാനസികപീഡനം സഹിക്കവയ്യാതെ താൻ 2025 ജൂണിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും അവർ വെളിപ്പെടുത്തി. തുടർന്ന് ചികിത്സയ്ക്കായി യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ രേഖകളും യുവതി സമർപ്പിച്ചിട്ടുണ്ട്. സന്തോഷിനെതിരെ യുവതി പോലീസിൽ പരാതിയും നൽകിയിരുന്നു. നടപടികളുടെ ഭാഗമായി ഈ പരാതിയുടെ പകർപ്പ് ഇൻഫർമേഷൻ കമ്മിഷന് മുൻപാകെ ഹാജരാക്കിയിട്ടുണ്ട്.

കമ്മ്യൂണിറ്റി സർവീസ് രജിസ്റ്റർ (CSR) ഇഷ്യൂ ചെയ്ത ശേഷം പരാതിയിൽ അന്വേഷണം നടത്തിയതായി പോലീസ് കമ്മിഷനോട് വ്യക്തമാക്കി. ഈ പോലീസ് അന്വേഷണത്തിന് പിന്നാലെയാണ് സന്തോഷ് നിരവധി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പോലീസ് സ്റ്റേഷനിൽ തുടർച്ചയായി ആർ.ടി.ഐ. അപേക്ഷകൾ സമർപ്പിക്കാൻ തുടങ്ങിയത്. പോലീസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും യുവതിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള വിശദാംശങ്ങളും ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഈ അപേക്ഷകൾ.

യുവതി ജീവിച്ചിരിപ്പുണ്ടോ, വിവാഹിതയാണോ, എവിടെ താമസിക്കുന്നു, എവിടെ ജോലി ചെയ്യുന്നു, മുൻപ് എത്രപേരുമായി പ്രണയത്തിലായിരുന്നു തുടങ്ങിയ കാര്യങ്ങൾ അറിയാനാണ് സന്തോഷ് ചില ചോദ്യങ്ങളിലൂടെ ശ്രമിച്ചത്. അങ്ങനെ പ്രണയിച്ചിട്ടുള്ള ഏതെങ്കിലും പുരുഷന്മാരെ യുവതി വഞ്ചിച്ചിട്ടുണ്ടോ എന്നും, അവൾ നിലവിൽ മറ്റാരെങ്കിലുമായി പ്രണയത്തിലാണോ എന്നും ഇയാൾ അപേക്ഷയിൽ ചോദിച്ചിട്ടുണ്ട്.

ഇതൊന്നും പോരാഞ്ഞ്, ആർ.ടി.ഐ. വഴി യുവതിയുടെ ചിത്രം വേണമെന്നും സന്തോഷ് ആവശ്യപ്പെട്ടു. വിവരാവകാശ അപേക്ഷകളിൽ ഒന്നിൽ 179 ചോദ്യങ്ങളാണ് അടങ്ങിയിരുന്നത്. അതിൽ 68 ചോദ്യങ്ങൾ നിർദ്ദിഷ്ട തീയതികളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് ഉള്ളതായിരുന്നു. ശേഷിക്കുന്ന ചോദ്യങ്ങളിൽ യുവതിയുടെ വ്യക്തിജീവിതത്തെക്കുറിച്ചുള്ള സംശയങ്ങളും പോലീസിൽ നിന്ന് ആവശ്യപ്പെട്ട മറ്റ് വിവരങ്ങളുമാണ് ഉൾപ്പെട്ടിരുന്നത്.

ആകെ 1,887 ചോദ്യങ്ങളടങ്ങിയ 97 വിവരാവകാശ അപേക്ഷകളാണ് സന്തോഷ് സമർപ്പിച്ചിരിക്കുന്നത്. ഈ തുടർച്ചയായ അപേക്ഷകൾ ഒടുവിൽ തമിഴ്നാട് ഇൻഫർമേഷൻ കമ്മിഷൻ ഇൻഫർമേഷൻ കമ്മിഷണർ വി.പി.ആർ. ഇളംപരിതിയുടെ മുൻപിലെത്തി. അങ്ങനെയാണ് അദ്ദേഹം സന്തോഷിനെ നേരിട്ട് കാണണമെന്ന് ആവശ്യപ്പെട്ടത്. ചൊവ്വാഴ്ച കമ്മിഷന് മുൻപാകെ നേരിട്ട് ഹാജരായ സന്തോഷ് തന്റെ വാദങ്ങൾ അദ്ദേഹത്തിനുമുന്നിൽ അവതരിപ്പിച്ചു.

