എല്ലാം ചെയ്തത് ഒറ്റയ്ക്കെന്ന് അർജുൻ ആയങ്കി; ഐ ഫോൺ കണ്ടെത്താൻ പോലീസ്, മൂന്നുദിവസം പോലീസ് കസ്റ്റഡിയിൽ

തലശ്ശേരി: പോലീസിനെയും ആഭ്യന്തരമന്ത്രിയെയും സാമൂഹികമാധ്യമങ്ങളിലൂടെ വെല്ലുവിളിച്ചതിന് റിമാൻഡിലായ അർജുൻ ആയങ്കിയെ കോടതി മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ അന്വേഷണസംഘം ചോദ്യംചെയ്യാൻ തുടങ്ങി. തലശ്ശേരി സബ് ജയിലിൽ റിമാൻഡിലായിരുന്ന അർജുൻ ആയങ്കിയെ ചൊവ്വാഴ്ച രാവിലെയാണ് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയത്. കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ ഹർജിയിൽ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. അഞ്ചുദിവസത്തെ കസ്റ്റഡി പോലീസ് ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേറ്റ് ബി. കരുണാകരൻ മൂന്നുദിവസം അനുവദിച്ചു.
പ്രതിയിൽനിന്ന് കണ്ടെടുത്ത മൊബൈൽഫോണിന്റെ പേരുൾപ്പെടെയുള്ള വിവരം റിമാൻഡ് റിപ്പോർട്ടിൽ ഉൾപ്പെടുത്താത്തത് പ്രതിഭാഗം അഭിഭാഷകൻ എം.കെ. ഹസൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് വ്യാജ തെളിവുകൾ സൃഷ്ടിക്കാൻ വേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കണ്ടെടുത്ത ഫോൺ സംബന്ധിച്ച വിവരം അന്വേഷണ ഉദ്യോഗസ്ഥനായ എസ്.വി. മിഥുൻ കോടതിയെ അറിയിച്ചു. പ്രതി ഉപയോഗിച്ചത് ഐ ഫോൺ ആണെന്നും കണ്ടെടുത്തത് ഐ ഫോൺ അല്ലെന്നുമാണ് അന്വേഷണസംഘത്തിന്റെ നിലപാട്. പ്രോസിക്യൂഷനുവേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ കെ. ശ്രീജ ഹാജരായി.
‘എല്ലാം ചെയ്തത് ഞാൻതന്നെ’ എന്ന് കോടതിയിൽനിന്ന് പുറത്തിറങ്ങുമ്പോൾ അർജുൻ ആയങ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കീഴടങ്ങാൻ തന്റെ ഫ്ളാറ്റിൽ എത്തിയപ്പോഴാണ് അറസ്റ്റിലായതെന്ന് അഡ്വ. ഡെലീറ്റ ടൈറ്റസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Content Highlights: Arjun Ayanki granted three-day police custody by Thalassery Chief Judicial Magistrate Court., Booked for challenging the police and Home Minister via social media., Controversy arose regarding the mobile phone seized during the investigation., Ayanki claimed responsibility outside the court to reporters.