യുവാവിനെ കണ്ടൽചതുപ്പിൽ താഴ്ത്തിയ കേസ്: സരോവരത്തെ കണ്ടൽക്കാട്ടിൽ ഇന്ന് പരിശോധന

കോഴിക്കോട്: ആറുവർഷംമുൻപ് സുഹൃത്തുകൾ ചേർന്ന് കണ്ടൽക്കാട്ടിലെ ചതുപ്പിൽ കല്ലുകെട്ടി താഴ്‌ത്തിയ 29-കാരന്റെ ബൈക്ക് അന്വേഷണസംഘം തെളിവെടുപ്പിനിടെ കണ്ടെത്തി. കല്ലായി റെയിൽവേ സ്റ്റേഷൻ പാർക്കിങ് യാർഡിന് വടക്കുവശത്തെ കുറ്റിക്കാട്ടിൽനിന്ന് ചൊവ്വാഴ്ച സന്ധ്യക്കാണ് വെസ്റ്റ്ഹിൽ വേലത്തിപടിക്കൽ വിജിലി(29)ന്റെ ബൈക്ക് ലഭിച്ചത്.
ഈ കേസിൽ തിങ്കളാഴ്ച കൊയിലാണ്ടി കോടതി റിമാൻഡ് ചെയ്ത എരഞ്ഞിപ്പാലം വാഴത്തിരുത്തി സ്വദേശി കെ.കെ. നിഖിലിനെയും (35), വേങ്ങേരി തടമ്പാട്ടുത്താഴം സ്വദേശി എസ്. ദീപേഷിനെയും അന്വേഷണസംഘം ചൊവ്വാഴ്ച ഉച്ചയോടെ കസ്റ്റഡിയിൽ വാങ്ങി. ഇതിൽ നിഖിലിനെ കല്ലായി റെയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപവും തെളിവെടുപ്പിന് എത്തിച്ചു. കൃത്യത്തിനുശേഷം 2019 മാർച്ച് 24-ന് രാത്രി വിജിലിന്റെ ബൈക്കും മൊബൈലും കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എത്തിച്ചെന്നും കുറച്ചുദിവസം കഴിഞ്ഞ് ഇവ കല്ലായി റെയിൽവേ സ്റ്റേഷനിലേക്കും മാറ്റിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയത്.
ഇതിൽ, കല്ലായി റെയിൽവേ സ്റ്റേഷനിൽ അന്ന് ബൈക്ക് വെച്ചിരുന്ന സ്ഥാനം കാണിച്ചുകൊടുത്തെങ്കിലും അവിടെ ബൈക്ക് ഇല്ലാത്തതിനാൽ പോലീസ് പ്രതിയുമായി മടങ്ങി. മടക്കയാത്രയ്ക്കിടെ ലഭിച്ച ഒരു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വീണ്ടും തിരിച്ചുപോയാണ് സ്റ്റേഷൻവളപ്പിലെ കാടുപിടിച്ച സ്ഥലത്ത് പരിശോധന നടത്തുന്നതും വിജിലിന്റെ ബൈക്ക് കണ്ടെടുക്കുന്നതും. ഈ ബൈക്ക് നിഖിൽ കണ്ട് തിരിച്ചറിഞ്ഞു. എന്നാൽ, ഇതിനൊപ്പമുണ്ടായിരുന്ന മൊബൈൽഫോൺ കണ്ടെത്താനായിട്ടില്ല.
പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ വിജിലിന്റെ മൃതദേഹം കണ്ടെത്താൻ ബുധനാഴ്ച രാവിലെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ സരോവരത്തെ കണ്ടൽക്കാട്ടിൽ തിരച്ചിൽ നടത്തും. മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചാൽ തുടർനടപടികൾ അവിടെവെച്ചുതന്നെ പൂർത്തീകരിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിലെ മെഡിക്കൽ ഫൊറൻസിക് സംഘം, പോലീസിന്റെ ഫൊറൻസിക് സയന്റിഫിക് സംഘം, തഹസിൽദാർ ഉൾപ്പെടെയുള്ള റവന്യൂസംഘം എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും തിരച്ചിൽ. രണ്ട് പ്രതികളെയും രണ്ടുസമയത്തായി കണ്ടൽപ്രദേശത്ത് എത്തിച്ച് സ്ഥലം സ്ഥിരീകരിച്ചു. ഇവിടെ പോലീസ് ബന്തവസ് ഏർപ്പെടുത്തി. കണ്ടൽപ്രദേശത്തെ വെള്ളം വറ്റിച്ചാവും പരിശോധന.
Content Highlights: bike of the dead person found during investigation