എടിഎം ഇളക്കിയെടുത്ത് ഉന്തുവണ്ടിയില്‍ കടത്തിക്കൊണ്ടുപോയി; പണമെടുക്കാന്‍ കഴിയാതായതോടെ റോഡരികില്‍ ഉപേക്ഷിച്ചു

#ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: സുരക്ഷാ ജീവനക്കാരില്ലാത്ത എടിഎം ഇളക്കിയെടുത്തുകൊണ്ടുപോയ മോഷ്ടാക്കള്‍ പണം കൈവശപ്പെടുത്താന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് റോഡരികില്‍ ഉപേക്ഷിച്ചു. കര്‍ണാടകത്തിലെ ബെളഗാവി ഹൊസവന്താമുറി ഗ്രാമത്തിലാണ് സംഭവം. ദേശീയപാതയോരത്തെ എടിഎം തിങ്കളാഴ്ച രാത്രി മൂന്നംഗ മോഷണസംഘം ഇളക്കിയെടുത്ത് ഉന്തുവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.

മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു. എടിഎം ഉന്തുവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യമാണ് ലഭിച്ചത്. പക്ഷേ, എടിഎം ഏതാനും മീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എടിഎം തുറന്ന് പണമെടുക്കാന്‍ ശ്രമിച്ചിട്ടും കഴിയാതെവന്നപ്പോള്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടതാണെന്ന് കരുതുന്നതായി ബെളഗാവി പോലീസ് അറിയിച്ചു. എടിഎമ്മിനകത്ത് ഒരു ലക്ഷം രൂപയാണ് ഉണ്ടായിരുന്നത്. ഈ പണം നഷ്ടപ്പെട്ടിട്ടില്ല.

Content Highlights: Thieves stole an ATM in Belagavi, Karnataka, but were unable to open it. They abandoned the machine by the roadside. CCTV footage is being analyzed by police.