ബിജെപി ഓഫീസിലേക്ക് ചാക്കിൽ പണം കടത്തിയെന്ന ആരോപണം: അക്ഷയ്‌ക്കെതിരേ പരാതി നൽകി ബിജെപി

തൃശ്ശൂർ: ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം രൂപ കടത്തിയതായി ആരോപിച്ച മുൻ ജില്ലാ ഓഫീസ് ജീവനക്കാരൻ പാനേഴത്ത് അക്ഷയ്‌ക്കെതിരേ ബി.ജെ.പി. സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻജേക്കബ് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
സ്വഭാവദൂഷ്യത്തിന്റെ പേരിൽ ജില്ലാ ഓഫീസിൽനിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരനാണ് അക്ഷയ് എന്നും അതിന്റെ പ്രതികാരം തീർക്കാനായി കള്ള ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും പരാതിയിൽ പറയുന്നു.
അതേസമയം, ആരോപണത്തിനാധാരമായ തെളിവുകൾ അക്ഷയ്യുടെ പക്കലുണ്ടെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പറയുന്നു. ചിത്രങ്ങളും സംഭാഷണങ്ങളും വീഡിയോകളുമുണ്ട്. തക്കസമയത്ത് അവ ഹാജരാക്കുമെന്നും അവർ അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുൻപാകെയാണ് അക്ഷയ് ആരോപണമുന്നയിച്ചത്.
2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്നു ദിവസം മുൻപ് മൂന്നരക്കോടിയുടെ കുഴൽപ്പണം കൊടകരയിൽ കവർച്ചചെയ്യപ്പെട്ട സംഭവത്തിലും ബി.ജെ.പി. ആരോപണവിധേയമായിരുന്നു. കേസന്വേഷിച്ച കേരള പോലീസിന്, കവർച്ചചെയ്യപ്പെട്ട മൂന്നരക്കോടിയിൽ 1.38 കോടി എവിടെയെന്ന് കണ്ടെത്താനായില്ല.
രണ്ടു കുറ്റപത്രങ്ങൾ സമർപ്പിച്ച്, കേരള പോലീസ് കേസ് പാതിയിൽ ഉപേക്ഷിച്ചനിലയിലാണ്. കേസിൽ ബി.ജെ.പി.ക്കാർ ആരും പ്രതികളല്ല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാകട്ടെ (ഇ.ഡി.), കുഴൽപ്പണത്തെപ്പറ്റി അന്വേഷിക്കാതെ പണം തട്ടിക്കൊണ്ടുപോയതിനെക്കുറിച്ചുമാത്രം റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കുകയും ചെയ്തു.
2021 ജൂലായ് 28-ന് കള്ളനോട്ടും അച്ചടിക്കുന്ന യന്ത്രവുമായി കൊടുങ്ങല്ലൂരിലെ രണ്ടു ബി.ജെ.പി. പ്രവർത്തകരെ പിടികൂടിയതാണ് പാർട്ടിക്ക് ദോഷമുണ്ടാക്കിയ മറ്റൊരു കേസ്. ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയില്ല. ഇതിനിടെയാണ് ബി.ജെ.പി.യുടെ മുൻ ജില്ലാ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷ് കുഴൽപ്പണത്തെപ്പറ്റി വെളിപ്പെടുത്തൽ നടത്തിയത്.
ചാക്കുകണക്കിന് പണം 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പുസമയത്ത് ജില്ലാ ഓഫീസിൽ എത്തിയെന്നായിരുന്നു 2024 ഒക്േടാബർ 31-ന് വെളിപ്പെടുത്തിയത്. ഇതിലും തുടർനടപടിയുണ്ടായില്ല.
Content Highlights: BJP Thrissur District President Justin Jacob files complaint against former employee Akshay. Allegations involve 25 crore rupees moved in 17 sacks to the BJP office. BJP claims the allegations are an act of revenge by a terminated employee. Context includes the unresolved 2021 Kodakara hawala case and previous controversies. Supporters of Akshay claim to possess video and audio evidence.