ബിജെപിയിലെ ഫണ്ട് തട്ടിപ്പ് സ്ഥിരീകരിച്ച് രാജീവ് ചന്ദ്രശേഖർ; പരാതികൾ അച്ചടക്ക സമിതിക്ക് കൈമാറി

തിരുവനന്തപുരം: പാർട്ടിയിലെ ഫണ്ട് തട്ടിപ്പ് പരാതികൾ ഔദ്യോഗികമായി സ്ഥിരീകരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർട്ടിക്കകത്ത് ഫണ്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ബിജെപി ഭാരവാഹികളുടെ യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാന ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ഫണ്ട് തട്ടിപ്പ് വിവാദം പ്രധാന ചർച്ചാവിഷയമായത്.
കെ.എസ്. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, ഡോ. അബ്ദുൽ സലാം എന്നിവർ യോഗത്തിൽ ഈ വിഷയം ഉന്നയിക്കുകയും നേതൃത്വത്തിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തനിക്ക് ലഭിച്ച പരാതികൾ കുമ്മനം രാജശേഖരനും ട്രഷറർ ഇ. കൃഷ്ണദാസും അടങ്ങുന്ന അച്ചടക്ക സമിതിക്ക് കൈമാറിയതായി രാജീവ് ചന്ദ്രശേഖർ യോഗത്തെ അറിയിച്ചു.
ഈ പരാതികളുടെ അടിസ്ഥാനത്തിൽ ആരോപണവിധേയരായ ചിലർക്ക് ഇതിനോടകം തന്നെ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ പേർക്ക് നോട്ടീസ് നൽകുമെന്നും അച്ചടക്ക സമിതിയുടെ പരിശോധനയുടെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖകളിൽ ഉൾപ്പെട്ട ബിജെപി വൈസ് പ്രസിഡന്റ് കെ. സോമൻ യോഗത്തിൽ തന്റെ അതൃപ്തി രേഖപ്പെടുത്തി. കൊടകര കുഴൽപ്പണ കേസ് വിവാദമായപ്പോൾ പാർട്ടി പ്രതിരോധിക്കാൻ നിന്നതുപോലെ ഈ വിഷയത്തിൽ തനിക്കുണ്ടായില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടു. എന്നാൽ ഇതിന് സംസ്ഥാന അധ്യക്ഷൻ മറുപടി നൽകാൻ തയ്യാറായില്ല.
തൃശ്ശൂരിലെ പണം വെട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഓഫീസ് സെക്രട്ടറി ഉന്നയിച്ച ആരോപണങ്ങൾ പാർട്ടിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിൽ, ഇതിനെതിരെ മാനനഷ്ടക്കേസ് നൽകണമെന്ന ശക്തമായ നിലപാടാണ് രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചത്. മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തലുകൾ തനിക്ക് വലിയ തോതിലുള്ള സമ്മർദം ഉണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു.
Content Highlights: Rajeev Chandrasekhar confirms receipt of multiple fund fraud complaints. Disciplinary committee headed by Kummanam Rajasekharan tasked with the probe. Show-cause notices issued to several party members. Legal action including defamation case planned against former office secretary. Internal dissatisfaction noted regarding party defense strategies.