18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകൾ, തീപ്പൊരിപോലും വൻ ദുരന്തത്തിന് വഴിവെച്ചേക്കും; ഒഴിവായത്‌ വൻ അപകടം

#ന്യൂസ് ഡെസ്ക്
• പാരിപ്പള്ളി ഐ.ഒ.സി. പ്ലാന്റിലേക്ക് ഇടിച്ചുകയറ്റിയ കാർ, ഷിനുരാജ്, ജയൻ
• പാരിപ്പള്ളി ഐ.ഒ.സി. പ്ലാന്റിലേക്ക് ഇടിച്ചുകയറ്റിയ കാർ, ഷിനുരാജ്, ജയൻ

ചാത്തന്നൂർ: പാചകവാതകം നിറച്ച ബുള്ളറ്റ് ടാങ്കറുകൾ പാർക്കുചെയ്തിരുന്ന പാരിപ്പള്ളി ഐ.ഒ.സി. ബോട്ട്‍ലിങ് പ്ലാന്റിലെ അതീവസുരക്ഷാമേഖലയിലേക്ക് കാർ ഇടിച്ചുകയറ്റി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി 7.20-നായിരുന്നു സംഭവം. ടാങ്കറുകളിൽ കാർ ഇടിച്ചെങ്കിലും വാതകച്ചോർച്ച സംഭവിക്കാത്തതിനാൽ വൻ ദുരന്തം ഒഴിവായി.

സംഭവവുമായി ബന്ധപ്പെട്ട് പരവൂർ കൂനയിൽ പുലിക്കുളത്ത് കിഴക്കതിൽ ഷിനു രാജ് (28), പൂതക്കുളം ഈഴംവിള കല്ലുവിള വീട്ടിൽ ജയൻ (47) എന്നിവരെ പാരിപ്പള്ളി പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജി.പി.എസ്. നോക്കി വർക്കലയിലേക്കു യാത്രചെയ്യുകയായിരുന്നു കാറിലുണ്ടായിരുന്നവർ. വാഹനമോടിച്ചയാൾ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതിനാൽ, വഴിതെറ്റിയാണ് ഐ.ഒ.സി. ഭാഗത്തേക്കെത്തിയതെന്ന് പോലീസ് പറയുന്നു. അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് ഉള്ളിലേക്കു കയറുകയായിരുന്നു.

പ്ലാന്റിൽ പാചകവാതകവുമായി എത്തിയ 20 ബുള്ളറ്റ് ടാങ്കറുകൾ യാഡിൽ നിർത്തിട്ടിരിക്കുമ്പോഴാണ് കാർ അതിവേഗത്തിൽ ടാങ്കറുകൾക്കിടയിലേക്കു പാഞ്ഞുകയറിയത്. ഗേറ്റും മറ്റും ഇടിച്ചുതകർത്താണ് കാർ ഉള്ളിലേക്കു പാഞ്ഞത്. തുടർന്ന് ടാങ്കറുകളിൽ ഇടിച്ചുനിൽക്കുകയായിരുന്നു. എന്നാൽ, ടാങ്കറുകളുടെ വാൽവുകളിൽ തട്ടാത്തതിനാൽ വാതകച്ചോർച്ച വഴി ഉണ്ടാകുമായിരുന്ന ദുരന്തമൊഴിവായി.

സുരക്ഷാജീവനക്കാർ ഓടിയെത്തിയെങ്കിലും കാറിന്റെ മരണപ്പാച്ചിൽ തടയാനായില്ല. അപകടത്തെത്തുടർന്ന് കാർ നിശ്ചലമായതോടെ വാഹനത്തിലുണ്ടായിരുന്നവരെ ജീവനക്കാർ ചേർന്നു പിടികൂടാൻ ശ്രമിച്ചു. ഇതിനിടെ, പ്രതികൾ സുരക്ഷാജീവനക്കാരെ അസഭ്യംപറയുകയും മർദിക്കുകയും ചെയ്തു. ഇവിടെ പാർക്ക് ചെയ്തിരുന്ന നിരവധി ട്രക്കുകൾക്ക് ഏകദേശം 25,000 രൂപയുടെ നാശനഷ്ടം വരുത്തിയതായും പോലീസ് പറഞ്ഞു. പാരിപ്പള്ളി ഇൻസ്‌പെക്ടർ ആശാ വി.രേഖ, എസ്.ഐ. മനു, എ.എസ്.ഐ. തോമസ് എന്നിവരടങ്ങിയ സംഘമെത്തിയാണ് പ്രതികളെ പിടികൂടിയത്.

ഒഴിവായത്‌ വൻ അപകടം

: 15 മുതൽ 18 ടൺ വരെ പാചകവാതകം സംഭരിച്ച ബുള്ളറ്റ് ടാങ്കറുകളാണ് യാഡിൽ ഉണ്ടായിരുന്നത്. ഓരോ ടാങ്കറിലും ഏകദേശം 342 സിലിൻഡർ വീതം അഞ്ചു ലോറികളിൽ വിതരണംചെയ്യാൻ കഴിയുന്ന അളവിൽ വാതകമുണ്ടായിരുന്നു. ബോട്ടിലിങ്‌ പ്ലാന്റിലെ സംഭരണിയിലേക്ക് വാതകം ശേഖരിക്കുന്നതിനുള്ള ഊഴംകാത്തു കിടന്ന ടാങ്കറുകളിലേക്കാണ് കാർ ഇടിച്ചുകയറിയത്. വാതകച്ചോർച്ചയോ ചെറിയൊരു തീപ്പൊരിയോ പോലും വലിയ ദുരന്തത്തിനു വഴിവെച്ചേക്കാവുന്ന സാഹചര്യമായിരുന്നു. കൊല്ലം മെഡിക്കൽ കോളേജിനു സമീപമാണ്‌ ഈ മേഖല. അപകടത്തിൽ ടാങ്കറുകൾക്കു ചെറിയ കേടുപാടുകൾ സംഭവിച്ചപ്പോൾ, കാറിന് വലിയ തകരാറുണ്ടായി.

Content Highlights: A speeding car crashed into the high-security Parippally IOC bottling plant yard., Two individuals were arrested by Parippally police for driving under the influence and causing damage., No gas leakage occurred, averting a massive explosion and disaster near Kollam.