പോലീസ് ഓട്ടോ വിട്ടുകൊടുത്തില്ല; വീഡിയോ പോസ്റ്റ് ചെയ്ത് ഡ്രൈവർ ജീവനൊടുക്കി

കെ.അബ്ദുൾ സത്താർ
കെ.അബ്ദുൾ സത്താർ

കാസർകോട്: കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ പോലീസ് വിട്ടുനൽകാത്തതിനെത്തുടർന്ന് സാമൂഹികമാധ്യമത്തിൽ വീഡിയോ ഇട്ട ശേഷം ഡ്രൈവർ ആത്മഹത്യചെയ്തു. കാസർകോട് റെയിൽവേ സ്റ്റേഷനിലെ ഓട്ടോഡ്രൈവർ ഷൗക്കത്ത് ക്വാർട്ടേഴ്സിൽ കെ.അബ്ദുൾ സത്താർ (60) ആണ് മരിച്ചത്. റെയിൽവേ സ്റ്റേഷൻ ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു.

സംഭവത്തെത്തുടർന്ന് ടൗൺ എസ്.ഐ. പി.അനൂബിനെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലംമാറ്റി. പോലീസിന് വീഴ്ചയുണ്ടോയെന്ന് അന്വേഷിക്കാൻ കാസർകോട് അഡീഷണൽ എസ്.പി. പി.ബാലകൃഷ്ണൻ നായരെ ചുമതലപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി ഡി.ശില്പ അറിയിച്ചു. മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതായും അവർ പറഞ്ഞു.

ടൗൺ പോലീസ് ഓട്ടോ പിടിച്ചുവച്ചെന്നും വിട്ടുനൽകാതെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെന്നും തിങ്കളാഴ്ച രാവിലെ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ അബ്ദുൾ സത്താർ പറഞ്ഞിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട് ക്വാർട്ടേഴ്‌സിലേക്ക് ആളുകളെത്തിയപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പോലീസിൽ അറിയിച്ചതിനെത്തുടർന്ന് പോലീസ് കെട്ടിട ഉടമയുമായെത്തി തുറക്കുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ടാണ് അബ്ദുൾസത്താറിന്റെ ഓട്ടോറിക്ഷ ടൗണിലെ ഗീത ജങ്ഷനിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. യാത്രക്കാർക്കും പൊതുജനങ്ങൾക്കും തടസ്സമുണ്ടാക്കുന്നവിധം റോഡിന് നടുവിൽ ഓട്ടോ നിർത്തിയതിന് കേസെടുത്തിട്ടുണ്ട്. ഗതാഗതതടസ്സമുണ്ടായതോടെ എസ്.ഐ. അനൂബ് എത്തി താക്കോൽ കൈവശപ്പെടുത്തി വാഹനം കസ്റ്റഡിയിലെടുത്തു.

എന്നാൽ വാഹനം താൻ സ്വമേധയാ നിർത്തിയതല്ലെന്നും ഹോം ഗാർഡ് ആവശ്യപ്പെട്ടതിനാൽ നിർത്തിയതാണെന്നും അബ്ദുൾ സത്താർ വീഡിയോയിൽ പറയുന്നു. ഓട്ടോ വിട്ടുകിട്ടാൻ കാസർകോട് ഡിവൈ.എസ്.പി. സി.കെ.സുനിൽകുമാറിന് പരാതി നൽകിയിരുന്നു. ഡിവൈ.എസ്.പി. നിർദേശിച്ചിട്ടും എസ്.ഐ. നൽകിയില്ലെന്നാണ് വീഡിയോയിലെ ആരോപണം.

Content Highlights: auto driver suicide investigation kasaragod