ഇൻഫർമേഷൻ കമ്മിഷണറുടെ മുന്നറിയിപ്പ്

അപേക്ഷകളും പോലീസിന്റെ റിപ്പോർട്ടും പരിശോധിക്കുന്നതിനിടെ, വിവരാവകാശ നിയമത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും അത് ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും ഇളംപരിതി പരാമർശിച്ചു. സാധാരണക്കാർക്ക് ലഭ്യമായിട്ടുള്ള ശക്തമായ ഒരു ആയുധമാണ് ആർ.ടി.ഐ. നിയമമെന്നും, അഴിമതി പുറത്തുകൊണ്ടുവരാനും ഭരണവ്യവസ്ഥയുമായുള്ള ഇടപെടലുകളിൽ വ്യക്തികളുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി ഇത് ഫലപ്രദമായി ഉപയോഗിക്കണമെന്നും കമ്മിഷണർ നിരീക്ഷിച്ചു.

എന്നാൽ, ഈ നിയമം എങ്ങനെ ദുരുപയോഗം ചെയ്യപ്പെടാം എന്നതിന്റെ ഉദാഹരണമായിട്ടാണ് സന്തോഷിന്റെ അപേക്ഷകളെ കമ്മിഷണർ ചൂണ്ടിക്കാണിച്ചത്. വിവരാവകാശ നിയമത്തിലൂടെ യുവതിയുടെ ചിത്രം പോലും ആവശ്യപ്പെടുന്ന തലത്തിലേക്ക് സന്തോഷ് പോയി എന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. പിന്നാലെ 1,887 ചോദ്യങ്ങളടങ്ങിയ 97 അപേക്ഷകളും കമ്മിഷൻ തള്ളി. ഇത്തരം അപേക്ഷകൾ സമർപ്പിക്കുന്നത് തുടരുന്നതിനെതിരെ സന്തോഷിന് കർശന മുന്നറിയിപ്പും കമ്മിഷണർ നൽകി.

വിഷയവുമായി ബന്ധപ്പെട്ട്, 2026 നവംബർ അഞ്ചിന് പുറത്തുവിട്ട വിശദമായ ഉത്തരവിൽ, ഇത്തരത്തിലുള്ള അപേക്ഷകൾ തുടർന്നാൽ സന്തോഷിനെ മെഡിക്കൽ കൗൺസിലിങ്ങിന് അയയ്‌ക്കേണ്ടി വരുമെന്ന് കമ്മിഷണർ മുന്നറിയിപ്പ് നൽകി. 'നിയമത്തെ അവഹേളിക്കുന്ന രീതിയിൽ ബുദ്ധിശൂന്യമായ ഇത്തരം ആർ.ടി.ഐ അപേക്ഷകൾ ഇനിയും സമർപ്പിച്ചാൽ, നിങ്ങളെ മെഡിക്കൽ കൗൺസിലിങ്ങിന് വിധേയനാക്കാൻ ഞങ്ങൾ നിർബന്ധിതരാകും.' എന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, കമ്മിഷണർ അപേക്ഷകൾ തള്ളുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തതിന് പിന്നാലെ, നീതി തേടി കോടതിയെ സമീപിക്കുമെന്നാണ് സന്തോഷിന്റെ നിലപാട്.

Content Highlights: A man named A. Santosh from Tamil Nadu misused the Right to Information (RTI) Act by filing 97 applications with 1,887 questions to obtain personal information about his ex-girlfriend, including her whereabouts, marital status, and relationships. The Tamil Nadu Information Commission rejected all the applications, highlighting the misuse of the RTI Act, which is intended for ensuring transparency and accountability in governance, not for personal inquiries. The Information Commissioner warned Santosh against further misuse of the RTI Act and indicated that continued inappropriate applications could lead to mandatory medical counseling.