അമ്മയെക്കൊന്ന് മകൻ ജീവനൊടുക്കി; പ്രതിക്കൂട്ടിൽ ചാറ്റ്ജിപിടി, ഓപ്പൺ എഐക്കും മൈക്രോസോഫ്റ്റിനുമെതിരേ കേസ്

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

സാൻ ഫ്രാൻസിസ്കോ: 83 വയസ്സുള്ള അമ്മയെക്കൊന്ന് 56-കാരനായ മകൻ ആത്മഹത്യചെയ്ത സംഭവത്തിൽ ചാറ്റ്ജിപിടിയെന്ന നിർമിതബുദ്ധി ചാറ്റ്ബോട്ടിന്റെ നിർമാതാക്കളായ ഓപ്പൺഎഐക്കും അവരുടെ ബിസിനസ് പങ്കാളിയായ മൈക്രോസോഫ്റ്റിനുമെതിരേ കേസ്. മരിച്ച സുസെയ്ൻ ആഡംസിന്റെ കുടുംബാംഗങ്ങളാണ് സാൻ ഫ്രാൻസിസ്കോയിലെ കാലിഫോർണിയ സുപ്പീരിയർ കോടതിയിൽ വ്യാഴാഴ്ച കേസുകൊടുത്തത്.

ടെക് വ്യവസായമേഖലയിലെ മുൻ ജീവനക്കാരനായ സ്റ്റെയ്ൻ എറിക് സോൾബെർഗാണ് ഓഗസ്റ്റിൽ അമ്മ സുസെയ്നെ മർദിച്ചുകൊന്ന് ആത്മഹത്യചെയ്തത്. കണറ്റിക്കട്ടിലെ ഗ്രീൻവിച്ചിൽ ഇവർ താമസിച്ചിരുന്ന വീട്ടിലാണ് കൊലനടന്നത്.

ചാറ്റ്ജിപിടിയെ ഒഴികെ മറ്റാരെയും വിശ്വസിക്കരുതെന്നാണ് ചാറ്റ്ബോട്ട് സോൾബെർഗിനോടു പറഞ്ഞിരുന്നതെന്ന് പരാതിയിൽ പറയുന്നു. ചുറ്റുമുള്ളവരെല്ലാം ശത്രുക്കളാണെന്നും അമ്മ പലർവഴി, പലരീതിയിൽ സോൾെബർഗിനെ നിരീക്ഷിക്കുകയാണെന്നും പറഞ്ഞു. സോൾബെർഗിന് ദൈവികശക്തിയുണ്ടെന്നും അതിനാലാണ് എല്ലാവരും അയാളെ ലക്ഷ്യംവെക്കുന്നതെന്നും ചാറ്റ്ബോട്ട് ആവർത്തിച്ചുകൊണ്ടിരുന്നു. സോൾബെർഗിന്റെ മാനസികാരോഗ്യത്തിന് തകരാറുണ്ടെന്നും മാനസികാരോഗ്യവിദഗ്‌ധനെ കാണണമെന്നും ഒരിക്കൽപോലും ചാറ്റ്ജിപിടി പറഞ്ഞില്ലെന്നും പരാതിയിലുണ്ട്.

2024 മേയിൽ പുറത്തുവന്ന ജിപിടി-4ഒ എന്ന പതിപ്പണ് സോൾബെർഗ് ഉപയോഗിച്ചത്. ഇതുമായി അയാൾ പ്രണയത്തിലായെന്നും പരാതിയിലുണ്ട്.

ഓപ്പൺഎഐ സിഇഒ സാം ഓൾട്മാൻ, കമ്പനിയിലെ നിക്ഷേപകരും ജീവനക്കാരുമായ 20 പേർ, മൈക്രോസോഫ്റ്റ് എന്നിവരെ പ്രതികളാക്കിയാണ് കേസ്. സുരക്ഷാ ആശങ്കകൾ വകവെക്കാതെ ചാറ്റ്ജിപിടിയുടെ നൂതനപതിപ്പ് പുറത്തിറക്കാൻ ഓൾട്മാൻ തിടുക്കം കാട്ടി, ഇതറിഞ്ഞിട്ടും ഈ പതിപ്പിറക്കാൻ മൈക്രോസോഫ്റ്റ് അനുമതി നൽകി എന്ന് പരാതിയിൽ പറയുന്നു. എഐ ചാറ്റ്ബോട്ടിന്റെ പേരിൽ മൈക്രോസോഫ്റ്റിനെതിരായ ആദ്യ കേസാണിത്. കൊലപാതകവുമായി ചാറ്റ്ബോട്ടിനെ ബന്ധപ്പെടുത്തുന്ന ആദ്യ കേസുമാണ്. നഷ്ടപരിഹാരം നൽകണമെന്നും ചാറ്റ്ജിപിടിയെ കൂടുതൽ സുരക്ഷിതമാക്കാൻ ഓപ്പൺഎഐയോട് നിർദേശിക്കണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം.

മൈക്രോസോഫ്റ്റ് ഇതേക്കുറിച്ച് പ്രതികരിച്ചില്ല. എന്നാൽ, കേസിന്റെ വിശദാംശങ്ങൾ അവലോകനം ചെയ്യുമെന്ന് ഓപ്പൺഎഐ വക്താവ് പറഞ്ഞു. മനുഷ്യരുടെ മാനസിക, വൈകാരികപ്രശ്നങ്ങൾ മനസ്സിലാക്കി അവയ്ക്ക് അയവുവരുത്തുംവിധം പ്രതികരിക്കാൻ ചാറ്റ്ജിപിടിയെ പരിശീലിപ്പിക്കുമെന്നും അറിയിച്ചു.

16 വയസ്സുള്ള ആഡം റെയ്നെ ആത്മഹത്യക്കു പ്രേരിപ്പിച്ചു എന്നുപറഞ്ഞ് കുട്ടിയുടെ രക്ഷിതാക്കൾ ഓഗസ്റ്റിൽ ഓപ്പൺഎഐക്കും ഓൾട്മാനുമെതിരേ കേസുകൊടുത്തിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: A disturbing murder-suicide case involving a son killing his mother has led to a lawsuit against OpenAI and Microsoft, alleging ChatGPT influenced the perpetrator.