ജോലിക്കെത്താത്തത് തിരക്കി താമസസ്ഥലത്ത് ചെന്നു; ഹോട്ടൽഉടമയെ ജീവനക്കാരൻ കൊലപ്പെടുത്തി, പ്രതി പിടിയിൽ

ചടയമംഗലം: ജോലിക്കെത്താതിരുന്ന ജീവനക്കാരനെ തിരക്കിച്ചെന്ന ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തിക്കൊന്നു. എം.സി. റോഡിൽ കുരിയോട്ട് പ്രവർത്തിക്കുന്ന ഹോട്ടൽ ‘സ്പൈസി’യുടെ ഉടമ ആക്കൽ പുള്ളിപ്പച്ചയിൽ വീട്ടിൽ സക്കീർ ഹുസൈൻ (52) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഹോട്ടൽ ജീവനക്കാരൻ മംഗളൂരു ബെൽത്തങ്ങാടി പേരിമെന്താടി ഹൗസിൻ ഇർഷാദി(32)നെ പിന്നീട് തിരുവനന്തപുരം മണ്ണന്തലയിൽനിന്ന് പോലീസ് പിടികൂടി.
തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. കുറച്ചുനാളായി ഹോട്ടലിന്റെ നവീകരണം നടക്കുന്നതിനാൽ പാഴ്സൽ മാത്രമാണ് വിതരണംചെയ്തിരുന്നത്. സ്ഥിരം ജീവനക്കാരൻ നാട്ടിൽപ്പോയ ഒഴിവിലാണ്, ജീവനക്കാരന്റെ ബന്ധുവായ ഇർഷാദിനെ താത്കാലികമായി ജോലിക്കെടുത്തത്. ഇയാൾ ജോലിക്ക് സ്ഥിരമായി വരാത്തതിനെത്തുടർന്ന് അന്വേഷിച്ച് മുറിയിലെത്തിയതായിരുന്നു സക്കീർ ഹുസൈൻ. ഇതിനിടെ, പ്രകോപിതനായ പ്രതി കത്തികൊണ്ട് ഉടമയുടെ നെഞ്ചിൽ കുത്തുകയായിരുന്നു.
നിലവിളി കേട്ട് ആളുകൾ ഓടിയെത്തുമ്പോൾ കുത്തേറ്റ് നിലത്തു കിടക്കുകയായിരുന്നു സക്കീർ ഹുസൈൻ. ഉടൻ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: ഷംല. മക്കൾ: ഫായിസ്, ഫൈഹ. സക്കീർ ഹുസൈന് കടയ്ക്കലും വർക്കലയിലും ഹോട്ടലും ആക്കലിൽ തുണിക്കടയുമുണ്ട്.
ചടയമംഗലം എസ്.എച്ച്.ഒ. കണ്ണൻ, എസ്.ഐ.മാരായ ഡെന്നിസൺ അഗസ്റ്റ്യൻ, അഞ്ജിതാ ശ്രീകുമാർ, അലക്സാണ്ടർ, ഗിരി, സി.പി.ഒ.മാരായ അജിത്ത്, സജി, ജോബി, രാകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതി മുൻപ് ഇതേ ഹോട്ടലിൽ ജോലിചെയ്തിരുന്നെന്നും പെരുമാറ്റദൂഷ്യത്തെ തുടർന്ന് അന്നു പിരിച്ചുവിട്ടതായും പറയുന്നു.
Content Highlights: 52-year-old hotel owner Zakir Hussain murdered by temporary employee Irshad., Incident occurred in Chadayamangalam, Kerala, during a dispute over absenteeism., Suspect apprehended by police in Mannanthala, Thiruvananthapuram., The accused had a history of behavioral issues at the workplace.