പ്രസവിച്ച ഭാര്യയെ കാണാനെത്തിയ ഗുണ്ടയെ ആശുപത്രിയിലിട്ട് വെട്ടിക്കൊന്നു; സംഭവം കിൽപ്പോക് മെഡി. കോളേജിൽ

ചെന്നൈ: വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായ യുവാവിനെ കിൽപ്പോക്ക് മെഡിക്കൽ കോളേജാശുപത്രിയിൽവെച്ച് വെട്ടിക്കൊന്നു. ചെന്നൈയ്ക്ക് സമീപം രാജമംഗലത്തെ ആദി (28) ആണ് അജ്ഞാതസംഘത്തിന്റെ വെട്ടേറ്റുമരിച്ചത്.
പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ ഞായറാഴ്ച അർധരാത്രി കാണാനെത്തിയതായിരുന്നു ആദി. ഹെൽമെറ്റ് ധരിച്ചെത്തിയ നാലംഗസംഘം വെട്ടിക്കൊന്നശേഷം ഉടൻ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കുറ്റവാളികളെ പിടികൂടാൻ പോലീസ് ഒൻപത് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആശുപത്രിയിലെ രോഗികളുടെ സംരക്ഷണത്തിനായി പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. പോലീസിന്റെ സാന്നിധ്യത്തിലാണ് കൊല നടന്നതെന്ന് ആശുപത്രിയിൽ രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെയും ചോദ്യംചെയ്യുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ. അരുൺ പറഞ്ഞു.
പോലീസ് കാവൽനിൽക്കവേ കൊലപാതകം നടന്നെന്നത് അതിശയിപ്പിക്കുന്നെന്നും പോലീസുകാർതന്നെ കൊലപാതകങ്ങളെയും കുറ്റകൃത്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി നേതാവ് അണ്ണാമലൈ കുറ്റപ്പെടുത്തി. . ഇത്തരം കുറ്റകൃത്യങ്ങൾ സ്വതന്ത്ര ഏജൻസികളെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
Content Highlights: A man with a criminal past was brutally hacked to death at Kilpauk Medical College Hospital, Chennai, by an unidentified gang. Police have launched a manhunt. Click for details.