മാട്രിമോണിയല്‍ സൈറ്റിലൂടെ കെണി; കംബോഡിയന്‍ സൈബര്‍ തട്ടിപ്പുസംഘത്തിലെ രണ്ട് മലയാളികള്‍ പിടിയില്‍

തൃശ്ശൂര്‍: കംബോഡിയന്‍ സൈബര്‍ തട്ടിപ്പുസംഘത്തിലെ രണ്ടു മലയാളികളെ പിടികൂടി തൃശ്ശൂര്‍ സൈബര്‍ക്രൈം പോലീസ്. തൃശ്ശൂര്‍ സ്വദേശിയുടെ ഒരു ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ മലപ്പുറം ആനക്കല്ല് ഉപ്പട ചെമ്പകത്തിനാല്‍ വീട്ടില്‍ സി. അഞ്ജു ബാബു(31), മലപ്പുറം ചുങ്കത്തറ എടമല പൊട്ടാരത്ത് വീട്ടില്‍ മുഹമ്മദ് ഹാഷിക്ക് (28) എന്നിവരെയാണ് കംബോഡിയയില്‍നിന്ന് വരുന്ന വഴി ബെംഗളൂരു എയര്‍പോര്‍ട്ടില്‍വച്ച് തൃശ്ശൂര്‍ പോലീസ് പിടികൂടിയത്.
മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് തട്ടിപ്പിന് തുടക്കം. തൃശ്ശൂര്‍ സ്വദേശിയുമായി പരിചയപ്പെട്ട യുവതി വിവാഹവാഗ്ദാനം നല്‍കി വിശ്വാസം നേടുകയായിരുന്നു. തുടര്‍ന്ന് ക്രിപ്റ്റോ കറന്‍സി ട്രേഡിലൂടെ വന്‍തുക സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ചു. ഇതിനായാണ് ഒരു ലക്ഷം രൂപ വാങ്ങിയത്. 2024 മേയ് മാസത്തില്‍ വാങ്ങിയ പണം തിരിച്ചുകിട്ടാതായതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതിപ്പെട്ടത്.
അന്വേഷണത്തില്‍ കംബോഡിയയിലെ ഒരു സംഘത്തിലെ രണ്ടു കണ്ണികളാണ് പ്രതികളെന്ന് മനസ്സിലായി. പ്രതികള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കംബോഡിയയില്‍നിന്ന് നാട്ടിലേക്ക് വരുംവഴി ബെംഗളൂരു പോലീസ് പ്രതികളെ തടഞ്ഞുവെച്ച് തൃശ്ശൂര്‍ സൈബര്‍ക്രൈം പോലീസിനെ അറിയിക്കുകയായിരുന്നു.
സൈബര്‍ ക്രൈം പോലീസ് ഇന്‍സ്‌പെക്ടര്‍ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ജയന്‍, ആര്‍.എന്‍. ഫൈസല്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ പി. പ്രതിഭ, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിബി അനൂപ്, ടി.സി.ചന്ദ്രപ്രകാശ് എന്നിവരാണുണ്ടായിരുന്നത്.
Content Highlights: Two Malayalis arrested in Bengaluru online matrimony scam linked to a Cambodian cybercrime ring