'ആരാണ് ബോബി? നാടകം വേണ്ട, ജാമ്യം റദ്ദാക്കാനും അറിയാം'; ബോബിക്കെതിരേ രൂക്ഷപരാമർശവുമായി കോടതി

കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാനുമറിയാമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. നാടകം വേണ്ടെന്ന് കോടതി ബോബിയുടെ അഭിഭാഷകരോട് പറഞ്ഞു. മറ്റ് പ്രതികള്‍ക്കുവേണ്ടി ജയിലില്‍ തുടരുമെന്ന് പറയാന്‍ ബോബി ചെമ്മണൂര്‍ ആരാണെന്നും കോടതി ചോദിച്ചു.
ബോബി സൂപ്പര്‍ കോടതി ചമയേണ്ട. തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം. പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണനടത്താനും കോടതിക്കറിയാമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കി. ജാമ്യം ലഭിച്ചിട്ടും ബോബി എന്തിന് ജയിലില്‍ തുടര്‍ന്നുവെന്ന് ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പ് അറിയിക്കണമെന്നും കോടതി പ്രതിഭാഗം അഭിഭാഷകനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചെങ്കിലും ജയിലിൽനിന്ന് പുറത്തിറങ്ങാൻ ബോബി ചെമ്മണൂർ തയ്യാറായിരുന്നില്ല. തുടർന്ന്, ബുധനാഴ്ച രാവിലെ പത്തുമണിയോടെയാണ് ബോബി ചെമ്മണൂര്‍ കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയിട്ടില്ലെന്നും അതിനാലാണ് മോചനം വൈകുന്നതെന്നുമായിരുന്നു ജയില്‍ അധികൃതരുടെ വിശദീകരണം.
ബോബിയെ സ്വീകരിക്കാനായി അദ്ദേഹത്തിന്റെ അനുയായികളായ ഒട്ടേറെ സ്ത്രീകളടക്കമുള്ളവരും കഴിഞ്ഞദിവസം ജയിലിന് മുന്നിലെത്തിയിരുന്നു. ഇവരുടെ ചില പരാമര്‍ശങ്ങളും ചര്‍ച്ചയായി. ജാമ്യം ലഭിച്ചിട്ടും ജാമ്യത്തുക കെട്ടിവെയ്ക്കാന്‍ ഇല്ലാത്തതിനാല്‍ ജയിലില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ബോബി ജയിലില്‍നിന്ന് ഇറങ്ങാത്തതെന്നും കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതിനിടെയാണ് ബുധനാഴ്ച രാവിലെ ബോബിയുടെ കേസില്‍ ഹൈക്കോടതിയില്‍നിന്ന് അസാധാരണനീക്കമുണ്ടായത്.
Content Highlights: Kerala High Court criticizes Boby Chemmanur for delaying released despite bail in Honey Rose case