ബിഹാറിൽ വൻ അധ്യാപക നിയമന തട്ടിപ്പ്: വ്യാജ മാർക്ക്ലിസ്റ്റുമായി നിയമനം നേടിയത് 24,000 പേർ

പട്ന: ആദ്യ പരീക്ഷാഫലങ്ങൾ പുറത്തുവന്നപ്പോൾ മുതലേ വിവാദമായിരുന്നു ബിഹാറിലെ അധ്യാപക നിയമനം. ഫലത്തെ വെല്ലുവിളിച്ചുകൊണ്ട് ഉദ്യോഗാർത്ഥികൾ കോടതിയെ സമീപിച്ചതോടെ മാനദണ്ഡം മാറ്റി നിശ്ചയിച്ചുകൊണ്ട് കളംമാറ്റിയിരിക്കുകയാണ് സർക്കാർ . പണത്തിന് പകരമായി റിക്രൂട്ട്‌മെൻ്റ് നടത്തിയെന്ന ആരോപണവും ക്യാൻവാസിംഗ് നടത്തിയ ഉദ്യോഗാർത്ഥികളെ ഉൾക്കൊള്ളാൻ ഉയർന്ന അർഹതയുള്ള വിദ്യാർത്ഥികളെ അവഗണിച്ചുവെന്ന അവകാശവാദവും ഉണ്ടായിരുന്നു. ഇത് ശരിവെക്കും വിധമുള്ള വിവിധ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണിപ്പോൾ.
വ്യാജ ഡിഗ്രിയും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ജോലിനേടിയ 24,000 ഉദ്യോഗാർത്ഥികൾ കുടുങ്ങുമെന്ന സാഹചര്യമാണിപ്പോളെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിക്രൂട്ട്‌മെൻ്റ് ടെസ്റ്റിൽ വിജയിച്ച 1.87 ലക്ഷം ഉദ്യോഗാർത്ഥികൾക്കായി അടുത്തിടെ നടത്തിയ കൗൺസിലിംഗിന് ശേഷമാണ് പുതിയ ഞെട്ടിക്കുന്ന സംഭവവികാസങ്ങൾ വെളിപ്പെട്ടത്. സ്‌ക്രീനിങ്ങിൽ, ഉദ്യോഗാർത്ഥികളുടെ അധ്യാപനയോഗ്യത പരിശോധിക്കുന്നതിനിടെ വലിയ പൊരുത്തക്കേടുകളാണ് ശ്രദ്ധയിൽപ്പെട്ടത്.
പല ഉദ്യോഗാർത്ഥികളും സമർപ്പിച്ചത് വ്യാജ മാർക്ക് ഷീറ്റുകളായിരുന്നു. നിയമനം ലഭിക്കുന്നതിനായി വ്യാജരേഖകൾ ഹാജരാക്കിയതിന് മുൻപ് 4000 ഉദ്യോഗാർത്ഥികളെ പിടികൂടിയിരുന്നു. അതിന് പുറമേയാണ് ഇപ്പോഴത്തെ സംഭവവികാസം. വ്യാജ ഉദ്യോഗാർത്ഥികളിൽ എൺപത് ശതമാനംപേർക്കും നിയമപ്രകാരം വേണ്ട അറുപത് ശതമാനത്തിലും താഴെയായിരുന്നു മാർക്ക്. ഇതിൽ 20 ശതമാനം പേരും മാർക്ക് ഷീറ്റ് വ്യാജമായി ഉണ്ടാക്കുകയായിരുന്നെന്നും കണ്ടെത്തി. ജാതിയുടെ പേരിലും ഭിന്നശേഷിക്കാരായും കായികതാരങ്ങളായും ചമഞ്ഞ് സർട്ടിഫിക്കറ്റുകളുണ്ടാക്കിയവരും ഇക്കൂട്ടത്തിലുണ്ട്.
കഴിഞ്ഞ വർഷം ഡിസംബർ 1 മുതൽ 13 വരെ അധ്യാപകർക്കായി നിരവധി കൗൺസിലിംഗ് സെഷനുകൾ നടത്തിയിരുന്നു. എങ്കിലും ഏകദേശം 42,000 അധ്യാപകർക്ക് കൗൺസിലിംഗ് ലഭിച്ചിരുന്നില്ല. ഇതിൽത്തന്നെ 3000-ലേറെ പേർ സെഷനുകളിൽ ഹാജരായിരുന്നില്ല. 10,000-ലേറെ അധ്യാപകർക്ക് ബയോമെട്രിക് വേരിഫിക്കേഷൻ പൂർത്തിയായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈ അവസരം നഷ്ടപ്പെട്ടവർക്ക് ഈ വർഷത്തെ ഛാട്ട് ഉത്സവത്തിന് ശേഷം അവസരം നൽകുമെന്ന് ബിഹാർ വിദ്യാഭ്യാസ വകുപ്പ് ഉറപ്പുനൽകി.
തട്ടിപ്പുനടത്തി ജോലിയിൽക്കയറിയവരെ സർവീസിൽനിന്ന് പിരിച്ചുവിടാനും ഇവർക്ക് നൽകിയ ശമ്പളം തിരിച്ചുപിടിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. അധ്യാപകരുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലുണ്ടായ പ്രശ്‌നങ്ങൾ അധികൃതർക്ക് തലവേദനയായിരിക്കുകയാണ്.
Content Highlights: A major scam has been uncovered in Bihar`s teacher recruitment process