കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ യുവതിയുടെ മൃതദേഹം വയലിൽ; കൊലനടത്തിയത് യുവതിയുടെ കാമുകനെന്ന് ഭർത്താവിന്റെ ബന്ധുക്കൾ

#ന്യൂസ് ഡെസ്ക്
നീലു കുമാരി | ഉദയ് കുമാർ
നീലു കുമാരി | ഉദയ് കുമാർ

പട്‌ന: ബിഹാറിലെ മുൻഗർ ജില്ലയിൽ യുവതിയെ നെൽവയലിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുൻഗർ സ്വദേശിയായ ഉദയ് കുമാറിന്റെ ഭാര്യ നീലു കുമാരി എന്ന മുപ്പതുകാരിയുടെ മൃതദേഹമാണ് വീടിനടുത്തുള്ള വയലിൽ കണ്ടെത്തിയത്. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്നും അയാളാണ് കൊലനടത്തിയതെന്നുമാണ് ഇവരുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

ശനിയാഴ്ച രാവിലെ 10-നും 10:30-നും ഇടയിലാണ് നെൽവയലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചതെന്ന് സബ് ഡിവിഷണൽ പോലീസ് ഓഫീസർ (SDPO) കുമാർ ദേവേന്ദ്ര അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, ബിഹാറിലെ തിലക്പുർ സ്വദേശിയായ അനകേഷ് കുമാർ എന്നയാളുമായി നീലു പ്രണയത്തിലായിരുന്നുവെന്നും ഇതിനെക്കുറിച്ച് ഭർത്താവ് ഉദയ് കുമാറിന് അറിവുണ്ടായിരുന്നുവെന്നും കുടുംബം അവകാശപ്പെട്ടതായി പോലീസ് പറയുന്നു. അനകേഷാണ് കൊലപാതകം നടത്തിയതെന്നാണ് കുടുംബം സംശയിക്കുന്നത്.

അതേസമയം, ഈ ബന്ധത്തെച്ചൊല്ലി ദമ്പതിമാർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പറയപ്പെടുന്നു. കഴിഞ്ഞ ആറുമാസമായി ഈ വിഷയത്തെക്കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നുവെന്നും എന്നാൽ ഈ ദാരുണമായ സംഭവം നടന്ന ദിവസം താൻ സ്ഥലത്തില്ലായിരുന്നു എന്നാണ് ഉദയ് കുമാർ നൽകിയിരിക്കുന്ന മൊഴിയെന്ന് പോലീസ് പറയുന്നു.

നീലുവും അനകേഷ് കുമാറും തമ്മിൽ ഏറെ നാളായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് നീലുവിന്റെ ഭർത്താവിന്റെ സഹോദരി ഗുംജൻ ദേവിയും ആരോപിച്ചു. ഇരുവരും രാപ്പകലില്ലാതെ സംസാരിക്കാറുണ്ടായിരുന്നു. ഈ സംഭവം നടക്കുന്നതിന് രണ്ടുമൂന്ന് ദിവസം മുൻപ്, അനകേഷിൽ നിന്ന് അകന്നുനിൽക്കാൻ താൻ നീലുവിനെ ഉപദേശിച്ചിരുന്നുവെന്നും ഗുംജൻ ദേവി പോലീസിനോട് പറഞ്ഞു. 

പോലീസും ഫോറൻസിക് സംഘവും സംഭവസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മുംഗർ സദർ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ കുടുംബാംഗങ്ങളുടെയും മറ്റുള്ളവരുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Content Highlights: A woman named Neelu Kumari was found murdered in a paddy field in Munger, Bihar, with her family suspecting her lover, Anakesh Kumar, as the culprit. Police have initiated an investigation, collected evidence from the crime scene, and sent the body for a post-mortem examination. Neelu's family claims she had a long-standing relationship with Anakesh, which led to disputes with her husband, Uday Kumar, who was aware of the affair.