പെരുമ്പാവൂരിലെ വാടകവീട്ടിൽ അസം സ്വദേശിനി തലയ്ക്കടിയേറ്റ് മരിച്ചു; ഭർത്താവ് അറസ്റ്റിൽ

പെരുമ്പാവൂർ: പോഞ്ഞാശ്ശേരിയിലെ വാടകവീട്ടിൽ അസം സ്വദേശിനി തലയ്ക്ക് അടിയേറ്റതിനെ തുടർന്ന് മരിച്ചു. സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വെളുപ്പിന് നാലിന് പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിലാണ് സംഭവം. അസം സ്വദേശിനി നർസീന ഖാത്തൂൺ (29) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീനെ (40) പെരുമ്പാവൂർ പോലീസ് അറസ്റ്റ്ചെയ്തു. ദമ്പതിമാരും മൂന്ന് വയസ്സുള്ള മകളും താമസിച്ചിരുന്ന പോഞ്ഞാശ്ശേരി തുറപ്പാലത്തിനുസമീപം വാടകവീട്ടിലാണ് കൊലപാതകം നടന്നത്. ഭാര്യാപിതാവിനോട് രണ്ടുലക്ഷം രൂപ റബ്ബുൽ അമീൻ ആവശ്യപ്പെട്ടിരുന്നെന്നും ഇത് ലഭിക്കാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും പോലീസ് പറഞ്ഞു.
പ്ലൈവുഡ് ഫാക്ടറിയിൽനിന്ന് കൊണ്ടുവന്ന മരത്തിന്റെ പലക ഉപയോഗിച്ചാണ് ഭാര്യയെ തലയ്ക്കടിച്ച് വീഴ്ത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിലത്തുവീണ യുവതിയുടെ കഴുത്തിൽ പലക ഉപയോഗിച്ച് അമർത്തി ശ്വാസം മുട്ടിക്കുകയും ചെയ്തു. ഈ സമയം കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു.
പിന്നീട് ഇയാൾ സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന തന്റെ സഹോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു. സഹോദരൻ വീട്ടുടമയെ അറിയിക്കുകയും തുടർന്ന് പോലീസിനെ അറിയിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ പരിസരവാസികൾ റബ്ബുലിനെ പോലീസ് എത്തുന്നതുവരെ പിടിച്ചുനിർത്തി. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കുട്ടി റബുലിന്റെ സഹോദരന്റെ സംരക്ഷണയിലാണ്.
പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലാളികളാണ് എല്ലാവരും. റബ്ബുലും ഭാര്യയും നാട്ടിൽപോയി ദിവസങ്ങൾക്കുമുൻപാണ് മടങ്ങിയെത്തിയത്. മൃതദേഹം പെരുമ്പാവൂർ താലൂക്കാശുപത്രി മോർച്ചറിയിൽ. ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളേജിൽ മൃതദേഹ പരിശോധന നടക്കും. പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Content Highlights: 29-year-old Narsina Khatoon killed by husband Rabbul Amin in Ponnassery., Motive linked to a dowry dispute involving a demand for two lakh rupees., Accused used a wooden plank from a plywood factory to commit the crime., Local residents detained the accused until police arrived., The couple's three-year-old child is currently under the care of the accused's brother.