ചീട്ടുകളിച്ച് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ആക്രമണം: ആറംഗ സംഘം അറസ്റ്റിൽ

മരട് : ചീട്ടുകളിച്ച് നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ ആക്രമണം നടത്തിയ ആറംഗ സംഘം അറസ്റ്റിലായി. ചീട്ടുകളിച്ച് പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് കൂടെയുണ്ടായിരുന്നവരെ ആക്രമിച്ച് സ്വർണവും പണവും കവർന്ന സംഭവത്തിലാണ് ആറുപേരെ മരട് പോലീസ് അറസ്റ്റ് ചെയ്തത്.
തമ്മനം സ്വദേശി അൻസാർ, ചളിക്കവട്ടം സ്വദേശി ജിതിൻ, എ.കെ.ജി. നഗർ സ്വദേശി ബിജോയ്, പറവൂർ സ്വദേശികളായ ഡിബിൻ, റോജർ സുധീഷ്, അരൂർ സ്വദേശി മൻസൂർ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
കോതമംഗലം സ്വദേശി ജോബി ബേബി (37) യെയും കൂടെയുണ്ടായിരുന്ന നാലുപേരെയും ആക്രമിച്ച് രണ്ടുലക്ഷം രൂപയും പതിനൊന്നര പവന്റെ സ്വർണാഭരണവും അൻസാറിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം തട്ടിയെടുക്കുകയായിരുന്നു. തൈക്കൂടത്തെ സ്വകാര്യ ഹോട്ടലിലെ മുറിയിലായിരുന്നു സംഭവം.
കഴിഞ്ഞ ഞായറാഴ്ച നടന്ന ചീട്ടുകളിയിൽ അൻസാറിന്റെ പണം നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടർന്ന് തിങ്കളാഴ്ച രാത്രി ചീട്ടുകളിക്കാൻ വിളിച്ചുവരുത്തിയ ജോബിയെയും സംഘത്തെയും അൻസാറിന്റെ നേതൃത്വത്തിലെത്തിയ ആറംഗ സംഘം ആക്രമിച്ച് കവർച്ച നടത്തുകയായിരുന്നു.
Content Highlights: Attack to recover money lost by gambling Six member gang arrested