ചൈതന്യാനന്ദയുടെ ഫോണിൽ എയർ ഹോസ്റ്റസ് അടക്കമുള്ള സ്ത്രീകളുമായുള്ള ഫോട്ടോകൾ; കൂടുതൽ വിവരങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിലെ ആശ്രമത്തിൽ വെച്ച് 17 വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ 'ആൾദൈവ'ത്തിനെതിരായ അന്വേഷണത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. സ്വാമി ചൈതന്യനന്ദ സരസ്വതിയുടെ മൊബൈൽ ഫോണിൽനിന്ന് സ്ത്രീകളുമായുള്ള നടത്തിയ ഒട്ടേറെ ചാറ്റുകൾ പോലീസ് കണ്ടെടുത്തു. വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ വശീകരിക്കാൻ ഇയാൾ ശ്രമിച്ചിരുന്നതായി ചാറ്റുകളിൽനിന്ന് വ്യക്തമാണ്.
പാർത്ഥ സാരഥി എന്നറിയപ്പെടുന്ന ചൈതന്യനന്ദ ഒട്ടേറെ വിമാനക്കമ്പനികളുടെ എയർ ഹോസ്റ്റസുമാർ അടക്കമുള്ള വനിതാ ക്യാബിൻ ക്രൂ അംഗങ്ങൾക്കൊപ്പമുള്ള ഫോട്ടോകൾ ഫോണിൽ സൂക്ഷിച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇയാൾ ഒന്നിലധികം സ്ത്രീകളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രങ്ങളുടെ സ്‌ക്രീൻഷോട്ടുകളും സേവ് ചെയ്തിരുന്നു.
ഇയാളുടെ സഹായികളായ രണ്ട് സ്ത്രീകളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വസന്ത് കുഞ്ചിലെ ഒരു സ്വകാര്യ മാനേജ്മെന്റ് സ്ഥാപനമായ ശ്രീ ശാരദാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റിന്റെ മുൻ ഡയറക്ടറായ ഇയാൾക്കെതിരെ നിലവിൽ വിവിധ വകുപ്പുകളിലായി കേസുകളുണ്ട്. വനിതാ ഹോസ്റ്റലിൽ രഹസ്യമായി ക്യാമറകൾ സ്ഥാപിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.
ഇരകൾ പോലീസിൽ മൊഴി നൽകിയതിന് ശേഷം 50 ദിവസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ രണ്ട് ദിവസം മുൻപാണ് ആഗ്രയിലെ ഒരു ഹോട്ടലിൽനിന്ന് പിടികൂടിയത്. ഇയാൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിൽ കള്ളം പറയുകയാണെന്നും പോലീസ് പറഞ്ഞു.
വിസിറ്റിങ് കാർഡുകളും പാസ്പോർട്ടുകളും വ്യാജമായി നിർമ്മിക്കുന്നത് ഉൾപ്പെടെ ഒട്ടേറെ തട്ടിപ്പുകളിലും ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപണമുണ്ട്. യുണൈറ്റഡ് നേഷൻസ്, ബ്രിക്‌സ് അംബാസഡർ എന്ന് രേഖപ്പെടുത്തിയ രണ്ട് വ്യാജ വിസിറ്റിങ് കാർഡുകൾ ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ഇയാളുടെ സ്ഥാപനത്തിലെ വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് ഒരു പൂർവ്വ വിദ്യാർത്ഥി മാനേജ്‌മെന്റിന് കത്തെഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതിന് പിന്നാലെ ഇയാൾ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തുകയും മോശം സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നതായി വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചു.
തുടർന്ന്, മാനേജ്‌മെന്റ് ഡിപ്ലോമ വിദ്യാർത്ഥിനികളെ പീഡിപ്പിച്ചതായി ആരോപിച്ച് 17 വിദ്യാർത്ഥിനികൾ പോലീസിൽ മൊഴി നൽകി. കേസുമായി മുന്നോട്ട് പോകുന്നതിനെതിരെ ഇരകളിലൊരാളുടെ പിതാവിനെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ അടുത്ത സഹായി ഹരി സിങ് കോപ്‌കോട്ടി(38)യെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Chaithanyandanda sarwathy sexual abuse case: Pics With Air Hostesses, Profile Pic Screenshots collected