ഉദ്യോഗസ്ഥ ദമ്പതികളുടെ വീട്ടിൽ 1 കോടി രൂപ, ആഡംബര വാച്ചുകൾ, ആഭരണങ്ങൾ; കണ്ണുതള്ളി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർ

പട്‌ന: ബിഹാറിലെ ഉദ്യോഗസ്ഥ ദമ്പതികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ ഒരുകോടി രൂപയിലധികം പണവും സ്വർണാഭരണങ്ങളും സ്വത്ത് വിവരങ്ങൾ അടങ്ങിയ രേഖകളും വിലകൂടിയ വാച്ചുകളും ഉൾപ്പെടെ അനധികൃത സ്വത്തുക്കൾ കണ്ടെടുത്തു. പട്‌ന അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (സപ്ലൈ) രവീന്ദ്ര കുമാർ ദിവാകർ, അദ്ദേഹത്തിന്റെ ഭാര്യയും ദാനാപ്പുർ ഡിസ്ട്രിക്റ്റ് സബ് രജിസ്ട്രാറുമായ കുമാരി സ്വീറ്റി എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് അനധികൃത സ്വത്തുസമ്പാദന കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച റെയ്ഡ് നടന്നത്.
ബിഹാർ വിജിലൻസ് ബ്യൂറോയുടെ സംഘങ്ങൾ പട്‌നയിലും ബെഗുസരായിലുമുള്ള നിരവധി കേന്ദ്രങ്ങളിൽ ഒരേസമയമാണ് റെയ്ഡ് നടത്തിയത്. പണത്തിനും ആഭരണങ്ങൾക്കും പുറമേ സ്വത്ത്, ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. പിടിച്ചെടുത്ത പണം എണ്ണുന്നതിനായി കൗണ്ടിങ് മെഷീനുകൾ എത്തിച്ചിരുന്നു. വിജിലൻസ് വകുപ്പിലെ ഒരു സംഘം പണവും ആഭരണങ്ങളും മറ്റ് രേഖകളും പരിശോധിച്ചു.
വിജിലൻസ് വകുപ്പ് ഡി.ഐ.ജി സംഭവസ്ഥലത്തുണ്ടായിരുന്നു, അദ്ദേഹത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് മുഴുവൻ പരിശോധനയും നടന്നത്. കണ്ടെടുത്ത പണത്തിന്റെയും സ്വർണാഭരണങ്ങളുടെയും കൃത്യമായ അളവും മൂല്യവും അന്വേഷണം പൂർത്തിയായ ശേഷമേ സ്ഥിരീകരിക്കാനാവൂ. വിജിലൻസ് വകുപ്പിൽ നിന്നും വൈകാതെ ഔദ്യോഗിക വിശദീകരണം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവരുടെ പട്‌നയിലെ വസതിയിൽ മാത്രമല്ല, ബെഗുസരായിലെ തറവാട്ടു വീട്ടിലും റെയ്ഡ് നടന്നു. ഈ വസതികളിൽ നിന്ന് പണമായി ഒരു കോടിയിലധികം രൂപയും, കോടികൾ വിലമതിക്കുന്ന ആഭരണങ്ങളും ലക്ഷ്വറി വാച്ചുകളും കണ്ടെടുത്തു. പട്‌നയിൽ നിന്ന് 70 ലക്ഷം രൂപയും ആറുലക്ഷം രൂപ വിലമതിക്കുന്ന 48 വാച്ചുകളുമാണ് കണ്ടെടുത്തത്. ബെഗുസരായിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും സ്വർണ്ണം, വെള്ളി ആഭരണങ്ങളുമാണ് കണ്ടെടുത്തത്. രണ്ട് സ്ഥലങ്ങളിൽ നിന്നും ഭൂമിയുമായും നിക്ഷേപങ്ങളുമായും ബന്ധപ്പെട്ട രേഖകളും കണ്ടെടുത്തിട്ടുണ്ട്.
ഇത് കൂടാതെ, പട്‌നയിൽ തന്റെയും ഭാര്യയുടേയും പേരിൽ 1.07 കോടി രൂപ വിലമതിക്കുന്ന രണ്ട് ഫ്‌ളാറ്റുകളും, ഭാര്യയുടെയും പിതാവിന്റെയും പേരിൽ ഏകദേശം 1.28 കോടി രൂപ വിലമതിക്കുന്ന മൂന്ന് പ്ലോട്ടുകളും രവീന്ദ്ര ദിവാകർ സ്വന്തമാക്കിയിരുന്നു. ആരോപിക്കപ്പെടുന്ന അനധികൃത സ്വത്തിന്റെ അളവ് നിർണയിക്കുന്നതിന് മുമ്പ് പിടിച്ചെടുത്ത വസ്തുക്കൾ വിജിലൻസ് പരിശോധിച്ചേക്കും എന്നാണ് വിവരം.
പരിശോധന പൂർത്തിയാകുന്നതോടെ സ്വത്തുക്കളുടെ മൂല്യവും സ്വഭാവവും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകും. റെയ്ഡ് നടപടികൾ പൂർത്തിയായശേഷം, അനധികൃത സ്വത്തുസമ്പാദന ആരോപണം തെളിഞ്ഞാൽ ബന്ധപ്പെട്ട വ്യക്തികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlights: Bihar vigilance raids on officials Ravindra Kumar Diwakar and Kumari Sweety uncovered over one crore rupees, gold jewelry, luxury watches, and property documents, indicating illegal asset accumulation. Raids were conducted simultaneously in Patna and Begusarai, seizing cash, jewelry, and documents related to properties and financial transactions; counting machines were used to tally the cash.