ഓട്ടോയും ബൈക്കും ഇടിച്ചിട്ട് കാർ നിർത്താതെപോയി; ഡ്രെെവറെന്ന വ്യാജേന സ്റ്റേഷനിൽ ഹാജരായ യുവാവിനെതിരേ കേസ്

പാലാ (കോട്ടയം): നിർത്തിയിട്ട ഓട്ടോയും ബൈക്കും ഇടിച്ചുമറിച്ച് കാർ നിർത്താതെ പോയ കേസിൽ ഡ്രൈവറെന്ന വ്യാജേന പോലീസ് സ്റ്റേഷനിൽ ഹാജരായ ആൾക്കെതിരേ കേസെടുത്തു. അപകടത്തിൽപ്പെട്ട ഓട്ടോയിൽനിന്ന് തെറിച്ചുവീണ സ്ത്രീ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. മുണ്ടുപാലം പുത്തേട്ട്കുന്നേൽ റോസമ്മ ഉലഹന്നാനെയാണ് (68) തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
തലയ്ക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി 11-ന് പാലാ-രാമപുരം റോഡിൽ സിവിൽസ്റ്റേഷൻ ജങ്ഷനുസമീപത്തെ പലചരക്കുകടയുടെ മുന്നിലായിരുന്നു സംഭവം. പാലായിൽ മത്സ്യവ്യാപാരസ്ഥാപനം നടത്തുന്ന ഉലഹന്നാനും ഭാര്യയും കടയടച്ച് ഓട്ടോയിൽ വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. സാധനങ്ങൾ വാങ്ങാൻ പലചരക്കുകടയുടെ മുന്നിൽ നിർത്തിയതായിരുന്നു. റോസമ്മ ഓട്ടോയിൽതന്നെ ഇരുന്നു. ഈ സമയം ഇതുവഴിവന്ന കാർ റോഡരികിൽ നിർത്തിയിട്ട ഓട്ടോയും ബൈക്കും ഇടിച്ചുമറിച്ചശേഷം നിർത്താതെ പോവുകയായിരുന്നു.
ഓട്ടോയിൽനിന്ന് തലയടിച്ച് റോഡിൽവീണ റോസമ്മയുടെ ദേഹത്തേക്ക് ഓട്ടോ മറിഞ്ഞുവീണു. അപകടത്തിന്റെ സിസിടിവിദൃശ്യം പുറത്തുവന്നിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് കാർ കണ്ടെത്തി കസ്റ്റഡിയിൽ എടുത്തു. മുണ്ടുപാലം സ്വദേശി ജോർജ്കുട്ടിയുടേതാണ് കാറെന്ന് പോലീസ് പറഞ്ഞു. ഡ്രൈവർ എന്ന വ്യാജേന സ്റ്റേഷനിലെത്തിയ ഭരണങ്ങാനം സ്വദേശി മനുവിനെ (35) സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് സംഭവത്തിൽ പങ്കില്ലെന്ന് മനസ്സിലായത്. ഇയാൾക്കെതിരേ കേസെടുത്ത് ജാമ്യത്തിൽവിട്ടു. എന്നാൽ, അപകടസമയത്ത് കാർ ഓടിച്ചിരുന്നയാളെ പോലീസ് തിരയുകയാണ്. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചശേഷം യഥാർഥ പ്രതിയെ പിടികൂടുമെന്ന് പാലാ പോലീസ് അറിയിച്ചു.
Content Highlights: case against youth who appeared in police station as driver caused accident