ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവം; സ്ഫോടനം ചെറുബോംബ് ഉപയോഗിച്ച്

ബെംഗളൂരു: ബാഗല്‍കോട്ടില്‍ പാഴ്സലായെത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. ഹെയർ ഡ്രയറിൽ ഘടിപ്പിച്ച ബോംബാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. ഹെയർ ഡ്രയറിൽ നടത്തിയ വിശദമായ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരു ചെറുബോംബാണ് ഹെയർ ഡ്രയറിനുള്ളിൽ ഘടിപ്പിച്ചിരുന്നത്. നേരത്തേ പോലീസ് അന്വേഷണത്തില്‍ ഹെയര്‍ ഡ്രയറിനകത്ത് സ്ഫോടകവസ്തു ഉണ്ടായിരുന്നെന്ന് കണ്ടെത്തിയിരുന്നു.
ബാഗല്‍കോട്ടില്‍ പാഴ്സലായെത്തിയ ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകള്‍ അറ്റ സംഭവം കൊലപാതകശ്രമമെന്നാണ് പോലീസ് കഴിഞ്ഞദിവസം കണ്ടെത്തിയത്. അയല്‍വാസിയായ ശശികലയുടെപേരില്‍ വന്ന പാഴ്സല്‍ തുറന്ന് ഹെയര്‍ ഡ്രയര്‍ പ്രവര്‍ത്തിപ്പിച്ചപ്പോഴായിരുന്നു സ്ഫോടനം. സംഭവത്തില്‍ കൊപ്പാളിലെ ഗ്രാനൈറ്റ് കമ്പനി സൂപ്പര്‍വൈസറായ സിദ്ധപ്പയെ പോലീസ് അറസ്റ്റുചെയ്തു. ശശികലയെ കൊല്ലാനായിരുന്നു പദ്ധതിയെന്ന് പോലീസ് കണ്ടെത്തി.
സിദ്ധപ്പയുമായി ബസവരാജേശ്വരിക്ക് ബന്ധമുണ്ടായിരുന്നെന്നും ഈ ബന്ധത്തില്‍നിന്ന് ബസവരാജേശ്വരിയെ പിന്തിരിപ്പിക്കാന്‍ ശശികല ഉപദേശിച്ചുവരുകയായിരുന്നെന്നും പോലീസ് പറഞ്ഞു. തങ്ങളുടെ ബന്ധത്തില്‍ ശശികല ഇടപെടുന്നതില്‍ രോഷംപൂണ്ട സിദ്ധപ്പ ശശികലയെ കൊല്ലാന്‍ പദ്ധതിയിട്ടു. ഇതിനായി ഹെയര്‍ ഡ്രയര്‍ വാങ്ങിയശേഷം ക്വാറികളില്‍ ഉപയോഗിക്കുന്ന ഡിറ്റണേറ്റര്‍ സ്ഥാപിച്ചു. തുടര്‍ന്ന് പാഴ്സലായി ശശികലയുടെപേരില്‍ അയക്കുകയായിരുന്നു. എന്നാല്‍, അയല്‍വാസിയും സിദ്ധപ്പയുടെ സുഹൃത്തുമായ ബസവരാജേശ്വരിയാണ് പാഴ്സല്‍ തുറന്ന് യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചത്. പിന്നാലെ ഹെയര്‍ ഡ്രെയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
Content Highlights: bagalkote hair dryer blast murder attempt using small bomb