വർക്കലയിൽ ബ്രൗൺഷുഗറുമായി അസംസ്വദേശികൾ പിടിയിൽ; പരിശോധന ശക്തമാക്കാൻ പോലീസ്

മുഹമ്മദ് കിത്താബലി, ജഹാം​ഗീർ ആലം എന്നിവർ
മുഹമ്മദ് കിത്താബലി, ജഹാം​ഗീർ ആലം എന്നിവർ

തിരുവനന്തപുരം: വർക്കല റെയിൽവേ സ്റ്റേഷനിൽനിന്ന് 10 ഗ്രാം ബ്രൗൺഷുഗർ പിടികൂടി. അസം സ്വദേശികളായ മുഹമ്മദ് കിത്താബലി, ജഹാം​ഗീർ ആലം എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം ഐ.ടി സെല്ലിന്റെ സഹായത്തോടെ വർക്കല റെയിഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് ബ്രൗൺഷുഗർ കണ്ടെത്തിയത്.

വിപണിയിൽ 10 ലക്ഷം രൂപയോളം വിലമതിക്കുന്ന ബ്രൗൺഷുഗറാണ് പിടികൂടിയതെന്ന് എക്സൈസ് ഇൻസ്‌പെക്ടർ സജീവ്  പറഞ്ഞു. വർക്കലയിലെത്തുന്ന വിനോദസഞ്ചാരികളേയും അതിഥി തൊഴിലാളികളേയും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നതിനെത്തിച്ച ബ്രൗൺ ഷു​ഗറാണിതെന്ന് ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രതികളെ വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം കൊല്ലം പാരിപ്പള്ളിയിൽനിന്ന് കാറിൽ കടത്തിയ 25 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒന്നാം പ്രതി വിഷ്‌ണു നേരത്തെ 100 കിലോയോളം കഞ്ചാവ് കടത്തിയ കേസിൽ വിശാഖപട്ടണത്ത് ജയിൽവാസം അനുഭവിച്ചിരുന്നു. ഈ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് വീണ്ടും കഞ്ചാവ് കടത്തിയത്. 

രണ്ടാം പ്രതി അനീഷ് കാപ്പാ കേസിൽ നാടുകടത്തപ്പെട്ടയാളാണ്. പാരിപ്പള്ളി, വർക്കല മേഖലയിൽ കഞ്ചാവിന്റെ മൊത്തവിൽപ്പനക്കാരാണ് പ്രതികളെന്ന് എക്സൈസ് അറിയിച്ചു. പ്രതികളുടെ സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

Content Highlights: Assam natives arrested with brown sugar from Varkala