വിദ്യാർഥിനിയ്ക്കുനേരെ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും

തിരുവനന്തപുരം: പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ബസ് കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയും വിധിച്ച് അതിവേഗ കോടതി. അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശിയായ അരുൺകുമാറിനെയാണ് (46) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റിയുടെ നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികമായി തടവ് അനുഭവിക്കണം.
2024 സെപ്റ്റംബർ 23-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാടുനിന്ന് കിഴക്കേക്കോട്ടയിലേക്ക് പോകുന്ന ബസ്സിൽവെച്ചാണ് പ്രതി പെൺകുട്ടിയ്ക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി സ്കൂളിൽ പോയിരുന്ന ബസ്സിലെ കണ്ടക്ടറായ പ്രതി തിരക്കിനിടയിൽ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
സംഭവത്തിൽ ഭയന്ന കുട്ടി വിവരം പുറത്തുപറഞ്ഞില്ല. എന്നാൽ, മറ്റുയാത്രാസൗകര്യങ്ങൾ ഇല്ലാത്തതിനാൽ തുടർന്നും ഇതേ ബസ്സിൽ തന്നെ യാത്രചെയ്യേണ്ടിവന്നു. പ്രതിയെ സ്ഥിരമായി കാണുന്നത് കുട്ടിയെ കടുത്ത മാനസിക വിഷമത്തിലേക്കും വിഷാദത്തിലേക്കും നയിച്ചു. കുട്ടിയെ കൗൺസിലിങ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
അരുവിക്കര പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സുനിൽകുമാർ എൻ, മ്യൂസിയം സബ് ഇൻസ്‌പെക്ടർ ഷിജു വി.എൽ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം പൂർത്തിയാക്കിയത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ് വിജയ് മോഹൻ കോടതിയിൽ ഹാജരായി. കേസിന്റെ വിചാരണ വേളയിൽ പ്രോസിക്യൂഷൻ 17 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
Content Highlights: Bus Conductor Sentenced to 5 Years for Assaulting Schoolgirl. Traumatized Student Exposed a Bus Conductor’s Crime