ബാലുശ്ശേരി കോട്ടയിൽനിന്ന്‌ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവം; മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്

ബാലുശ്ശേരി: ബാലുശ്ശേരി കോട്ട വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലെ സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ മുൻ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ടി.ടി. വിനോദനെ ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിൽ നിന്ന് സ്വർണ ഉരുപ്പടികൾ കാണാതായ സംഭവത്തിൽ അറസ്റ്റ് നടപടികൾ എങ്ങുമെത്താത്തതിനെത്തുടർന്ന് പ്രതിഷേധമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിലെ ഓഡിറ്റിങ്ങിലാണ് എട്ടുമാസംമുൻപ് 20 പവനിലേറെ സ്വർണ ഉരുപ്പടികൾ കാണാനില്ലെന്ന് വ്യക്തമായത്. സംഭവത്തിൽ മുൻ എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ടി.ടി. വിനോദന്റെ പേരിൽ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷണമാരംഭിച്ചിരുന്നു. കേസെടുത്തിട്ട് എട്ടുമാസം കഴിഞ്ഞെങ്കിലും വിനോദനെ കണ്ടെത്താനോ സ്വർണ ഉരുപ്പടികൾ തിരിച്ചുവാങ്ങാനോ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇയാൾ ഒളിവിലാണെന്ന മറുപടിയാണ് പോലീസിൽനിന്ന് ലഭിച്ചിരുന്നത്.

സ്വർണ ഉരുപ്പടികൾ കണ്ടെത്തുകയും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരുകയുംചെയ്യണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈന്ദവസംഘടനകൾ പലതവണ സമരം സംഘടിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പുപ്രഖ്യാപനം വന്നതോടെ സമരങ്ങൾ മാറ്റിവെക്കുകയാണുണ്ടായത്. ബാലുശ്ശേരി കോട്ട ക്ഷേത്രം കൂടാതെ മറ്റ് മൂന്ന്‌ ക്ഷേത്രങ്ങളിൽനിന്നും ഇത്തരത്തിൽ സ്വർണ ഉരുപ്പടികൾ നഷ്ടമായിരുന്നു. എന്നാൽ, അവിടെയൊന്നും കേസ്‌ രജിസ്റ്റർചെയ്തിരുന്നില്ല. സമരംനടത്തിയ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് ബാലുശ്ശേരിയിലെ എക്സിക്യുട്ടീവ് ഓഫീസർ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിനിടെ നഷ്ടപ്പെട്ട സ്വർണ ഉരുപ്പടികൾ തിരിച്ചേൽപ്പിച്ച് കേസ് ഒത്തുതീർപ്പാക്കാനുള്ള ശ്രമം നടക്കുന്നതായും വിവരങ്ങളുണ്ടായിരുന്നു. കേസ് രജിസ്റ്റർചെയ്ത ബാലുശ്ശേരി പോലീസ് സ്റ്റേഷനിലോ ദേവസ്വം ബോർഡിന്റെ കോഴിക്കോട് ഓഫീസിലോ സ്വർണം തിരികെയേൽപ്പിച്ച് കേസിൽനിന്ന്‌ രക്ഷപ്പെടാനുള്ള ശ്രമമായിരുന്നു നടന്നത്. ഇതിനെതിരേ സമരം ശക്തമായിരുന്നു. തുടർന്ന് പോലീസ് അറസ്റ്റിന് നിർബന്ധിതരാവുകയായിരുന്നു.

Content Highlights: Former EO T.T. Vinodan arrested after 8 months of investigation., Over 20 sovereigns of gold went missing during Malabar Devaswom Board audit., Public and Hindu organizations pressured authorities for action., Reports indicate multiple temples under the board face similar missing assets.