കാനഡ വിസ ഓണ്‍ലൈനില്‍ തിരഞ്ഞു, പിന്നാലെ ഫോണ്‍കോള്‍; തട്ടിയപണം വീണ്ടെടുത്ത് പോലീസ്

ഒറ്റപ്പാലം: വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തിയ കേസില്‍ പോലീസ് പണം തിരിച്ചുപിടിച്ചു. ഒറ്റപ്പാലം വരോട്ട് താമസിക്കുന്ന കോട്ടയം സ്വദേശിയായ 61-കാരന്റെ പരാതിയിലാണ് പോലീസിന്റെ ഇടപെടല്‍. 39000 രൂപയാണ് പോലീസ് സൈബര്‍ ക്രൈം പോര്‍ട്ടലിന്റെ സഹായത്തോടെ വീണ്ടെടുത്ത് നല്‍കിയത്.
കഴിഞ്ഞ ജൂലായ് മാസത്തിലാണ് കാനഡയിലേക്കുള്ള വിസക്കെന്ന പേരില്‍ ഒറ്റപ്പാലം വരോട് താമസിക്കുന്ന കോട്ടയം സ്വദേശിയെ ഓണ്‍ലൈന്‍വഴി കബളിപ്പിച്ച് പണം തട്ടിയത്. കാനഡയില്‍ പോകുന്നതിനായി ഇയാള്‍ വെബ്‌സൈറ്റുകളില്‍ പരിശോധനനടത്തിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ക്ക് വാട്‌സാപ്പില്‍ വിസയും ജോലിയും വാഗ്ദാനം ചെയ്ത് കോള്‍വരുന്നത്.
പ്രായം കൂടുതലുള്ളതിനാല്‍ കൂടുതല്‍ പണമാകുമെന്ന് വിശ്വസിപ്പിച്ചു. ഇതിനായി വ്യാജ വെബ്‌സൈറ്റും പരിചയപ്പെടുത്തിയിരുന്നു. ഇതില്‍ വിശ്വസിച്ചതിനെ തുടര്‍ന്നാണ് രണ്ടു ഘട്ടമായി 39000 രൂപ അയച്ചുനല്‍കിയത്. എന്നാല്‍ പിന്നീട് ഇയാളെ ഫോണില്‍ കിട്ടാത്ത സ്ഥിതിയായി. ഇതോടെ സംശയം തോന്നുകയും ഒറ്റപ്പാലം പോലീസിനെ സമീപിക്കുകയുമായിരുന്നു. തുടര്‍ന്ന് യു.പി.ഐ മുഖാന്തരം പണം കൈമാറിയ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഹരിയാനയിലെ ബാങ്കിലാണെന്ന് തിരിച്ചറിഞ്ഞത്.
ഇത്രയും തുക അക്കൗണ്ടിലുണ്ടെന്ന് കണ്ടതോടെ എന്‍.സി.ആര്‍.പി (നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍)മുഖാന്തരം ഇടപ്പെട്ട് അക്കൗണ്ട് മരവിപ്പിച്ചു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് പണം പരാതിക്കാരന് കൈമാറാന്‍ ഉത്തരവായത്. ഉത്തരവ് ബാങ്കിന് കൈമാറിയതിന് പിന്നാലെ പണം പരാതിക്കാരന്റെ അക്കൗണ്ടില്‍ തിരിച്ചെത്തി. കൃത്യസമയത്ത് പരാതി നല്‍കിയതും പരാതിയില്‍ സമയം പാഴാക്കാതെ പോലീസ് നടപടി സ്വീകരിച്ചതുമാണ് പണം തിരികെ ലഭിക്കാനിടയാക്കിയത്.
Content Highlights: canada visa searched online followed by phone call money recovered from fraudsters by the police