'പിന്തുണ വേണ്ട, പിന്നിൽനിന്ന് കുത്തരുത്'; എം.വി. ജയരാജന് മറുപടിയുമായി അർജുൻ ആയങ്കി

കണ്ണൂർ: തനിക്കെതിരേ എം.വി. ജയരാജൻ നടത്തിയ പ്രസ്താവനയ്ക്ക് ഫേയ്സ്ബുക്കിൽ മറുപടിയുമായി അർജുൻ ആയങ്കി. കള്ളക്കേസിൽപ്പെട്ടത് പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രതികരിച്ചതിനെന്ന് അർജുൻ ആയങ്കി ആരോപിച്ചു. അയിത്തം കൽപ്പിക്കുന്നതിന് മുമ്പ് താൻ ഈ പ്രസ്ഥാനത്തിൽ ഉണ്ടായിരുന്നുവെന്നും മയ്യിലിൽ സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പോലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരുശതമാനം പോലും താൻ ആഗ്രഹിക്കുന്നില്ലെന്നും അർജുൻ ആയങ്കി പറഞ്ഞു.
പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചതിനാണ് തന്നെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടതെന്ന് ഫേയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. ‘മറ്റെല്ലാവർക്കും തിരുത്താനും നവീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരങ്ങളുണ്ട്. അർജ്ജുൻ ആയങ്കി ശത്രുക്കളെക്കാൾ വലിയ ശത്രുവാണെന്ന പോലെ എന്നെ വെടിവെച്ച് കൊന്നാൽ സന്തോഷമേയുള്ളൂ അത് താനാഗ്രഹിക്കുന്നു എന്ന തരത്തിലുള്ള പ്രതികരണം നടത്തിയ എംവി ജയരാജൻ സഖാവിനോടാണ്; എനിക്ക് അയിത്തം കൽപ്പിക്കുന്നതിന് മുൻപ്, തള്ളിപ്പറയുന്നതിന് മുൻപ് ഞാനീ പ്രസ്ഥാനത്തിലുണ്ടായിരുന്നു. അഞ്ച് കിലോമീറ്റർ അപ്പുറത്തൊരു സഖാവിന് കുത്തേൽക്കുമ്പോൾ രക്തം തിളച്ച് തിരിച്ചടിക്കാൻ വേണ്ടി സ്വന്തം ജീവനും ജീവിതവും മറന്ന് തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലിൽ കിടന്നിട്ടുമുണ്ട്’, ഫേയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
‘ഈ പാർട്ടിയുടെ പ്രതിസന്ധികളിലെല്ലാം പേനയുന്തിയതിനും പ്രതികരിച്ചതിനും കൊണ്ടൊക്കെ കൂടിയാണ് ഞാൻ കള്ളക്കേസിൽ ജയിലിലടക്കപ്പെട്ടത്. മയ്യിലൊരു സഖാക്കളെ ആക്രമിച്ചിരുന്ന കോൺഗ്രസ് ക്രിമിനലിന് പോലീസിന്റെ അടികിട്ടിയപ്പോൾ അയാളെ വീട്ടിൽ പോയി കണ്ട് ആശ്വസിപ്പിച്ചതിന്റെ ഒരു ശതമാനം പോലും ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ, പിന്തുണ വേണ്ട, പിന്നിൽ നിന്ന് കുത്തരുത്...’, ആയങ്കിയുടെ കുറിപ്പിൽ പറയുന്നു.
ഓപ്പറേഷൻ തൂഫാൻപോലെ ക്രിമിനൽ കേസുകളിലെ പ്രതിയായ അർജുൻ ആയങ്കിയെ തൂക്കണമെന്നായിരുന്നു എം.വി. ജയരാജൻ പറഞ്ഞത്. ക്വട്ടേഷൻ സംഘത്തിന്റെ ഒരു പിന്തുണയും സി.പി.എമ്മിനോ ഇടതുപക്ഷത്തിനോ ആവശ്യമില്ല. സാമൂഹികമാധ്യമംവഴി അവർ സി.പി.എമ്മിന്റെ ആശയപ്രചാരണം നടത്തേണ്ടതുമില്ല. അവരെ ആരെങ്കിലും പിന്തുണയ്ക്കുന്നുവെങ്കിൽ, അവർ ക്രിമിനലുകേളേയും ക്വട്ടേഷൻ സംഘാംഗങ്ങളേയുമാണ് പിന്തുണയ്ക്കുന്നത് എന്ന് കരുതുക. ക്വട്ടേഷൻ സംഘത്തിന് പാർട്ടിയോ രാഷ്ട്രീയമോ ഇല്ല. അർജുൻ വളർന്ന പാർട്ടി ക്വട്ടേഷൻ പാർട്ടിയാണെന്നും എം.വി. ജയരാജൻ പറഞ്ഞിരുന്നു.
Content Highlights: Arjun Ayanki criticizes mv Jayarajan via Facebook post., Ayanki claims he was targeted for supporting the party during crises., mv Jayarajan had previously distanced the CPM from quotation gangs., Ayanki demands that the party stops labeling him while acknowledging his past contributions.