12.20 AM; ഹെൽമെറ്റില്ല,ബൈക്കിൽ 3 പേരും; ഭാരതീയ ന്യായസംഹിത പ്രകാരം സംസ്ഥാനത്തെ ആദ്യകേസ് കൊണ്ടോട്ടിയിൽ

തിരുവനന്തപുരം/മലപ്പുറം: പുതുതായി നിലവില്‍വന്ന ഭാരതീയ ന്യായസംഹിത(ബി.എന്‍.എസ്) പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ്.ഐ.ആര്‍. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. ജൂലായ് ഒന്നാം തീയതി പുലര്‍ച്ചെ 12:20-നാണ് രാജ്യത്തെ പുതിയ ക്രിമിനല്‍ നിയമപ്രകാരം സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
അശ്രദ്ധമായും മനുഷ്യജീവന് അപകടംവരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസെടുത്തത്. കര്‍ണാടക മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരേയാണ് കേസെടുത്തതെന്ന് കൊണ്ടോട്ടി പോലീസ് പറഞ്ഞു. ഇരുചക്രവാഹനത്തില്‍ ഹെല്‍മെറ്റില്ലാത മൂന്നുപേരുമായി യാത്രചെയ്തതിനാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഭാരതീയ ന്യായസംഹിത 2023-ലെ 281-ാം വകുപ്പ്, മോട്ടോര്‍ വാഹനനിയമത്തിലെ 194 ഡി വകുപ്പുകളും ചുമത്തിയാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പുതുതായി നിലവില്‍വന്ന ഭാരതീയ നാഗരിക സുരക്ഷാസംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആര്‍. തയ്യാറാക്കിയതെന്നും പോലീസ് അറിയിച്ചു.
Content Highlights: bharatiya nyaya sanhita bns first case in kerala registered in kondotty