ബി.ജെ.പി. പ്രവർത്തകന്റെ വീടാക്രമിച്ച കേസ്; 10 സി.പി.എം. പ്രവര്‍ത്തകര്‍ക്ക് 24,000 രൂപ വീതം പിഴ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തലശ്ശേരി: പിണറായിയിലെ ബി.ജെ.പി. പ്രവർത്തകൻ രമിത്തിന്റെ വീടാക്രമിച്ച കേസിൽ 10 സി.പി.എം. പ്രവർത്തകരെ കോടതി പിരിയുംവരെ തടവിനും 24,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. ശിക്ഷിക്കപ്പെട്ട പ്രതികളിൽ ആറുപേർ സംഭവത്തിന്‌ നാലുമാസത്തിനുശേഷം രമിത്തിനെ കൊലപ്പെടുത്തിയ കേസിലും പ്രതികളാണ്.

വീടാക്രമിച്ച കേസിൽ പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം വീതം തടവിന് തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു. പിഴയടച്ചാൽ 50,000 രൂപ രമിത്തിന്റെ അമ്മ നാരായണിക്ക് നൽകണം. വീട്ടിൽ അതിക്രമിച്ച് കയറൽ, ഭീഷണിപ്പെടുത്തൽ, നാശമുണ്ടാക്കൽ എന്നീ കുറ്റങ്ങൾക്കാണ് ശിക്ഷിച്ചത്.

2016 മേയ് 19-ന് രാത്രിയാണ് സംഭവം. കോയിപ്രത്ത് രാജൻ, സദാനന്ദൻ, സി.കെ. അബ്ദുറഹീം, കെ. തേജസ്, എൻ.കെ. സുനിൽ, രതീശൻ, മധു, സി.കെ. അഹദ്, ശ്രീജേഷ്, കെ. ജ്യോതിഷ് എന്നിവരെയാണ് ശിക്ഷിച്ചത്. രമിത്തിനെ കൊലപ്പെടുത്തിയ കേസിൽ അഹദ്, ജ്യോതിഷ്, അബ്ദുറഹീം, തേജസ്, സുനിൽ, രതീശൻ എന്നിവർ പ്രതികളാണ്.

കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ സെപ്റ്റംബർ ഏഴിന് തുടങ്ങും. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി അഡ്വ. ടി. സുനിൽകുമാറിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് രമിത്തിന്റെ അമ്മ നാരായണി നൽകിയ ഹർജി സർക്കാരിന്റെ പരിഗണനയിലാണ്. രമിത്തിന്റെ അച്ഛൻ ബസ് ഡ്രൈവറായിരുന്ന ഉത്തമനെ ഇരിട്ടിയിൽവെച്ച് കൊലപ്പെടുത്തിയിരുന്നു. കേസിൽ പ്രതികളായ സി.പി.എം. പ്രവർത്തകരെ കോടതി വെറുതേവിട്ടിരുന്നു.

Content Highlights: BJP Worker home invasion case; 10 cpm workers fine of Rs 24,000 each was imposed on the