സഹോദരഭാര്യയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി; അക്രമം ഭക്ഷണംവിളമ്പിയ കൈയിൽ അഴുക്കുണ്ടെന്ന് പറഞ്ഞ്

#ന്യൂസ് ഡെസ്ക്

ജെഹനാബാദ്: ബിഹാറിലെ ജെഹാനാബാദ് ജില്ലയിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി ഉണ്ടായ നിസ്സാര തർക്കത്തിനൊടുവിൽ യുവതിയെ ഭർത്തൃസഹോദരൻ തലയറുത്ത് കൊലപ്പെടുത്തി. ഭക്ഷണം വിളമ്പുന്നതിനിടെ കൈകളിൽ അഴുക്കുണ്ടെന്ന് ആരോപിച്ചാണ് സഹോദരഭാര്യയെ യുവാവ് തലയറുത്ത് കൊലപ്പെടുത്തിയത്. അൻഷു കുമാരി (22) ആണ് കൊല്ലപ്പെട്ടത്. അൻഷുവിന്റെ ഭർത്താവിന്റെ സഹോദരൻ കുനാൽ കുമാറിനെ പോലീസ് അറസ്റ്റുചെയ്തു.

ബുധനാഴ്ച രാവിലെയാണ് ഈ ദാരുണമായ സംഭവം നടന്നത്. അൻഷുവിന്റെ ഭർത്താവ് ധർമേന്ദ്ര കുമാറിന്റെ സഹോദരനാണ് കുനാൽ. ഏകദേശം ഒരു വർഷം മുമ്പാണ് അൻഷുവും ധർമേന്ദ്ര കുമാറും വിവാഹിതരായത്.

കൊലപാതകം നടക്കുമ്പോൾ കുടുംബത്തിലെ മറ്റുള്ളവരെല്ലാം പാടത്ത് ജോലിയിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പോലീസ് നൽകുന്ന വിവരമനുസരിച്ച്; സംഭവദിവസം കുനാൽ വീട്ടിൽ ഉണ്ടായിരുന്ന സഹോദരന്റെ ഭാര്യയോട് ഭക്ഷണം വിളമ്പി നൽകാൻ ആവശ്യപ്പെട്ടു.

അൻഷു ഭക്ഷണം വിളമ്പുന്നതിനിടെ, അവളുടെ കൈകളിൽ അഴുക്ക് പുരണ്ടിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട കുനാൽ ഇതിന്റെ പേരിലാണ് തർക്കം ആരംഭിച്ചത്. വാക്കുതർക്കം പെട്ടെന്ന് തന്നെ അതിക്രമത്തിലേക്ക് വഴിമാറി. അക്രമാസക്തനായ കുനാൽ അൻഷുവിനെ തല്ലിച്ചതച്ചു.

പിന്നാലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് അൻഷുവിന്റെ തലവെട്ടിമാറ്റുകയായിരുന്നു. വിവരമറിഞ്ഞ നാട്ടുകാർ സംഭവസ്ഥലത്ത് തടിച്ചുകൂടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

ഗ്രാമത്തിലെത്തിയ പോലീസ് സംഘം മൃതദേഹം കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.

Content Highlights: 22-year-old woman murdered in Jehanabad, Bihar, Suspect Kunal Kumar arrested for beheading sister-in-law, Incident sparked by a minor dispute over food hygiene, Police investigation currently underway.