ചാല സ്വർണക്കൊള്ള; 25 ലക്ഷത്തിന്റെ ക്വട്ടേഷൻ, കവർച്ചയ്ക്കായി റിഹേഴ്‌സലും നടത്തി, സ്വർണം കുഴിച്ചിട്ടനിലയിൽ

സ്കൂട്ടറിൽ സഞ്ചരിക്കവേ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്നും കവർച്ചക്കാർ സ്വർണ്ണം തട്ടിയെടുത്ത ചാല മരക്കട റോഡിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ  / മാതൃഭൂമി
സ്കൂട്ടറിൽ സഞ്ചരിക്കവേ വൈഷ്ണവി ജ്വല്ലറി ഉടമയിൽ നിന്നും കവർച്ചക്കാർ സ്വർണ്ണം തട്ടിയെടുത്ത ചാല മരക്കട റോഡിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു | ഫോട്ടോ: ബി മുരളീകൃഷ്‌ണൻ / മാതൃഭൂമി

തിരുവനന്തപുരം: ചാലയിലെ ജൂവലറി ഉടമയിൽനിന്ന് രണ്ടു കിലോഗ്രാം സ്വർണം കവർന്ന സംഭവത്തിന് പിന്നിൽ 25 ലക്ഷം രൂപയുടെ ക്വട്ടേഷനാണെന്ന് കണ്ടെത്തൽ. വൈഷ്ണവി ജൂവലറി ഉടമയായ നന്ദകുമാറിനെ സാമ്പത്തികമായി തകർക്കാൻ ചാലയിലെ മറ്റ് ജൂവലറി ഉടമകൾ ക്വട്ടേഷൻ നൽകി കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. ക്വട്ടേഷൻ സംഘത്തിന് മുൻകൂറായി നാല് ലക്ഷം രൂപ കൈമാറിയതിന്റെ തെളിവും പോലീസിന് ലഭിച്ചു.

നന്ദകുമാറിന്റെ ബിസിനസ് വളർച്ചയിൽ അസൂയാലുക്കളായ സമീപത്തെ ജൂവലറി ഉടമയും പ്രധാന പ്രതിയുമായ മഹാരാഷ്ട്ര സ്വദേശി അമൂലും കൂട്ടുപ്രതി ദിലീപും ചേർന്നായിരുന്നു ആസൂത്രണം. നഗരത്തിലെ ഒരു ബാറിലിരുന്നായിരുന്നു ആദ്യഘട്ട ഗൂഢാലോചന. ക്രിമിനൽ കേസുകളിൽ പ്രതിയായ അനിലിന് ക്വട്ടേഷൻ നൽകി. വലിയ അളവ് സ്വർണം നഷ്ടപ്പെടുന്നതോടെ നന്ദകുമാറിന് വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും കണക്കിൽപ്പെടാത്ത സ്വർണമായതിനാൽ പോലീസിൽ പരാതിപ്പെടില്ലെന്നുമായിരുന്നു ഇവർ കണക്കുകൂട്ടിയിരുന്നത്. ക്വട്ടേഷൻ ഏറ്റെടുത്ത അനിലിന്റെ സംഘാംഗമായ അനൂപ് രാജിന് അമൂലിന്റെ ബാങ്ക് അക്കൗണ്ട് വഴി നാല് ലക്ഷം രൂപ അഡ്വാൻസായി കൈമാറി.

നന്ദകുമാർ കടയിൽനിന്ന് പുറത്തിറങ്ങാൻ വൈകിയതിനാൽ കവർച്ചയ്ക്കുള്ള ആദ്യശ്രമം പരാജയപ്പെട്ടിരുന്നു. കവർച്ചയ്ക്ക് തലേദിവസം പ്രതികൾ സ്ഥലത്തെത്തി റിഹേഴ്സലും നടത്തിയിരുന്നു.

12-ന് രാത്രി കടയടച്ചശേഷം സ്വർണമടങ്ങിയ ബാഗുമായി വലിയശാലയിലെ വീട്ടിലേക്ക് സ്‌കൂട്ടറിൽ മടങ്ങുകയായിരുന്ന നന്ദകുമാറിനെ സഭാവതി കോവിൽ റോഡിൽ വെച്ച് ബൈക്കിലെത്തിയ അനിലും അനൂപും ചേർന്ന് ആക്രമിച്ച് സ്വർണം തട്ടിയെടുക്കുകയായിരുന്നു.

