അശ്ലീലച്ചുവയുള്ള ചിത്രങ്ങൾ പങ്കുവെച്ചെന്ന് ആരോപണം; ബെല്ലി ഡാൻസറെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച് ഈജിപ്ത്

ലിൻഡ മാർട്ടിനോ | ഫോട്ടോ:PTI
ലിൻഡ മാർട്ടിനോ | ഫോട്ടോ:PTI

കെയ്റോ: പ്ര​ലോഭിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചെന്ന കുറ്റം ചുമത്തി മോഡലും ബെല്ലി ഡാൻസറുമായ യുവതിയെ ഈജിപ്തിൽ അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ പൗരയായ  ഈജിപ്ഷ്യൻ മോഡൽ  ലിൻഡ മാർട്ടിനോ എന്ന സോ​​​ഹില താരെഖ് ​​​ഹസ്സൻ ഹ​ഗാ​ഗിനെയാണ് കെയ്റോ വിമാനത്താവളത്തിൽവെച്ച് ജൂൺ 22-ന് അറസ്റ്റ് ചെയ്തത്.  ഇൻസ്റ്റ​ഗ്രാമിൽ 2.2 മില്യൺ ഫോളോവേഴ്സുള്ള മോഡലാണ് ലിൻഡ മാർട്ടിനോ 

അല്പവസ്ത്രധാരിയായി ലൈംഗികോത്തേജകമായ ചിത്രങ്ങളും സംസാരവും ആം​ഗ്യങ്ങളും പങ്കുവച്ചതിലൂടെ സോ​​​ഹില ഹ​ഗാ​ഗ് രാജ്യത്തെ സോഷ്യൽമീഡിയ നിയമങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. ധാർമികത ചോദ്യം ചെയ്യപ്പെടുന്ന സോഷ്യൽമീഡിയ പ്രവർത്തനങ്ങൾക്കുമേൽ ഈജിപ്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലാണ് അറ​സ്റ്റ്. അറ​സ്റ്റിലാകുമ്പോൾ ഇവരുടെ കയ്യിൽ നിന്ന്  പണവും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ, ഹ​ഗാ​ഗ് രണ്ടാഴ്ച കൂടി ജയിലിൽ തുടരേണ്ടി വരുമെന്ന് അന്വഷണസംഘം അറിയിച്ചു. അതേസമയം, ഹ​ഗാ​ഗിനെ മോചിപ്പിക്കണമെന്നും സംസാരിക്കാനനുവദിക്കണമെന്നും ആവശ്യപ്പെട്ട്  കെയ്റോയിലെ ഇറ്റാലിയൻ എംബസ്സി രം​ഗത്തുവന്നിട്ടുണ്ട്.

ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ-സീസിയുടെ ഭരണകൂടത്തിന്റെ കർശന നടപടികളുടെ ഭാഗമായി അഞ്ച് ബെല്ലി ഡാൻസർമാരെ സമാനകുറ്റം ചുമത്തി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2020-ൽ ഡാൻസറായ സമ എൽ-മസ്റിയെ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചുവെന്നാരോപിച്ച്  മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഇവർക്ക് മൂന്നുലക്ഷം ഈജിപ്ഷ്യൻ പൗണ്ട് പിഴയും ചുമത്തി.


 

Content Highlights: belly dancer arrested in egypt for seductive and provocative performances in social media