കുട്ടികളെ വാഷിങ് മെഷീനിൽ ഇട്ടു, വെള്ളം വായിലേക്ക് സ്പ്രേചെയ്തു; ഡേ കെയർ ജീവനക്കാരുടെ ക്രൂരത, കേസ്

ബെംഗളൂരു: ഡേ കെയറിൽ കുട്ടികളെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തിൽ അഞ്ച് വനിതാ ജീവനക്കാരുടെപേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ എച്ച്.എ.എൽ. കാമ്പസിലുള്ള കേപ്‌ജെമിനി ഐ.ടി. കമ്പനിക്കുള്ളിലെ ഡേ കെയറിലാണ് സംഭവം.
കുട്ടികളെ വാഷിങ് മെഷീനുള്ളിലിരുത്തുക, ശൗചാലയത്തിൽ ഇരുത്തി കുട്ടികളുടെ വായിലേക്ക് വെള്ളം സ്‌പ്രേ ചെയ്യുക തുടങ്ങിയവയാണ് ചെയ്തിരുന്നത്. വിവരം പുറത്തുപറയാതിരിക്കാൻ കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് ക്രൂര പീഡനത്തിനിരയായത്.
പീഡനദൃശ്യങ്ങൾ വാട്സാപ്പിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടികൾ കരയുകയോ ബഹളംവെക്കുകയോ ചെയ്യുമ്പോഴാണ് ജീവനക്കാർ ഇത്തരത്തിൽ ക്രൂരത കാട്ടിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
ഐ.ടി. കമ്പനിയിലെ ജീവനക്കാർ ജോലിസമയത്ത് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കാൻ ഏൽപ്പിക്കുന്ന ഡേ കെയറിലാണ് സംഭവം. വനിതാ ജീവനക്കാരുടെ പേരിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലവകാശ കമ്മിഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Content Highlights: Five daycare staff booked under Juvenile Justice Act., Incident occurred at Capgemini IT campus daycare in Bengaluru., Abuse involved physical cruelty toward toddlers aged 2-3., Evidence surfaced via viral WhatsApp footage., Child Rights Commission has taken suo motu cognizance.