മോഷണദിവസം രാവിലെ അമൂൽ, നന്ദകുമാറിന്റെ കടയിലെത്തി 15 ലക്ഷം രൂപയുടെ സ്വർണം അവിടെ വിറ്റ് പണം വാങ്ങിയിരുന്നു.

രാത്രിയിൽ ഇതുൾപ്പെടെയുള്ള രണ്ടു കിലോഗ്രാം സ്വർണമാണ് കവർച്ചാസംഘം തട്ടിയെടുത്തത്. ഇതിൽ തന്റെ സ്വർണം മടക്കി നൽകണമെന്ന് അമൂൽ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് 48 മണിക്കൂറിനുള്ളിൽ പ്രതികളെല്ലാം പോലീസിന്റെ വലയിലായത്.

അനിൽ, അനൂപ്, വിനോദ് എന്നിവരെ വയനാട്ട് നിന്നും ഗൂഢാലോചന നടത്തിയ അമൂലും ദിലീപും തിരുവനന്തപുരത്തുനിന്നുമാണ് പിടിയിലായത്.

വയനാട് വെച്ച് രക്ഷപ്പെട്ട മറ്റൊരു പ്രതി ശ്രാവണിനെയും പിന്നീട് പോലീസ് പിടികൂടി. പോലീസ് കസ്റ്റഡിയിലുള്ള ജയറാം ഉൾപ്പെടെയുള്ള ഏഴ് പേരെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

തട്ടിയെടുത്ത സ്വർണം കുഴിച്ചിട്ടനിലയിൽ, 135 പവനോളം കണ്ടെടുത്തു

തിരുവനന്തപുരം: ചാലയിലെ സ്വർണക്കവർച്ച കേസിൽ കട്ടെടുത്ത കൂടുതൽ സ്വർണം വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽനിന്നു കണ്ടെടുത്തു. 135 പവനോളം സ്വർണമാണ് തിങ്കാളാഴ്ച രാത്രി കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഫോർട്ട് എസ്.എച്ച്.ഒ. ആർ.എസ്.ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തത്. അന്തിമ കണക്ക് തിട്ടപ്പെടുത്തിവരുകയാണെന്ന് പോലീസ് അറിയിച്ചു. ഇതുവരെ 202 പവൻ സ്വർണമാണ് കണ്ടെടുത്തിട്ടുള്ളത്. രണ്ട് കിലോയാണ് ആകെ തട്ടിയെടുത്തത്. നേരത്തേ വയനാട്ടിൽനിന്ന് പിടിയിലായപ്പോൾ പ്രതികളിൽനിന്ന് 67 പവനോളം ലഭിച്ചിരുന്നു.

പ്രതികളിൽ ചിലർ നേരത്തേ വെള്ളായണി ചെറുപാലമന്ദത്ത് വാടകയ്ക്കു താമസിച്ചിരുന്നു. ഇതാകാം ഇതിനു സമീപം സ്വർണം കുഴിച്ചിടാൻ കാരണമെന്നാണ് കരുതുന്നത്. പ്രതികളിലൊരാളായ അനൂപാണ് സ്വർണം കുഴിച്ചിട്ടത്.

തിങ്കളാഴ്ച രാവിലെ സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി.കൃഷ്ണയുടെയും അന്വേഷണ ഉദ്യോഗസ്ഥന്റെയും നേതൃത്വത്തിൽ നടത്തിയ ചോദ്യംചെയ്യലിലാണ് നിർണായക വിവരങ്ങൾ പോലീസിനു ലഭിച്ചത്.

അതേസമയം ചാലയിലെ മാളവിക ജൂവലറി ഉടമ ജയറാമിന്റെ അറസ്റ്റു പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റു ചില സാമ്പത്തിക തട്ടിപ്പ് കേസുകളിലാണിത്. സ്വർണക്കവർച്ച കേസിൽ ഇയാളുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു.

Content Highlights: Rs 25 lakh contract behind the robbery of 2 kilograms of gold from Chala jewellery owner Nandakumar., Rival jewellery owner Amool and Dileep masterminded the heist due to business rivalry., Police recovered 135 sovereigns of gold buried in an abandoned plot in Vellayani, bringing total recovery to 202 sovereigns., All primary suspects including Anil, Anoop, and Amool were arrested within 48 hours.