ആയങ്കിയെ ഓടിച്ചിട്ട് പിടിച്ച് പോലീസ്, സ്റ്റേഷനിൽ പത്രവായന, കടലിൽ കാണാതായവരെ കിട്ടിയോ? എന്ന് പരിഹാസം

#ന്യൂസ് ഡെസ്ക്
അർജുൻ ആയങ്കി
അർജുൻ ആയങ്കി

കണ്ണൂർ: പോലീസ് പിടിയിലായിട്ടും സർക്കാരിനെതിരെ പരിഹാസം തുടർന്ന് അർജുൻ ആയങ്കി. കടലിൽ കാണാതായവരെ കിട്ടിയോ? എന്നായിരുന്നു അർജുന്റെ ചോദ്യം. വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി തിരികെ കൊണ്ടുവരുമ്പോഴായിരുന്നു വിമർശനം. അർജുനെതിരെ കണ്ണൂരിലും ഒരു കേസുണ്ട്. ഈ കേസിൽ അറസ്റ്റ് രേഖപ്പെടുത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

ഞായറാഴ്ച പുലർച്ചെയാണ് അർജുനെ കണ്ണൂർ തളിപ്പറമ്പിലെ അഭിഭാഷകയുടെ ഫ്ലാറ്റിൽനിന്നു പിടികൂടിയത്. അഭിഭാഷകയെ കാണാനെത്തിയത് ഓട്ടോറിക്ഷയിലായിരുന്നു. ഓട്ടോ ഡ്രൈവർ ഈ സംശയം പോലീസിനെ അറിയിക്കുകയും പോലീസ് ഉടനെ സ്ഥലത്തെത്തുകയുമായിരുന്നു. പിന്നാലെ ഇയാളെ പോലീസ് ഓടിച്ചിട്ട് സാഹസികമായാണ് പിടികൂടിയതെന്നാണ് വിവരം.

ഇന്നലെയാണ് അർജുൻ കണ്ണൂർ ടൗണിലെത്തിയതെന്നാണ് വിവരം. അർജുന്റെ ശൈലിയെ കുറിച്ച് കൃത്യമായ ബോധമുള്ള വളപട്ടണം പോലീസിന്റെ കൃത്യമായ ഇടപെടലാണ് പ്രതിയെ പിടികൂടാൻ പ്രധാനമായും സഹായിച്ചത്. സ്റ്റേഷനിലെത്തിച്ച പ്രതി വളരെ സ്വാഭാവികമായി പത്രവായനയിലായിരുന്നു.

സംസ്ഥാനത്തിനകത്തും പുറത്തും അർജുൻ ആയങ്കിക്കായി വ്യാപകമായ അന്വേഷണമാണ് പോലീസ് നടത്തിയത്. ഇതിനിടെ സാമൂഹികമാധ്യമങ്ങളിലൂടെ ഇയാൾ പ്രകോപനം തുടർന്നിരുന്നു. വാഹനങ്ങൾ മാറിമാറി ഉപയോഗിച്ചും മൊബൈൽ ഫോൺ വഴിതെറ്റിച്ചും അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചുമാണ് അർജുൻ ആയങ്കി ഈ ദിവസങ്ങളിൽ യാത്രചെയ്തിരുന്നത്. കഴിഞ്ഞദിവസം ഇയാൾ തൃശ്ശൂരിൽ ഉണ്ടായിരുന്നുവെന്ന സൂചന ലഭിച്ചെങ്കിലും പോലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Content Highlights: Arjun Azyanki arrested in Kannur after a dramatic chase.