തുറക്കാത്ത കണ്ണുകളും വായും, സ്ഥാനംമാറിയ ചെവികൾ; ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കുഞ്ഞ് ഗുരുതരാവസ്ഥയില്‍

ആലപ്പുഴ: അസാധാരണരൂപത്തില് പിറന്ന കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമായി. അതിഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടികളുടെ വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് കുഞ്ഞ്. ശ്വാസതടസ്സത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൈകാലുകള്‍ക്കു ബലക്കുറവുമുണ്ട്. കുഞ്ഞു പിറന്ന് 67 ദിവസം പിന്നിടുന്പോഴാണ് ആരോഗ്യം മോശമായത്. അവസ്ഥ തീര്‍ത്തും മോശമായ അവസ്ഥയിലാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്ന് അധികൃതര്‍ പ്രതികരിച്ചു.
ഇക്കഴിഞ്ഞ ജനുവരി ഒന്നിന് കുഞ്ഞിന്റെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടായിരുന്നു. ജനിച്ച് 54-ാം ദിവസം കുഞ്ഞ് കണ്ണുതുറന്നിരുന്നു. വെളിച്ചംകണ്ടപ്പോള് മിഴിവെട്ടിക്കുകയും ചെയ്തിരുന്നു. അന്ന് ശരീരഭാരം 3.200 കിലോയായി ഉയര്‍ന്നിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജിലായിരുന്നു കുഞ്ഞിന്റെ ചികിത്സ.
യഥാസ്ഥാനത്തല്ലാത്ത തുറക്കാത്ത കണ്ണുകള്‍, ഹൃദയത്തിനു സുഷിരം, വളഞ്ഞ കൈകാലുകള്‍, കേള്‍വിശേഷിയില്ല, സ്ഥാനംമാറിയുള്ള ചെവി, തുറക്കാത്ത വായ, ശരിയായ രൂപത്തിലല്ലാത്ത മുഖം തുടങ്ങിയ ഒട്ടേറെ പ്രശ്നങ്ങളാണ് കുഞ്ഞിനുണ്ടായിരുന്നത്.
കുഞ്ഞിന് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിദഗ്ധചികിത്സ സംബന്ധിച്ച് തീരുമാനമായിരുന്നില്ല. അത് ഉറപ്പാക്കണമെന്നായിരുന്നു വീട്ടുകാരുടെ ആവശ്യം. കഴിഞ്ഞ അഞ്ചിന് സംസ്ഥാന സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തില്‍ കുഞ്ഞിന് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി സജി ചെറിയാനും ഉത്തരവിട്ടിരുന്നു.
കടപ്പുറം വനിത-ശിശു ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ആലപ്പുഴയിലെ രണ്ടു സ്വകാര്യ സ്കാനിങ് കേന്ദ്രങ്ങളുടെയും വീഴ്ചമൂലമാണ് കുഞ്ഞിന് അസാധാരണ രൂപമുണ്ടായതെന്നായിരുന്നു വീട്ടുകാരുടെ പരാതി.
ഇതേത്തുടര്‍ന്ന് ആരോഗ്യവകുപ്പ് നഗരത്തിലെ രണ്ടു സ്കാനിങ് കേന്ദ്രങ്ങള്‍ പൂട്ടിച്ചിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരേ വകുപ്പുതല അന്വേഷണവും നടത്തി. എന്നാല്‍, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൂര്‍ണമായും പുറത്തുവിടുകയോ ഡോക്ടര്‍മാര്‍ക്കെതിരേ മറ്റു നടപടിയെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.
Content Highlights: A baby born with multiple birth defects, including unopen eyes and mouth, is in critical condition