അട്ടപ്പാടിയിൽ ചാക്കിലാക്കിയ മൃതദേഹങ്ങൾ തുടർക്കഥ; 2023-ൽ തിരൂർ സ്വദേശിയുടെ കൊലപാതകവും സമാനരീതിയിൽ

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട സിദ്ദിഖ്, പിടിയിലായ ഷിബിലിയും ഫര്‍ഹാനയും
കൊല്ലപ്പെട്ട സിദ്ദിഖ്, പിടിയിലായ ഷിബിലിയും ഫര്‍ഹാനയും

പാലക്കാട്: ബാഗിലാക്കി മൃതദേഹം തള്ളിയസംഭവം അട്ടപ്പാടിയിൽ തുടർക്കഥയാവുന്നു. 2023-മേയിലും സമാനസംഭവം അട്ടപ്പാടിയിലുണ്ടായത് ഭീതിയോടെയാണ് നാട്ടുകാർ ഇന്നും ഓർത്തെടുക്കുന്നത്. മേയ് 26-ന് അഗളി ചുരത്തിൽനിന്ന് 25 അടി താഴ്ചയിൽ മൂന്നരയടി, രണ്ടരയടി എന്നിങ്ങനെ പൊക്കമുള്ള ബാഗുകളിൽ മൃതദേഹം കീറിമുറിച്ചനിലയിലാണ് കണ്ടെത്തിയത്.

കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി വീട്ടിൽ സിദ്ദിഖിനെ(58)യാണ് കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളിയത്. സംഭവത്തിൽ മൃതദേഹം തള്ളാൻ കൂട്ടുനിന്ന പാലക്കാട് വല്ലപ്പുഴ മേച്ചേരിയിലെ വാലുപ്പറമ്പിൽ മുഹമ്മദ് ആഷിഖ്, സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ ചെർപ്പുളശ്ശേരി വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫർഹാന (19) എന്നിവരാണ് അറസ്റ്റിലായത്.

മേയ് 18-ന് കോഴിക്കോട്ടെ ലോഡ്ജിൽ കൊലപാതകം നടന്നെന്നാണു പോലീസ് കണ്ടെത്തിയത്. ഇവിടെ രണ്ടുമുറികൾ സിദ്ദിഖ് ബുക്ക് ചെയ്തിരുന്നു. ഇവിടേക്ക് ഷിബിലിയും ഫർഹാനയുമെത്തി. പിന്നാലെ സിദ്ദിഖും. ഇവിടെയിരുന്ന് ഇവർ മദ്യപിച്ചതായി പോലീസിന് മൊഴി ലഭിച്ചിരുന്നു. പിന്നാലെ തർക്കമുണ്ടാകുകയും ഷിബിലിയും ഫർഹാനയും ചേർന്ന് സിദ്ദിഖിനെ തലയ്ക്കടിച്ചുവീഴ്ത്തുകയുംചെയ്തെന്നാണ് പോലീസ് കേസ്.

മരിച്ചുവെന്ന് മനസ്സിലായതോടെ ഭയന്നുപോയ ഇരുവരും സുഹൃത്ത് ആഷിഖിനെ വിളിച്ചുവരുത്തുകയും മൂവരും ചേർന്ന് പുറത്തുപോയി രണ്ടു ട്രോളിബാഗ് വാങ്ങി മൃതദേഹം മുറിച്ച് ഇതിനുള്ളിലാക്കുകയുംചെയ്തെന്നും പറയുന്നു. ഹോട്ടൽമുറി ഒരു ദിവസത്തേക്കുകൂടി നീട്ടിയെടുത്തു. പിന്നീട് സിദ്ദിഖ് വന്ന കാറിൽ 19-ന് അഞ്ചുമണിയോടെ ബാഗുകൾ കയറ്റി ഒൻപതുമണിയോടെ അട്ടപ്പാടി ചുരത്തിലെത്തിച്ച് കൊക്കയിൽ തള്ളുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തി.

സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതോടെ ഇദ്ദേഹത്തെ കാണാനില്ലെന്നു കാണിച്ച് മകൻ തിരൂർ പോലീസിൽ നൽകിയ പരാതിയിലായിരുന്നു അന്വേഷണം തുടങ്ങിയത്. ഇതിനിടെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരുലക്ഷം രൂപ പിൻവലിച്ചതായി മകന് സന്ദേശം കിട്ടിയതോടെ സംശയം ബലപ്പെട്ടു. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ ചെന്നൈയിൽനിന്നാണ് പിടികൂടിയത്.

Content Highlights: Hotelier Siddique was murdered in Kozhikode and his body was dumped in trolley bags in Attappadi., Three accused including Shibili and Farhana were arrested from Chennai following a police probe., The crime was uncovered after the victim's son filed a missing person report and noticed suspicious bank withdrawals.